ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്ന ഷാരോണിന്റെ മരണമൊഴി നിര്‍ണ്ണായകമായി; ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന വിശ്വാസവും സെക്‌സ്ചാറ്റും ജ്യൂസ് ചാലഞ്ചും കഷായ വിഷവും; കുറ്റപത്രം നല്‍കിയത് 85-ാം ദിവസം; ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയ ആത്മവിശ്വാസം പൊളിച്ച വിധി; ഹൊറര്‍ സിനിമയെ വെല്ലും കൊല

Update: 2025-01-17 06:34 GMT

തിരുവനന്തപുരം: ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് പ്രണയ ചതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും.

ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍ രാജ്. കഴിഞ്ഞ ഒക്ടോബര്‍ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്നു ഷാരോണ്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുന്‍പ് പിതാവ് ജയരാജിനോടും ഷാരോണ്‍ പറഞ്ഞിരുന്നു.

അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കുടിപ്പിക്കല്‍ ചാലഞ്ച് നടത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ കൊലപാതകത്തിനു രണ്ടു മാസം മുന്‍പും ഗ്രീഷ്മ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളഞ്ഞു. അമിത അളവില്‍ ഈ മരുന്നു കഴിച്ചാലുള്ള ആഘാതങ്ങളെക്കുറിച്ച് ഈ സംഭവം നടന്ന ദിവസം രാവിലെ ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയത് പൊലീസ് കണ്ടെത്തി. ഷാരോണിന് വിഷം നല്‍കിയ ദിവസം രാവിലെയും വിഷത്തിന്റെ പ്രവര്‍ത്തന രീതിയെപ്പറ്റി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തി. പലതവണ അഭ്യര്‍ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ തിരികെ നല്‍കാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ഗ്രീഷ്മയുടെ മൊഴി. കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയില്ലെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഷാരോണിന്റെ അസ്വാഭാവിക മരണത്തില്‍ ഗ്രീഷ്മ അറസ്റ്റിലായ ശേഷം 85-ാം ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷാരോണിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു. ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഇത് നടപ്പിലാക്കിയെങ്കിലും ലക്ഷ്യം വിജയിച്ചില്ല. ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനുപിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഒരുവര്‍ഷത്തോളം പ്രണയിച്ച് ഒടുവില്‍ ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ള മറ്റൊരു യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ പലപ്പോഴായി നടത്തിയ ശ്രമമാണ് 2022 ഒക്ടോബര്‍ 14 ന് കഷായത്തില്‍ വിഷം നല്‍കിക്കൊണ്ട് ഗ്രീഷ്മ സാധിച്ചത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചാലഞ്ച് നടത്തിയും ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം പറഞ്ഞുമെല്ലാം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇതെല്ലാം പരാജയപ്പെട്ടെങ്കിലും ഒടുവില്‍ കഷായത്തില്‍ വിഷംകലര്‍ത്തി നല്‍കി നടത്തിയ ശ്രമത്തില്‍ ഷാരോണ്‍ കൊല്ലപ്പെടുകയായിരുന്നു.

ഈ കേസിന്റെ തുടക്കം മുതല്‍ തന്നെ വലിയ ആസൂത്രണമാണ് ഗ്രീഷ്മ നടത്തിയത്. ആരും ചിന്തിക്കാത്ത വഴിയിലൂടെ കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠിത്തകാര്യത്തില്‍ മിടുമിടുക്കിയായിരുന്നു. ഒപ്പം ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധികയും. തമിഴ്നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നും ബി എ ഇംഗ്ലിഷ് സാഹിത്യത്തില്‍ 4-ാം റാങ്ക് നേടിയിരുന്നു. കാമുകനെ ഇല്ലാത്താക്കാന്‍ അതിക്രൂരമായ രീതി തിരഞ്ഞെടുത്ത് ഹൊറന്‍ സിനിമകളുടെ സ്വാധീനമാണെന്നാണ് സൂചനകള്‍. അന്വേഷണത്തെയും പൊലീസിന്റെ ചോദ്യംചെയ്യലിനെയും നേരിടാന്‍ രേഷ്മയ്ക്ക് ധൈര്യം നല്‍കിയതും ഈ ഹൊറര്‍ പ്രേമമായിരുന്നു.

ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നല്‍കുന്നതിനോ ഷാരോണ്‍ തയ്യാറായില്ല. ഇവ പ്രതിശ്രുത വരന് ഷാരോണ്‍ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും പോലീസിന് കിട്ടിയതുമില്ല.

Similar News