പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ ബാറ്റിങ്ങിലെ ബലഹീനത; തുടര്‍ മത്സരം മുതല്‍ സൂപ്പര്‍ എട്ടുവരെ സമാനതന്ത്രം പയറ്റി ഇന്ത്യയെ പ്രതിരോധത്തിലാക്കി എതിര്‍ടീമുകള്‍; അഭിഷേകിന് വെച്ച കെണിയില്‍ ഇന്നലെ വീണത് ഇഷാനാണെന്ന് മാത്രം; ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകം; തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ പഴിചാരുമ്പോള്‍ ഇന്ത്യക്ക് പിഴച്ചത് എവിടെ?

Update: 2026-02-23 06:43 GMT

അഹമ്മദാബാദ്: ഐസിസി ടൂര്‍ണ്ണമെന്റുകളിലെയും ടി20 മത്സരങ്ങളിലെയും വിജയപരമ്പര തുടരാന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയത് അക്ഷരാര്‍ത്ഥത്തില്‍ എട്ടിന്റെ പണി. ഇന്നലെ ഇന്ത്യ മത്സരം ജയിച്ചിരുന്നെങ്കില്‍ ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം വിജയമാകുമായിരുന്നു. പ്രോട്ടീസിന് എട്ടിന്റെ പണി കൊടുക്കാന്‍ പോയ ഇന്ത്യക്കാണ് പക്ഷെ എട്ടിന്റെ പണി കിട്ടിയത്. 76 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ റണ്‍റേറ്റില്‍ ഉള്‍പ്പടെ ഇന്ത്യ പിറകോട്ട് പോയി. അതിനാല്‍ തന്നെ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ പഴിചാരുമ്പോഴും ടീം സെലക്ഷന്‍ മുതല്‍ ബാറ്റിങ്ങ് ഓര്‍ഡര്‍ വരെ ഇന്ത്യക്ക് പാളിയതായി കാണാം. ടൂര്‍ണ്ണമെന്റിലെ തന്നെ ഇന്ത്യയുടെ ആദ്യത്തെ ചെയ്സിങ്ങായിരുന്നു ഇന്നലെത്തേത്. അതില്‍ തന്നെ ബലഹീനത വ്യക്തമാവുകയും ചെയ്തു.

പാക്കിസ്ഥാന്‍ പ്രയോഗിച്ച തന്ത്രം! ടീം സെലക്ഷന്‍ മുതല്‍ ബാറ്റിങ്ങ് ഓഡര്‍ വരെ പാളിച്ചകള്‍

ടോപ്പ് ഓഡറില്‍ ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്സമാന്‍മാരെ കുത്തിനിറയ്ക്കുന്ന ഇന്ത്യന്‍ രീതി ഇതിനോടകം ചര്‍ച്ചയായതാണ്. ഇത് തന്നെയാണ് ഇന്ത്യക്ക് ഇപ്പോള്‍ തലവേദനയാകുന്നതും. പാക്കിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും അവര്‍ ഒരുകാര്യം തുറന്നുകാട്ടിയിരുന്നു. അല്ലെങ്കില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രം പരീക്ഷിച്ചുവിജയിച്ചിരുന്നു. രണ്ടു ലെഫ്റ്റ് ഹാന്‍ഡേഴ്സിന് മുന്നിലേക്ക് ഒരു ഓഫ് സ്പിന്നര്‍ ഓപ്പണ്‍ ചെയ്യുക. അന്നത്തെ മത്സരത്തില്‍ ആ തന്ത്രം വിജയിക്കുകയും ചെയ്തു. അതിനുശേഷം നടന്ന ഇന്ത്യ നെതര്‍ലാന്റ് മത്സരത്തിലും ഇതേ തന്ത്രം അവര്‍ പ്രയോഗിച്ചു വിജയം കണ്ടു. ഇന്നലത്തെ മത്സരത്തിലും ഇതേ തന്ത്രം വിജയിച്ചു. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ആദ്യ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ മാര്‍ക്രം തന്നെ എത്തിയത്. ആദ്യത്തെ രണ്ടു മത്സരത്തിലും അഭിഷേക് ആയിരുന്നു ഇരയെങ്കില്‍ ഇന്നലെ അത് ഇഷാന്‍ ആയി.ടി 20 പോലൊരു മത്സരത്തില്‍ ഓപ്പണേഴ്സിന്റെ പരാജയം ടീമിനുണ്ടാക്കുന്ന തലവേദന ചെറുതല്ല.


