നഴ്സുമാര്‍ അടക്കമുള്ളവര്‍ക്കുവേണ്ടി വാതില്‍ തുറക്കാന്‍ ഇനിയും ബ്രിട്ടന്‍ ഏറെ വൈകും; അനുവദിക്കാവുന്നതിന്റെ മൂന്നിരട്ടി വിസ അനുവദിച്ചത് അന്വേഷിക്കാന്‍ ഹോം ഓഫീസിന് നിര്‍ദേശം: കോവിഡാനന്തര കാലത്തേ പിശക് തിരുത്തുന്നു
നഴ്സുമാര്‍ അടക്കമുള്ളവര്‍ക്കുവേണ്ടി വാതില്‍ തുറക്കാന്‍ ഇനിയും ബ്രിട്ടന്‍ ഏറെ വൈകും

ലണ്ടന്‍: അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഹോം ഓഫീസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വര്‍ക്കര്‍ വിസ നല്‍കുന്ന കാര്യത്തില്‍ ഉണ്ടായ വര്‍ദ്ധനവിന് കാരണമായ ഘടകങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഓഡിറ്റ് ഓഫീസ് (എന്‍ എ ഒ) ആണ് സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ചര്‍ച്ചാവിഷയമായ കുടിയേറ്റം പോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട നിരീക്ഷണം ആവശ്യമാണെന്നും അതില്‍ പറയുന്നു.
2020 ല്‍ ആദ്യം ഉദ്ദേശിച്ചതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കാന്‍ ഉണ്ടായ കാരണം ഹോം ഓഫീസ് ഇനിയും വിശദീകരിച്ചിട്ടില്ല മാത്രമല്ല, മതിയായ പഠനങ്ങള്‍ ഇല്ലാതെയും ഭവിഷ്യത്ത് എന്തെന്ന് വിശകലനം ചെയ്യാതെയും ഈ പദ്ധതി വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം കൈക്കൊണ്ടതായും എന്‍ എ ഒ ചൂണ്ടിക്കാട്ടുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസ റൂട്ടില്‍ മാറ്റങ്ങള്‍ കൊണ്ടു വരുമ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് മനസ്സിലാക്കുവാന്‍ ഹോം ഓഫീസും മറ്റ് വകുപ്പുകളും ഡാറ്റ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കണം എന്നും എന്‍ എ ഒ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗരേത് ഡേവീസ് ആവശ്യപ്പെട്ടു.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, വിസ ഉടമകള്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതൊന്നും മനസ്സിലാക്കാതെ വിസ സിസ്റ്റം മാനേജ് ചെയ്യുന്നതില്‍ ഹോം ഓഫീസിന് ചെലവാക്കുന്ന പണത്തിന്റെ മൂല്യം നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസ റൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് എന്‍ എ ഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ വിസ കാലാവധി കഴിയുന്നതിനു മുന്‍പായി വിസ ഉടമകളുടെ വ്യക്തിഗത സാഹചര്യങ്ങളും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വ്യക്തിഗത റിപ്പോര്‍ട്ട് ഈ വര്‍ഷം അന്ത്യത്തോടെ സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, സ്‌കില്‍ഡ് വര്‍ക്കര്‍ ക്ഷാമം എങ്ങനെ പരിഹരിക്കണം എന്നത് പഠിക്കുവാനായി വിവിധ മന്ത്രാലയങ്ങള്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്നും എന്‍ എ ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ എ ഒയുടെ പല നിര്‍ദ്ദേശങ്ങളും ഇതിനോടകം തന്നെ നടപ്പിലാക്കാന്‍ ആരംഭിച്ചതായി ഹോം ഓഫീസ് വക്താവ് അറിയിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഉള്‍പ്പടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.
താറുമാറായ ഇമിഗ്രേഷന്‍ സംവിധാനം, പൂനസ്ഥാപിക്കുന്നതിനായി മാറ്റങ്ങള്‍വരുത്തുമെന്നും അക്കാര്യത്തില്‍ അധികം വൈകാതെ ഒരു ധവളപത്രം ഇറക്കുമെന്നും ഹോം ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍, സ്‌കില്‍, വിസ സിസ്റ്റം എന്നിവ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നടപടികളാകും സ്വീകരിക്കുക. ഇതുവഴി ആഭ്യന്തരമായി തന്നെ ഒരു സ്‌കില്‍ വര്‍ക്കര്‍ സേനയെ രൂപീകരിക്കാന്‍ കഴിയുമെന്നും വിദേശ തോഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.