മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ കൈവിട്ട എം എം മണി; മറുകണ്ടം ചാടിയ ഗോപി കോട്ടമുറിക്കല്‍; തഴയപ്പെട്ടവരില്‍ സുരേഷ് കുറുപ്പും പി കൃഷ്ണപ്രസാദും; ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട ടി ശശിധരന്‍; പുറത്താക്കപ്പെട്ട ഷാജഹാന്‍; വി എസിനും എത്രയോ മുമ്പ് വിഎസ് ഗ്രൂപ്പ് ചാരമായപ്പോള്‍!
വി എസിനും എത്രയോ മുമ്പ് വിഎസ് ഗ്രൂപ്പ് ചാരമായപ്പോള്‍!
1990കളുടെ അവസാനം ആരംഭിച്ച് 2000ത്തിന്റെ ആദ്യദശകങ്ങളില്‍ ആളിക്കത്തി പിന്നീട് കെട്ടടങ്ങിയ സിപിഐമ്മിലെ വിഭാഗീയതയുടെ കാലത്ത് വിഎസ് പക്ഷം എന്ന പേരില്‍ അറിയപ്പെട്ട നേതാക്കള്‍ക്ക് പിന്നീട് പാര്‍ട്ടിയില്‍നിന്ന് കിട്ടിയത് കൊടിയ അവഗണന. നിരവധി പ്രദേശിക നേതാക്കള്‍ക്കാണ് വിഎസ് പക്ഷം എന്ന ചാപ്പയില്‍ പെട്ട് രാഷ്ട്രീയ ഭാവി കൂമ്പടഞ്ഞുപായത്. വിഎസ് ആരോഗ്യത്തോടെ സജീവമായിരുന്ന കാലത്തുതന്നെ പല നേതാക്കളും മറുകണ്ടം ചാടി. 2005ലെ മലപ്പുറം സമ്മേളനത്തിലെ തോല്‍വിയോടെ വിഎസ് പക്ഷത്തിന് തിരിച്ചടി തുടങ്ങി. 2016 മുതലുള്ള സമ്പുര്‍ണ്ണ പിണറായിസത്തിന്റെ കാലത്ത് വിഎസ് പക്ഷം പൂര്‍ണ്ണമായും ഇല്ലാതായി.
ടി ശശിധരന് സംഭവിച്ചത്?
വിഎസിന് ഒപ്പം നിന്നതിന്റെ പേരില്‍ രാഷ്ട്രീയ ഭാവി തുലഞ്ഞുപോയ എറ്റവും പ്രധാനപ്പെട്ട നേതാവാണ്, തൃശ്ശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐയുടെ തീപ്പൊരി നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി ശശിധരന്‍. സംസ്ഥാനക്കമ്മിറ്റിയില്‍ നിന്ന് നേരെ ബ്രാഞ്ചിലേക്കാണ ശശിധരന്‍ തരംതാഴ്ത്തപ്പെട്ടത്. അഞ്ചുമാസം പാര്‍ട്ടി അംഗത്വത്തില്‍ നിന്നുതന്നെ പുറത്തായി. പിന്നെ 17 വര്‍ഷം കീഴ്ഘടകത്തില്‍ പ്രതിരിച്ചുവരവിന്റെ പാതയിലെല്ലാം അദ്ദേഹം നിശബ്ദനായിരുന്നു. ഒരിക്കലും ആരോടും പ്രതികരിച്ചില്ല, മാധ്യമങ്ങളില്‍നിന്ന് അകന്നുനിന്നു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തന്റെ ചുമതലകള്‍ നിര്‍വഹിച്ചു.
1997-ല്‍ പാലക്കാട് സംസ്ഥാനസമ്മേളനത്തില്‍ മത്സരിച്ച് ജയിച്ചാണ് ശശിധരന്‍ സംസ്ഥാനസമിതിയില്‍ എത്തുന്നത്. അന്ന് കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു അദ്ദേഹം. വിഎസിന്റെ ആശീര്‍വാദത്തോടെയായിരുന്നു മല്‍സരം. 2002-ല്‍ കണ്ണൂര്‍ സമ്മേളനത്തില്‍ വീണ്ടും സംസ്ഥാന സമിതിയംഗമായി എന്നാല്‍, തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലെ വിഭാഗീയതക്ക് ഉത്തരവാദിയെന്ന നിലയില്‍ 2002 സെപ്റ്റംബറില്‍ ജില്ലാകമ്മറ്റിയിലേക്ക് തരംതാഴ്ത്തി. വെട്ടിനിരത്തേണ്ടവരുടെ ലിസ്ററ് ഒരു സിഗരറ്റ് കവറിന് പിന്നിലാക്കി എറിഞ്ഞുകൊടുത്തു എന്നായിരുന്നു ശശിധരന് നേരെയുണ്ടായിരുന്ന ആരോപണം.
