ലോകത്തിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങുന്നു; ജൈവവൈവിധ്യ ഉച്ചകോടിയിലെ ശാസ്ത്രജ്ഞര്‍ ലോകത്തിന് നല്‍കുന്നത് വലിയ മുന്നറിയിപ്പ്; നീര്‍നായകളുടെയും ധ്രുവക്കരടികളുടെയും എണ്ണത്തിലും കുറവ്; ആഗോള താപനം വലിയ വെല്ലുവിളി

ലോകത്തിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങുന്നു

Update: 2025-10-11 06:43 GMT

ദുബായ്: ലോകത്തിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങുകയാണ്. അതിനിടെയാണ് വംശനാശ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രമുഖരായ ഗവേഷകര്‍ പങ്കെടുക്കുന്ന ഉച്ചകോടി ഇപ്പോള്‍ നടക്കുന്നത്. ഒരു പുതിയ ആഗോള വിലയിരുത്തല്‍ പ്രകാരം ഭൂമിയിലെ പകുതിയിലധികം പക്ഷി ജീവിവര്‍ഗങ്ങളും വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വനനശീകരണമാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

യു.എ.ഇയില്‍ നടക്കുന്ന ഒരു സുപ്രധാന ജൈവവൈവിധ്യ ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് പക്ഷി ജീവി വര്‍ഗ്ഗങ്ങളുടെ എണ്ണം അപകടകരമായി കുറയുന്നത് സംബന്ധിച്ച് ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉച്ചകോടിയില്‍ വിലയിരുത്തപ്പെട്ട ഒരു പ്രധാന കാര്യം 61 ശതമാനം പക്ഷിജീവികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

മഡഗാസ്‌കറിലെ ഷ്ലെഗല്‍ മുതല്‍ മധ്യ അമേരിക്കയിലെ നൈറ്റിംഗേല്‍-റെന്‍ വരെ, നിരവധി പക്ഷി ജീവിവര്‍ഗങ്ങള്‍ക്ക് ആവാസവ്യവസ്ഥ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒന്‍പത് വര്‍ഷം മുമ്പ്, പക്ഷി ജീവിവര്‍ഗങ്ങളില്‍ 44% എണ്ണത്തിലും എണ്ണം കുറഞ്ഞുവരികയായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ

പട്ടികയില്‍ പറയുന്നുണ്ടായിരുന്നു.

ലോകത്തിലെ പക്ഷി ജീവിവര്‍ഗങ്ങളില്‍ അഞ്ചില്‍ മൂന്നെണ്ണത്തിനും ജനസംഖ്യ കുറയുന്നത് ജൈവവൈവിധ്യ പ്രതിസന്ധി എത്രത്തോളം ആഴത്തിലാണ ്എന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കുന്നത്. പൂക്കളില്‍ പരാഗണം നടത്താനും വിത്തുകള്‍ വിതറാനും കീടങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന ആവാസവ്യവസ്ഥയില്‍ പക്ഷികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന വേഴാമ്പലുകള്‍ക്ക് ഒരു ചതുരശ്ര കിലോമീറ്ററില്‍ ഒരു ദിവസം 12,700 വലിയ വിത്തുകള്‍ വരെ വിതറാന്‍ കഴിയും.

പുനരുജ്ജീവനത്തിനായി മരങ്ങള്‍ പക്ഷികളെയും അതിജീവനത്തിനായി പക്ഷികള്‍ മരങ്ങളെയും ആശ്രയിക്കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. കടലാമകളുടെ കാര്യത്തിലും വലിയ തോതിലുള്ള വംശനാശ ഭീഷണി ഉള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അസന്‍ഷന്‍ ദ്വീപ്, ബ്രസീല്‍, മെക്സിക്കോ, ഹവായ് എന്നിവിടങ്ങളിലെ കൂടുകൂട്ടല്‍ സ്ഥലങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കിയതിന്റെ ഫലമായി 1970 കള്‍ മുതല്‍ കടലാമകളുടെ എണ്ണത്തില്‍ 28% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

നീര്‍നായകളുടെ എണ്ണവും ആഗോള താപനത്തിന്റെ ഫലമായി വലിയ തോതില്‍ കുറഞ്ഞു വരികയാണ്. ധ്രുവക്കരടികള്‍ക്ക് ഇവ ഒരു പ്രധാന ഇരയാണ്. ഇവയുടെ നഷ്ടം ഇതിനെയും ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ കണക്ക് കൂട്ടുന്നു.

Tags:    

Similar News