ടീം സെലക്ഷന്‍ മുതല്‍ ബാറ്റിങ്ങ് ഓഡറില്‍ വരെ ഇന്ത്യയുടെ പാളിച്ചയാണ് ഇന്നലെ കണ്ടത്. വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ടീമിലെടുത്ത തീരുമാനം അമ്പേ പാളി. ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ ബാറ്റര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്, റിയാന്‍ റിക്കിള്‍ടണ്‍, ഡേവിഡ് മില്ലര്‍ എന്നിവരെ നിയന്ത്രിക്കാനാണ് ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറെ ടീമിലെടുത്തത്. എന്നാല്‍ സുന്ദര്‍ വരുന്നതിന് മുമ്പ് തന്നെ ഡി കോക്കും റിക്കിള്‍ടണും മടങ്ങിയതിനാല്‍ സുന്ദറിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. സുന്ദര്‍ പന്തെറിയാന്‍ എത്തുമ്പോഴേക്കും മില്ലര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും മറുവശത്ത് വലംകൈയനായ ഡെവാള്‍ഡ് ബ്രെവിസ് തകര്‍ത്തടിച്ചിരുന്നതിനാല്‍ രണ്ടോവര്‍ മാത്രാണ് സുന്ദര്‍ പന്തെറിഞ്ഞത്. 17 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നുമെടുക്കാന്‍ സുന്ദറിനായില്ല. ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ഇറങ്ങിയെങ്കിലും 11 പന്തില്‍ 11 റണ്‍സ് മാത്രമാണ് നേടാനായത്.

മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പരാജയപ്പെട്ടു. വരുണ്‍ ചക്രവര്‍ത്തി ധാരാളം റണ്‍സ് വിട്ടുകൊടുത്തപ്പോള്‍, വാഷിംഗ്ടണ്‍ സുന്ദറിന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായില്ല.തന്റെ അവസാന ഓവറിലാണ് വരുണ്‍ ചക്രവര്‍ത്തി ഡേവിഡ് മില്ലറെ വീഴ്ത്തിയത്. സുന്ദറും വരുണും ചേര്‍ന്നെറിഞ്ഞ ആറോവറില്‍ ദക്ഷിണാഫ്രിക്ക നേടിയത് 64 റണ്‍സായിരുന്നു. വീണത് ഒരേയൊരു വിക്കറ്റും. അഹമ്മദാബാദിലെ പിച്ചില്‍ ശരിയായ ലെങ്ത് കണ്ടെത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞില്ല. ലോകകപ്പിലെ ഗ്രപ്പ് മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചത് ആദ്യം ബാറ്റ് ചെയ്തപ്പോഴായിരുന്നു. ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ചേസ് ചെയ്യേണ്ടിവന്നിട്ടില്ല.



അമേരിക്കക്കെതിരെ 29 റണ്‍സിനും നമീബിയക്കെതിരെ 93 റണ്‍സിനും പാകിസ്ഥാനെതിരെ 61 റണ്‍സിനും നെതര്‍ലന്‍ഡ്സിനെതിരെ 17 റണ്‍സിനുമായിരുന്നു ഇന്ത്യ ജയിച്ചത്.എന്നാല്‍ അഹമ്മദാബാദില്‍ നിര്‍ണായക ടോസ് നഷ്ടമാകുകയും ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.



മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഈ ലോകകപ്പില്‍ അമേരിക്കക്ക് എതിരെയൊഴികെ ഇന്ത്യ കളിച്ച മത്സരങ്ങളിലെല്ലാം ഇഷാന്‍ കിഷന്‍ നല്‍കുന്ന മിന്നുന്ന തുടക്കങ്ങളാണ് പവര്‍ പ്ലേയില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.ഇഷാന്‍ പെട്ടെന്ന് പോയാല്‍ ടീം തകരുന്ന അവസ്ഥ സമീപകാല മത്സരങ്ങളില്‍ പ്രകടമായിരുന്നു.ഇന്നലെയും സംഭവിച്ചത് മറ്റൊന്നല്ല.എന്നാല്‍ അഭിഷേകിനെ വീഴ്ത്താനായി പവര്‍ പ്ലേയില്‍ പന്തെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തിന്റെ കെണിയില്‍ കിഷന്‍ ആദ്യ ഓവറില്‍ തന്നെ വീണതോടെ ഇന്ത്യയുടെ പ്രതീക്ഷ തെറ്റി.അഭിഷേക് ഒറു സിക്സും രണ്ട് ഫോറും അടിച്ച് നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല.ആക്രമണോത്സുകത ഇല്ലാത്തതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട തിലക് വര്‍മ്മ തുടക്കത്തിലെ വമ്പനടിക്ക് ശ്രമിച്ച് വീണതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി.

ബാറ്റിംഗില്‍ മികച്ച ഒരു കൂട്ടുകെട്ട് പോലും പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. സ്ഥിരതയോടെ കളിക്കുന്നതിന് പകരം അനാവശ്യമായി ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് തകരുകയായിരുന്നു.ഈ തോല്‍വിയോടെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ അടുത്ത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.തുടര്‍ പരാജയങ്ങളില്‍ വലയുമ്പോഴും അഭിഷേക് ശര്‍മയിലും തിലക് വര്‍മയിലും തുടരുന്ന അമിതമായ വിശ്വാസം ഇന്ത്യക്ക് തിരിച്ചടിയാവുകയാണ്.




ഇഷാന്‍ കിഷന് ഒരു മോശം ദിവസമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ കിഷന്‍ ആദ്യ ഓവറില്‍ മടങ്ങിയതോടെ തിലക് വര്‍മയുടെ ഇന്റന്റ് കൂടുതല്‍ പരീക്ഷിക്കപ്പെട്ടു.

ഒടുവില്‍ ഇന്റന്റ് തെളിയിക്കാനായി രണ്ടാം പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച് തിലക് മടങ്ങി. പലപപ്പോഴും ഏഴാമനും എട്ടാമനുമായി ഫിനിഷ് ചെയ്യാനിറങ്ങുന്ന റിങ്കു സിംഗിന് ഈ ലോകകപ്പില്‍ ആകെ കളിച്ചത് 29 പന്തുകളാണ്. അമേരിക്കക്കെതിരെ 14 പന്തില്‍ 6, നമീബിയക്കെതിരെ ആറ് പന്തില്‍ 1, പാകിസ്ഥാനെതിരെ 4 പന്തില്‍ 11, നെതര്‍ലന്‍ഡ്സിനെതിരെ 3 പന്തില്‍ 6 ദക്ഷിണാഫ്രിക്കക്കെതികെ 2 പന്തില്‍ 0 എന്നിങ്ങനെയാണ് റിങ്കുവിന്റെ പ്രകടനം. നേടിയത് 24 റണ്‍സും.എന്നിട്ടും ഇടം കൈയന്‍മാരുടെ ആധിപത്യമുള്ള ടീമില്‍ റിങ്കുവിന് പകരം വലംകൈയനായ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ ഇതുവരെ ടീം മാനേജ്മെന്റ് തയാറായാട്ടില്ല.



റണ്‍റേറ്റും കുത്തനെ വീണു.. സെമി മോഹങ്ങള്‍ ഇനി തുലാസില്‍

വിജയം മുന്നില്‍കണ്ട് ഇറങ്ങിയ സൂര്യകുമാര്‍ യാദവും സംഘവും ഒരു ഘട്ടത്തിലും വിജയലക്ഷ്യത്തിന് അടുത്തെത്തിയില്ല.വെറും 111 റണ്‍സിന് ഇന്ത്യ കൂടാരം കയറിയപ്പോള്‍ നേരിട്ടത് 76 റണ്‍സിന്റെ കനത്തതോല്‍വി.ഇതോടെ ഗ്രൂപ്പിലെ നെറ്റ് റണ്‍റേറ്റിലും ഇന്ത്യ പിന്നിലായി.സെമിഫൈനല്‍ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താന്‍ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.മത്സരങ്ങള്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ കുതിപ്പിനെ സ്വാധീനിക്കും.സൂപ്പര്‍ 8ല്‍ സിംബാബ്വെക്കും വെസ്റ്റ്

