ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരില്‍ തുടങ്ങിയ തട്ടിപ്പ് മണിച്ചെയിനും ഒടിടിയും കടന്ന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ എത്തി; പ്രതാപന്റേയും ഭാര്യയുടേയും സ്വത്തെല്ലാം കണ്ടുകെട്ടി കോടതി നല്‍കുന്നത് സാമ്പത്തിക തട്ടിപ്പുകാരെ പൂട്ടേണ്ടതിന്റെ സന്ദേശം; ഹൈറിച്ചുകാര്‍ക്ക് എല്ലാം നഷ്ടം; ഡീലര്‍മാരും കുടുങ്ങും
തൃശ്ശൂര്‍: ഹൈറിച്ച് തട്ടിപ്പില്‍ നിര്‍ണ്ണായക ഇടപെടലുമായി ജ്യുഡീഷ്യറി. സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെയും നടത്തിപ്പുകാരുടെയും മുഴുവന്‍ സ്വത്തും കണ്ടുകെട്ടാനാണ് കോടതിയുത്തരവ്. തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എം. രതീഷ്‌കുമാറിന്റേതാണ് ഉത്തരവ്. നേരത്തേ സ്വത്ത് താത്കാലികമായി ജപ്തിചെയ്ത് ഉത്തരവിറങ്ങിയിരുന്നു. ഇത് സ്ഥിരപ്പെടുത്തുകയാണ് കോടതി. കമ്പനി പുറപ്പെടുവിച്ച ബോണ്ടുകള്‍ അടക്കമുള്ള രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ബോണ്ടുകള്‍ വ്യാജമാണെന്ന് പ്രതിഭാഗം വാദമുന്നയിച്ചു. ഇത് കോടതി കാര്യമായി മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെ മാതൃകാപരമായ നടപടിയിലേക്ക കോടതി കടന്നു. പാവങ്ങളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കി ശതകോടികളുണ്ടാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കോടതി ഇടപെടല്‍.
ഹൈറിച്ചിന്റെയും നടത്തിപ്പുകാരുടെയും സ്വത്തും ബാങ്ക് അക്കൗണ്ടുകളും വാഹനങ്ങളും മറ്റുമാണ് സ്ഥിരമായി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. മണിച്ചെയിന്‍ മാതൃകയിലുളള 3,000 കോടിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പാണ് കമ്പനി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ആറാട്ടുപുഴ കൊല്ലാട്ട് പ്രതാപന്‍, ഭാര്യ ശ്രീനാ പ്രതാപന്‍ എന്നിവരുടെ പേരിലുള്ള ഭൂസ്വത്തും 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടുന്നത്. വ്യത്യസ്ത പേരുകളിലുളള സ്‌കീമുകളിലേക്ക് വലിയ തുകകള്‍ വന്‍ പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപമായി സ്വീകരിച്ചും കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുമാണ് ഹൈറിച്ച് ഉടമകള്‍ തട്ടിപ്പു നടത്തിയത്. കേസില്‍
കമ്പനിയുടെ വെബ്‌സൈറ്റ് നിര്‍മിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറെക്കൊണ്ടു തന്നെ വെബ്‌സൈറ്റ് പരിശോധിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേകം ഹര്‍ജി ഫയല്‍ ചെയ്തു. ഇതിനൊപ്പം പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 70 രേഖകളും ഹാജരാക്കി. വെബ്‌സൈറ്റ് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നീക്കം. ഹൈറിച്ച് ഉടമ പ്രതാപന്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെയും, ഒടിടിയിടപാടുകളുടെയും പേരില്‍ ഹൈറിച്ച് ഉടമകളും ഡീലര്‍മാരും തട്ടിയെടുത്ത കോടികള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയതായി ഇഡിയുടെ കണ്ടെത്തിയിരുന്നു. കമ്പനി എംഡി കെ.ഡി. പ്രതാപന്റെയു ഭാര്യ ശ്രീന പ്രതാപന്റെയും സ്വകാര്യ വാലറ്റുകളിലേക്ക് ഇവ മാറ്റി നിക്ഷേപിച്ചതിന്റെ രേഖകളും ഇഡി കണ്ടെത്തിയിട്ടുണ്ട്. പ്രതാപന്‍ അറസ്റ്റിലായതിന് പിന്നാലെ കള്ളപ്പണമിടപാടുകളില്‍ മുഖ്യപങ്കാളികളായി കോടികള്‍ സമ്പാദിച്ച ഒരു ഡസനിലേറെ ഡീലര്‍മാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് ഇഡി.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരില്‍ തുടങ്ങിയ തട്ടിപ്പാണ് മണിച്ചെയിനും ഒടിടിയും കടന്ന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ എത്തിയത്. പുതിയൊരംഗത്തില്‍ നിന്ന് എണ്ണൂറു രൂപ വാങ്ങിയായിരുന്നു തട്ടിപ്പുകളുടെ തുടക്കം. ഈ അംഗം രണ്ട് പേരെ കൂടി ചേര്‍ത്തിയാല്‍ 100രൂപ വീതം കമ്മിഷന്‍. 1600 രൂപ കമ്പനിക്ക് വന്നാല്‍ അംഗത്തിന്റെ പോക്കറ്റില്‍ ഇരുനൂറ് രൂപ. അങ്ങനെ ഓരോ അംഗങ്ങള്‍ കൂടുന്നതിനനുസരിച്ച് നൂറു രൂപവീതം അംഗത്തിന്് കമ്മിഷന്‍ എന്ന വാഗ്ദാനം നല്‍കി പദ്ധതിയിലേക്ക് ആകര്‍ഷിച്ചത് സാധാരണകാരടക്കം ആയിരങ്ങളെയാണ്. ഇങ്ങനെ പത്ത് റൗണ്ട് പിന്നിട്ടാല്‍ അംഗങ്ങളുടെ എണ്ണം 2046ല്‍ എത്തും. അപ്പോള്‍ ആദ്യം 800 രൂപയിട്ട അംഗത്തിന് ലഭിക്കുന്നത് രണ്ട് ലക്ഷത്തിലേറെ രൂപ. കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ചാല്‍ 30റൗണ്ട് പിന്നിടുമ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഹൈറിച്ചിലെ അംഗങ്ങളാകേണ്ടതാണ്. അങ്ങനെ ശതകോടികള്‍ വാരിയെടുത്തു.
തട്ടിപ്പില്‍ കുരുങ്ങി 88ശതമാനം നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. ചുരുങ്ങിയത് 1160കോടി രൂപയെങ്കിലും തട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പദ്ധതിയില്‍ അംഗങ്ങളായ മിച്ചമുള്ള പന്ത്രണ്ട് ശതമാനം ആളുകളുടെ പോക്കറ്റിലാണ് ഈ പണമത്രയും വന്ന് നിറഞ്ഞത്. എംഡി കെ.ഡി. പ്രതാപനും കൂട്ടാളികളായ ലീഡര്‍മാരുമാണ് ഈ 12 ശതമാനം തട്ടിയെടുത്തത് എന്നാണ് കണ്ടെത്തല്‍. ഈ ഡീലര്‍മാര്‍ക്കും സ്വത്ത് നഷ്ടപ്പെടാന്‍ സ്ാധ്യത ഏറെയാണ്.