കരിമ്പട്ടികയില്‍ പെട്ട റഷ്യന്‍ കമ്പനിക്ക് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് രഹസ്യസ്വഭാവം ഉള്ള സാങ്കേതിക വിദ്യ കൈമാറിയോ? ബ്രീട്ടിഷ് എയ്‌റോസ്‌പേസ് നിര്‍മ്മാതാക്കളായ എച്ആര്‍ സ്മിത്ത് ഗ്രൂപ്പും റോസോബൊറോണ്‍ എക്‌സ്‌പോര്‍ട്ടും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍; ആരോപണങ്ങള്‍ പാടേ തള്ളി കേന്ദ്ര സര്‍ക്കാര്‍
റഷ്യന്‍ കമ്പനിക്ക് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് രഹസ്യസ്വഭാവം ഉള്ള സാങ്കേതിക വിദ്യ കൈമാറിയോ?
ന്യൂഡല്‍ഹി: റഷ്യക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന കരിമ്പട്ടികയില്‍ പെടുത്തിയ ഏജന്‍സിക്ക് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സുപ്രധാനമായ രഹസ്യസ്വഭാവമുള്ള സാങ്കേതിക വിദ്യ കൈമാറിയോ? സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, ഡിഫന്‍സ് കമ്പനിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസിലാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് വസ്തുതാപരമായി തെറ്റാണെന്നും, തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാഷ്ട്രീയ പ്രചാരണത്തിന് ഉതകും വിധം വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുകയാണെന്ന് മന്ത്രാലയം പറഞ്ഞു. രാജ്യാന്തരതലത്തിലുള്ള തന്ത്രപ്രധാന വാണിജ്യ കരാര്‍ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് എച്എഎല്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും മുമ്പ് പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ മതിയായ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
റഷ്യന്‍ ആയുധ വിതരണക്കാരന് കൈമാറിയ ആയുധങ്ങളുടെ ഭാഗങ്ങള്‍ വിറ്റത് റിഫോം യുകെ പാര്‍ട്ടിയുടെ (യുകെയിലെ വലതുപക്ഷ പാര്‍ട്ടി)മുഖ്യദാതാവ് എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തിന്റെ തലക്കെട്ട്. ബ്രിട്ടീഷ് എയ്‌റോസ്‌പേസ് നിര്‍മ്മാതാക്കളായ എച്ആര്‍ സ്മിത്ത് ഗ്രൂപ്പ് എച്ച്എഎല്‍ വഴി 20 ലക്ഷം ട്രാന്‍സ്മിറ്ററുകള്‍, കോക്പിറ്റ് ഉപകരണങ്ങള്‍, മറ്റുസുപ്രധാന സാങ്കേതിക വിദ്യ എന്നിവ വിറ്റു എന്നാണ് ആരോപണം. യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഈ ഉപകരണങ്ങള്‍ ഒന്നും ബ്രിട്ടീഷുകാരോ, അമേരിക്കക്കാരോ റഷ്യക്ക് വില്‍ക്കാന്‍ പാടുള്ളതല്ല.
ചില സന്ദര്‍ഭങ്ങളില്‍, എച്ച്എഎല്ലിന് എച്ച്ആര്‍ സ്മിത്തില്‍ നിന്ന് കപ്പല്‍ വഴി ചരക്കെത്തിയെന്നും അത് ദിവസങ്ങള്‍ക്കം റഷ്യയിലേക്ക് അതേ പ്രോഡക്റ്റ് കോഡോടെ കയറ്റി അയച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 നും 2024 നും ഇടയില്‍ എച്ച് എ എല്ലിന് എച്ച് ആര്‍ സ്മിത്തില്‍ നിന്ന് ഇത്തരത്തില്‍, 118 കയറ്റുമതി ചരക്കുകള്‍ എത്തിയെന്നും അതിന് 20 ലക്ഷം ഡോളര്‍ മൂല്യം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതേ കാലയളവില്‍, ഇതേ ഉപകരണങ്ങള്‍ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന് 13 തവണ കയറ്റി അയച്ചു. റോസോ ബൊറോണ്‍ അമേരിക്കയും, യുകെയും കരിമ്പട്ടികയില്‍ പെടുത്തിയ റഷ്യന്‍ ആയുധ ഏജന്‍സിയാണ്. 14 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയായിരുന്നു അത്. എച്ചഎഎല്ലിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളില്‍ പെട്ട കമ്പനിയാണ് റോസോബൊറോണ്‍ എക്‌സ്‌പോര്‍ട്ട്.