റബർ ബോർഡ് ജീവനക്കാർക്കായുള്ള ഹൗസിംഗ് പദ്ധതി പാതി വഴിയിൽ; വാഗ്ദാനം കടലാസുകളിൽ ഒതുങ്ങി; അംഗങ്ങളിൽ നിന്നും പണം കൈപ്പറ്റി 10 വർഷം പിന്നിടുന്നു; ജോലിയിൽ നിന്നും വിരമിച്ചവർക്കും ആധാരം രജിസ്റ്റർ ചെയ്യാനായില്ല; പദ്ധതിയിൽ ചേർന്ന അംഗങ്ങൾക്ക് വീടെന്ന സ്വപ്നം അകലെ

Update: 2025-03-05 07:49 GMT

കോട്ടയം: സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന റബർ ബോർഡ് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഭവനനിർമാണ പദ്ധതി എങ്ങും എത്താതെ പാതി വഴിയിൽ. പദ്ധതി ആരംഭിച്ച് 10 വർഷം കഴിഞ്ഞിട്ടും അംഗങ്ങൾക്ക് നിർമാണത്തിനായുള്ള സ്ഥലം വിതരണം ചെയ്യാനോ, പണികൾ പൂർത്തിയാക്കാനോ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. വാഗ്ദാനങ്ങൾ നിറവേറ്റാൻ കാല താമസം വന്നതോടെ ലക്ഷങ്ങൾ മുടക്കിയ 18 ഓളം അംഗങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റബർ ബോർഡ് ജീവനക്കാരുടെ ഭവനനിർമാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായാണ് സഹകരണ വകുപ്പിന്റെ കീഴിൽ പദ്ധതി ആരംഭിക്കുന്നത്. എന്നാൽ അംഗങ്ങളിൽ നിന്നും പണം കൈപ്പറ്റിയ ശേഷം കരാറിൽ പറഞ്ഞതിനേക്കാൾ തുക ആവശ്യപ്പെട്ടതോടെയാണ് പദ്ധതി പാതി വഴിയിൽ മുടങ്ങിയത്.

1989-ലാണ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. റബർ ബോർഡ് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി എന്ന പേരിലായിരുന്നു പ്രവർത്തനം. ഇതുവരെ 3 പദ്ധതികൾ ഹൗസിംഗ് സൊസൈയിറ്റിയുടെ കീഴിൽ പൂർത്തീകരിച്ചിരുന്നു. നാലാമത്തെ പദ്ധതിയാണ് തിരുവഞ്ചൂർ ഹൗസിംഗ് പ്രൊജക്ട്. ഈ പദ്ധതിയുടെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പാതി വഴിയിൽ മുടങ്ങി കിടക്കുന്നത്. 2014ൽ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 9 കോടിയോളം രൂപ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്തു. വസ്തു വിതരണം ചെയ്തു നൽകുന്നതിനായി അയർക്കുന്നം പഞ്ചായത്തിൽ മണർകാട് വില്ലേജിൽ അഞ്ചര ഏക്കറോളം സ്ഥലവും വാങ്ങി.

പ്ലോട്ടുകളായി തിരിച്ചു വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി പഞ്ചായത്തിൽ നിന്നും വികസന പെർമിറ്റും കരസ്ഥമാക്കി. 47 പ്ലോട്ടുകളായാണ് വസ്തു തിരിച്ചിരുന്നത്. പ്ലോട്ട് ഡെവലൊപ്മെൻറ് നടത്തി നിർമാണത്തിന് പാകമായ രീതിയിൽ വെള്ളം വൈദ്യുതി, മാലിന്യ സംസ്കരണ സംവിധാനം എല്ലാം വാഗ്ദാനം ചെയ്താണ് അംഗങ്ങളിൽ നിന്നും പണം കൈപ്പറ്റിയത്. എന്നാൽ തുടക്കത്തിൽ നിർദ്ദേശിച്ചിരുന്ന പണം കൈപ്പറ്റിയ ശേഷം പ്ലോട്ട് ഡെവലപ്മെന്റിനായി അധിക തുക ആവശ്യമാണെന്ന് ബോർഡ് അറിയിച്ചതോടെ അംഗങ്ങൾ ദുരിതത്തിലായി.

ലക്ഷങ്ങൾ മുടക്കിയ അംഗങ്ങൾക്ക് നീണ്ട 10 വർഷങ്ങൾക്ക് ശേഷവും ചീഫ് ടൗൺ പ്ലാനർ നിർദേശിച്ച പണികൾ പൂർത്തീകരിച്ചു ഹൗസ് പ്ലോട്ടുകൾ വിതരണം ചെയ്യാൻ ഭരണസമിതി തയ്യാറായിട്ടില്ലെന്നുമാണ് ആരോപണം. സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി റിയൽ എസ്റ്റേറ്റ് അപ്പെല്ലറ്റ് ട്രിബുണൽ എന്നീ വകുപ്പുകളും അതോറിറ്റികളും പരാതിക്കാർക്കു അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടും നാളിതുവരെ ന്യായമായ നടപടി സ്വീകരിക്കാൻ പദ്ധതിയുടെ ഭാരവാഹികൾക്ക് കഴിഞ്ഞിട്ടില്ല.

തദ്ദേശ വകുപ്പിലുള്ള ഉദ്യോഗസ്ഥർ സൊസൈറ്റിയുടെ ഭാരവാഹികൾക്ക് നിയമ ലംഘനം നടത്താൻ ഒത്താശ ചെയ്തു കൊടുക്കുകയാണെന്നുമാണ് അംഗങ്ങളുടെ ആരോപണം. പത്തു സെന്റ് പ്ലോട്ടുകൾക്കു അപേക്ഷിച്ച 29 പേരുടെ ആധാരം 2020ൽ തന്നെ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ 18 പേർക്ക് നാളിതുവരെ ആധാരം രജിസ്റ്റർ ചെയ്തു നൽകിയിട്ടില്ല. സർവീസിൽ ഇരുന്നപ്പോൾ പദ്ധതിയിൽ ചേർന്ന അംഗങ്ങൾ പലരും ജോലിയിൽ നിന്നും വിരമിച്ചു. സ്വന്തമായി വീടെന്ന സ്വപ്നം പലർക്കും സാക്ഷാത്കരിക്കാൻ കഴിയാതെയായി. മുടക്കിയ പണവും പദ്ധതി പ്രകാരമുള്ള സ്ഥലവും ലഭിക്കാതായതോടെ കോടതി കയറി ഇറങ്ങുകയാണ് അംഗങ്ങൾ.

Tags:    

Similar News