ഇന്‍ഡീസിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജിവന്‍മണപ്പോരാട്ടങ്ങളായി. സിംബാബ്വെക്കെതിരെയും വിന്‍ഡീസിനെതിരെയും ജയിച്ചാലും ഇന്ത്യക്കിനി സെമി സ്ഥാനം ഉറപ്പിക്കാനാവില്ല. അടുത്ത രണ്ട് കളികളില്‍ വമ്പന്‍ ജയം നേടിയാല്‍ മാത്രമെ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി മുന്നേറാനാവു.

ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ള ആദ്യ വഴി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുക എന്നതാണ്.സിംബാബ്വെയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ജയിച്ചാല്‍ ഇന്ത്യയ്ക്ക് നാല് പോയിന്റുകള്‍ ലഭിക്കും.എന്നാല്‍ മറ്റു ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിധി നിര്‍ണയിച്ചേക്കാം. ദക്ഷിണാഫ്രിക്ക തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരെണ്ണം തോല്‍ക്കുകയും,വിന്‍ഡീസ്-സിംബാബ്വെ മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് 4 പോയിന്റ് വീതമാകും.അത്തരമൊരു സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.അങ്ങിനെ വന്നാലും ഇന്ത്യയുടെ സാധ്യത നിലവിലെ സാഹചര്യത്തില്‍ മങ്ങും.ഇന്ന് നടക്കുന്ന സിംബാബ്വെ-വെസ്റ്റ് ഇന്‍ഡീസ് മത്സരഫലം ഇന്ത്യക്ക് നിര്‍ണായകമാണ്.

ഇന്ത്യക്കിനി ദുര്‍ബലരായ എതിരാളികളെന്ന് പറയാന്‍ ആരുമില്ല.സിംബാബ്വെ സൂപ്പര്‍ 8ലും അട്ടിമറി തുടര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും.ഇന്ത്യക്കുള്ള രണ്ടാമത്തെ സാധ്യത ഒരു മത്സരത്തില്‍ മാത്രം വിജയിക്കുന്നതാണ്.അങ്ങനെ വന്നാല്‍ ഇന്ത്യയുടെ സെമി പ്രവേശം തികച്ചും സങ്കീര്‍ണ്ണമാകും.ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായി വരും.



ഇക്കുറി പക്ഷെ അട്ടിമറി വീരന്‍മാരായ സിംബാബ്വെ ഓസ്ട്രേലിയയെയും ആതിഥേയരായ ശ്രീലങ്കയെയും അട്ടിമറിച്ചാണ് സൂപ്പര്‍ 8ല്‍ എത്തിയത്.ഇതും ഇന്ത്യക്ക് ആശങ്കയാണ്.കൂടാതെ വെസ്റ്റ് ഇന്‍ഡീസ്-സിംബാബ്വെ മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ തന്നെ ഇന്ത്യ പരാജയപ്പെടുത്തുകയും വേണം.ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്ക് രണ്ട് പോയിന്റ് വീതമാകും.ഇവിടെയും നെറ്റ് റണ്‍റേറ്റ് തന്നെയാകും നിര്‍ണ്ണായക ഘടകം.

ടൂര്‍ണമെന്റിലെ വരാനിരിക്കുന്ന മത്സരക്രമം ആരാധകര്‍ക്ക് ഏറെ ആകാംക്ഷ നല്‍കുന്നതാണ്.ഫെബ്രുവരി 23-ന് മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസും സിംബാബ്വെയും ഏറ്റുമുട്ടും.ഫെബ്രുവരി 26-ന് ഇന്ത്യ ചെന്നൈയില്‍ വെച്ച് സിംബാബ്വെയെ നേരിടുമ്പോള്‍ അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ മാര്‍ച്ച് 1-നാണ് നടക്കുന്നത്. കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പോരാട്ടമാകും ഇന്ത്യയുടെ സെമി സാധ്യതകളില്‍ അന്തിമ തീരുമാനമെടുക്കുക.

Tags:    

Similar News