ഹോട്ടലിലെ കോഫി മേക്കറിൽ അടിവസ്ത്രം കഴുകി 'യാത്രാ ഹാക്ക്'; 'ബുദ്ധി' ഉപദേശിച്ച ഇൻഫ്ലുവൻസർ കുടുങ്ങിയത് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനത്തിൽ; ഇനി ഹോട്ടൽ കാപ്പി കുടിക്കാൻ പേടിയെന്ന് നെറ്റിസൺസ്

Update: 2026-02-23 12:34 GMT

ലണ്ടൻ: ഹോട്ടൽ മുറിയിലെ കോഫി മേക്കറിൽ അടിവസ്ത്രം കഴുകി 'വിദ്യ' ഉപദേശിച്ച വിദേശ സഞ്ചാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. യാത്രാവേളയിലെ അടിയന്തര സാഹചര്യങ്ങൾക്കുള്ള 'ഹാക്ക്' എന്ന പേരിൽ ഇൻഫ്ലൂവൻസറായ താര വുഡ് പങ്കുവെച്ച വീഡിയോയാണ് വിവാദത്തിലായത്. വൃത്തിഹീനമായ പ്രവർത്തിക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

യാത്രയ്ക്കിടയിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ കോഫി മെഷീനിൽ നിക്ഷേപിച്ച് ചൂടുവെള്ളം ഓണാക്കി കഴുകാമെന്നും തുടർന്ന് ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കാമെന്നുമാണ് താര വീഡിയോയിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റായ സുഹൃത്തിൽ നിന്നാണ് താൻ ഈ തന്ത്രം പഠിച്ചതെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ, വീഡിയോയുടെ അവസാനം താൻ ഹോട്ടൽ മുറികളിലെ കോഫി മെഷീനിൽ നിന്ന് കാപ്പി കുടിക്കാറില്ലെന്ന് താരം കുറിച്ചതാണ് ആളുകളെ കൂടുതൽ ചൊടിപ്പിച്ചത്.

2025 നവംബറിൽ പങ്കുവെച്ച വീഡിയോ അടുത്തിടെ എക്‌സ് (X) അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. "നിങ്ങൾ എത്ര തവണ ഹോട്ടൽ മുറികളിലെ കോഫി കുടിച്ചിട്ടുണ്ട്?" എന്ന ചോദ്യത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് ബാക്ടീരിയകൾ പടരാൻ കാരണമാകുമെന്നും മറ്റുള്ളവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം പ്രവർത്തികൾ ലജ്ജാകരമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു.

ഹോട്ടൽ മുറികളിലെ കോഫി മെഷീനുകൾ ഉപയോഗിക്കാൻ ഇനി അറപ്പ് തോന്നുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. ഇൻഫ്ലൂവൻസർമാർ പ്രശസ്തിക്കായി എന്തും ചെയ്യുമെന്നതിന്റെ ഉദാഹരണമാണിതെന്നും വിമർശനമുയർന്നു.

Tags:    

Similar News