2001-ല്‍ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച ടി. ശശിധരന്‍ പരാജയപ്പെട്ടിരുന്നു. ശശിധരന്‍ എന്ന പേരില്‍ അന്ന് മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ചു. 2006-ല്‍ ഇതേ മണ്ഡലത്തില്‍നിന്ന് മത്സരിച്ച സി.പി.എം. സ്ഥാനാര്‍ഥി സി.കെ. ചന്ദ്രനും പരാജയപ്പെട്ടു. എന്നാല്‍, ഈ പരാജയത്തിനു കാരണം ശശിധരന്റെ നേതൃത്വത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനമാണെന്നാരോപണമുയര്‍ന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെയും മറ്റ് രണ്ടുപേരുടെയും പേരില്‍ പാര്‍ട്ടി നടപടിയെടുത്തത്.
തുടര്‍ന്ന് അന്നമനട ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി 2007 മെയ് 22-നാണ് അന്നമനട ബ്രാഞ്ച് കമ്മിറ്റിയില്‍നിന്ന് ആറുമാസത്തേയ്ക്ക് ശശിധരനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ആറുമാസത്തെ സസ്‌പെന്‍ഷനുശേഷം ബ്രാഞ്ച് കമ്മിറ്റിയില്‍ തിരിച്ചെത്തിയ ശശിധരന്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകനായി തുടര്‍ന്നു. ഒപ്പം നല്ലൊരു കൃഷിക്കാരനുമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ മാള ഏരിയാ കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശംചെയ്തു. രണ്ടുതവണ അദ്ദേഹം മാള ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ല്‍ വീണ്ടും ജില്ലാകമറ്റിയംഗമായി. വിഎസ് പക്ഷവേട്ടയുടെ ഏറ്റവും വലിയ ഇരയാണ് ശശിധരന്‍. പക്ഷേ ഇപ്പോള്‍ അദ്ദേഹം ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാറില്ല.
സുരേഷ് കുറുപ്പ് മുതല്‍ കൃഷ്ണപ്രസാദ് വരെ
വിഎസ് പക്ഷം എന്ന ഷേഡ് തട്ടിയവര്‍പോലും പിണറായിക്കാലത്ത് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല. കോട്ടയത്ത് നിന്നുള്ള സുരേഷ് കുറുപ്പിന് സംഘടനാ രംഗത്ത് അര്‍ഹിച്ച പരിഗണന ലഭിക്കാതെ പോയത് വി എസ് പക്ഷംഎന്ന നിഴല്‍ ഒപ്പമുള്ളതിനാലായിരുന്നു. വി എസിനൊപ്പം ഉറച്ച് നിന്നതിന്റെ പേരിലാണ് എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും നിലവില്‍ കര്‍ഷക സംഘം അഖിലേന്ത്യാ ട്രഷററുമായ പി കൃഷ്ണപ്രസാദ് ഒരുഘട്ടത്തിലും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പോലും പരിഗണിക്കപ്പെടാത്തതെന്നും വാര്‍ത്തകള്‍ വന്നു.
ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കര്‍ഷക സമരത്തിന്റെ നേതൃനിരയുടെ ഭാഗമായിരുന്ന കൃഷ്ണപ്രസാദ് കേരളത്തില്‍ നിന്ന് തട്ടകം മാറിയിട്ട് പോലും കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തവണ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന സി ബി ദേവദര്‍ശനനെപ്പോലെ നിരവധിപ്പേര്‍ അര്‍ഹത ഉണ്ടായിട്ടും തഴയപ്പെട്ടത് പഴയ വി എസ് പക്ഷ നിലപാടിന്റെ പേരിലാണ് എന്നും നിരീക്ഷണങ്ങളുണ്ട്. കെഎസ്‌കെടിയു സംസ്ഥാന ട്രഷറര്‍ ആയ സി ബി ദേവദര്‍ശനനെ പരിഗണിക്കാതെ എറണാകുളത്ത് നിന്നും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത് കൊച്ചി മേയറായ എം അനില്‍ കുമാറായിരുന്നു.
