പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം കാറില്‍ പിന്തുടര്‍ന്ന് ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷ്മി മേനോന്‍; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദം
നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടിയുടെ അറസ്റ്റ് ഓണം അവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് കോടതി തടഞ്ഞിരിക്കുന്നത്.
പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ലക്ഷ്മി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചു. ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരന്‍ കാറില്‍ പിന്തുടരുകയും ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോന്‍ പറയുന്നു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കം. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ മൂന്നുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്‌തെങ്കിലും ഈ സംഘത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മി മേനോനെ കണ്ടെത്താനായിരുന്നില്ല. അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. അതിനിടെ, നടിയും സംഘവും ഐടി ജീവനക്കാരന്റെ കാര്‍ തടയുന്നതിന്റെയും പരാക്രമം കാട്ടുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഐ ടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തില്‍ ഒരു തായ്ലന്‍ഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ട സംഘത്തിലെ ചിലര്‍ അധികസമയം സംസാരിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി നോര്‍ത്തിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപ്പോയി മര്‍ദ്ദിച്ചത്.
പിന്നീട് ബാറിന് പുറത്തുവച്ച് തര്‍ക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ ബിയര്‍ ബോട്ടില്‍ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ വെടിമറയില്‍ എത്തിച്ച് മര്‍ദ്ദിച്ച ശേഷം പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിന്റെ കാറില്‍ ഉണ്ടായിരുന്ന ലക്ഷ്മി മേനോന്‍ ആലുവയില്‍ ഇറങ്ങിയ ശേഷമാണ് യുവാവിനെ വെടിമറയില്‍ എത്തിച്ചു മര്‍ദ്ദിച്ചത്.
തര്‍ക്കത്തിന് പിന്നാലെ ഐടി ജീവനക്കാരനും കൂട്ടരും കാറുമായി പുറത്തേക്ക് പോയപ്പോള്‍ നടിയും കൂട്ടാളികളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ഐടി ജീവനക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയുംചെയ്തു. തുടര്‍ന്ന് ഐടി ജീവനക്കാരനെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കിയാണ് നോര്‍ത്ത് പോലീസ് കേസെടുത്തത്. ലക്ഷ്മി മേനോന്റെ വീട്ടില്‍ അടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. . കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാളുടെ സുഹൃത്താണ് ലക്ഷ്മി മേനോന്‍ എന്നാണ് വിവരം.
അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ ഐടി ജീവനക്കാരന്റെ സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യക്കുപ്പി എറിഞ്ഞ് തന്നെ പരിക്കേല്‍പ്പിച്ചെന്നാണ് സോനമോള്‍ ഇയാള്‍ക്കെതിരേ നല്‍കിയ പരാതി. കേസിലെ പ്രതിയായ ലക്ഷ്മി മേനോന്‍ മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ്. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്.