എം എം മണിയടക്കം കാലുമാറുന്നു
അതുപോലെ ഒരുകാലത്ത് വിഎസിന്റെ വലംകൈ ആയിരുന്നു എംഎം മണിയടക്കം കാലുമാറുന്നതു കേരളം കണ്ടു. 2006-ല്‍ വിഎസിനെ മത്സരിപ്പിക്കാനും മുഖ്യമന്ത്രി ആക്കാനും മുന്നണിയില്‍ നിന്ന വിഎസ് പക്ഷത്തെ പ്രമുഖനായിരുന്ന ഇടുക്കി ജില്ലാ സെക്രട്ടറി കൂടിയായ മണിയാശാന്‍. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയായതോടെ മൂന്നാര്‍ ദൗത്യത്തിപേരില്‍ മണിയുമായി ഉടക്കി. മണിയുടെ സഹോദരന്‍ ലംബോധരന്റെതടക്കമുള്ള അനധികൃത കൈയേറ്റങ്ങള്‍ വിഎസ് അയച്ച 'പൂച്ചകള്‍' ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതോടെ മണി കാലുമാറി. പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും ഒന്നാം പിണറായി മന്ത്രിസഭയിലേയ്ക്കും അദ്ദേഹം പരിഗണിക്കപ്പെട്ടു
എറണാകുളത്തെ വിഎസ് പക്ഷത്തിന്റെ കുന്തമുന ആയിരുന്ന ഗോപി കോട്ടമുറക്കലില്‍ വിഎസിനെ തളളിപ്പറഞ്ഞതായിരുന്നു ഏറ്റവും പ്രധാനം. വിഎസ് ഗ്രൂപ്പ് പാര്‍ട്ടി പിളര്‍ത്താന്‍വരെ ലക്ഷ്യമിട്ടുവെന്ന ഗോപി കോട്ടമുറിക്കലിന്റെ ഉള്‍പാര്‍ട്ടി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരള ബാങ്ക് സ്ഥാപക പ്രസിഡന്റ് പദവ ഗോപിക്ക് കിട്ടിയതും, പിന്നീട് വിഎസ് വിരുദ്ധ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു. മറ്റൊരു വിഎസ് പക്ഷ നേതാവ് സി എസ് സുജാതക്കും തുടര്‍ച്ചയായ അവഗണനകളായിരുന്നു. വിഭാഗീയതയുടെ കനലുകള്‍ തീര്‍ത്തും കെട്ടുവെന്ന് ബോധ്യമായപ്പോഴാണ്, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്കും കേന്ദ്ര കമ്മിറ്റിയിലേയ്ക്കും ഇവരെ പരിഗണിച്ചത്. വിഎസിന്റെ പ്രതിഛായ മാറ്റുന്നതില്‍ ഗണ്യമായ പങ്കുവഹിച്ച, കെ എം ഷാജഹാനടക്കമുള്ളവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായി.
പ്രദീപ്കുമാര്‍ അടക്കം നിരവധിപേര്‍
അതുപോലെയായിരുന്നു, കോഴിക്കോട്ടെ തീപ്പൊരി നേതാവായിരുന്ന എ പ്രദീപ്കുമാറിനും സംഭവിച്ചത്. അറിയപ്പെടുന്ന വിഎസ് പക്ഷക്കാരനായിരുന്നു അദ്ദേഹം. അന്തരിച്ച മത്തായി ചാക്കോയോടൊപ്പം വി എസിനുവേണ്ടി, കോഴിക്കോട് ജില്ലയില്‍ കരുനീക്കം നടത്തിയ പ്രധാന നേതാവായിരുന്നു എ പ്രദീപ് കുമാര്‍. 2006ലെ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിന്റെ പ്രധാനനേതാവ് എ സുജനപാലിനെ കോഴിക്കോട് 1 മണ്ഡലത്തില്‍ പരാജയപ്പെടുത്തിയാണ് എ പ്രദീപ് കുമാര്‍ ആദ്യമായി നിയമസഭയിലേയ്ക്ക് എത്തുന്നത്. പിന്നീട് 2011ല്‍ മണ്ഡലം കോഴിക്കോട് നോര്‍ത്തായി മാറിയപ്പോഴും എ പ്രദീപ് കുമാര്‍ വിജയം ആവര്‍ത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടി നിയമസഭയില്‍ എത്തിയെങ്കിലും മന്ത്രി സ്ഥാനത്തേയ്ക്ക് എ പ്രദീപ് കുമാര്‍ പരിഗണിക്കപ്പെട്ടില്ല. ഈ തഴയല്‍ വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ പ്രദീപ് കുമാര്‍ നടത്തിയ വികസന മാതൃകകള്‍ അതിനകം വലിയ രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നിട്ടും അദ്ദേഹത്തിന് മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ പരാജയപ്പെട്ടത് പ്രദീപ് കുമാറിന്റെ രാഷ്ട്രീയ ഗ്രാഫിന്റെ മാറ്റ് കുറച്ചിരുന്നു. രണ്ട് തവണയില്‍ കൂടതല്‍ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന നിലപാട് സിപിഐഎം കര്‍ക്കശമായി നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ പാര്‍ലമെന്ററി രംഗത്ത് നിന്നും പ്രദീപ് കുമാര്‍ സംഘടനാ രംഗത്തേയ്ക്ക് മാറുകയായിരുന്നു. ഇപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. വിഭാഗീയത തീര്‍ത്തും അവസാനിച്ചു എന്നതിന്റെ സുചനയായിരുന്നു അത്.
അതുപോലെ തന്നെ വിഎസ് നഖശിഖാന്തം എതിര്‍ത്ത്, പുറത്താക്കിപ്പിച്ചവരും പാര്‍ട്ടിയില്‍ തിരിച്ചെത്തി. സ്ത്രീ പീഡന ആരോപണമടക്കം നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി ശശി 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സ്റ്റേറ്റ് കമ്മറ്റിയിലേക്ക് തിരിച്ചുവന്നത്. വൈകാതെ ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മാറി. ഇപ്പോള്‍ പഴയ വിഎസ് പക്ഷം എന്നത് പാര്‍ട്ടിയില്‍ പൊടിപോലുമില്ല എന്ന അവസ്ഥയിലായി.