നടന്മാര്‍ പണം നല്‍കിയത് മോഡലിന്; പാലക്കാട്ടുകാരിയിലൂടെ ആ പണം സുല്‍ത്താനയിലേക്കും; ഇടനില തെളിഞ്ഞത് തസ്ലീമയുടെ അക്കൗണ്ട് പരിശോധനയില്‍; പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പൂട്ടാന്‍ എക്‌സൈസ്; ആ യുവതി അഴിക്കുള്ളിലാകാന്‍ സാധ്യത ഏറെ; മലയാള സിനിമയെ ഞെട്ടിച്ച് ഇനിയും 'ഹൈബ്രിഡ് കഞ്ചാവ്' അറസ്റ്റുകള്‍ക്ക് സാധ്യത
കൊച്ചി: മലയാള സിനിമയെ ഞെട്ടിച്ച് ഇനിയും 'ഹൈബ്രിഡ് കഞ്ചാവ്' അറസ്റ്റുകള്‍ക്ക് സാധ്യത. രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ഇടനിലക്കാരി മോഡലിങ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന നിഗമനത്തില്‍ എക്‌സൈസ് എത്തുന്നത് തെളിവുകള്‍ വിശകലനം ചെയ്താണ്. നടന്‍മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. 28ന് ആലപ്പുഴയിലെ എക്‌സൈസ് ഓഫിസില്‍ ഹാജരാകാനാണു നോട്ടിസ്. അന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും. ചോദ്യം ചെയ്യലിന് യുവതി എത്തില്ലെന്നും സൂചനകളുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് യുവതി ശ്രമിച്ചേക്കും.
നടന്‍മാരും യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ എക്‌സൈസിനു ലഭിച്ചു. ഈ യുവതിയും തസ്ലിമയുമായും സാമ്പത്തിക ഇടപാടുണ്ട്. ഇതോടെയാണ് ഇവര്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്ന നിഗമനത്തില്‍ എക്‌സൈസ് എത്തിയത്. തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സാപ് ചാറ്റ്, ഷൈന്‍ ടോം ചാക്കോയുമായുള്ള വാട്‌സാപ് കോള്‍ ഹിസ്റ്ററി എന്നിവ ലഭിച്ചെങ്കിലും സാമ്പത്തിക ഇടപാടിനു തെളിവു കിട്ടിയിരുന്നില്ല. ഇടനിലക്കാരിയുടെ തെളിവ് കിട്ടിയത് നിര്‍ണ്ണായകമാണ്. ഇതോടെ ഇവര്‍ കഞ്ചാവ് കച്ചവടത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തി. ഇവര്‍ക്കെതിരെ അതുകൊണ്ടു തന്നെ ജാമ്യമില്ലാ കുറ്റം നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ മോഡലിനെ അറസ്റ്റു ചെയ്യാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടാണ് യുവതി ചോദ്യം ചെയ്യലിന് എത്തുമോ എന്ന സംശയം ഉയരുന്നത്. ഏതായാലും ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെ സിനിമ മേഖലയിലെ അഞ്ചുപേരെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി തയാറാക്കുന്നുണ്ട് എക്‌സൈസും.
തസ്ലിമയുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചാണ് വനിതാ മോഡലുമായുള്ള ഇടപാടുകള്‍ കണ്ടെത്തിയത്. നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ മോഡലിനു പുറമേ ടിവി ചാനല്‍ റിയാലിറ്റി ഷോ താരം, സിനിമ നിര്‍മാതാക്കളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന യുവാവ് എന്നിവര്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. 29നാണ് ഇവര്‍ ഹാജരാകേണ്ടത്. ബിഗ് ബോസിലെ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റില്‍ ഒരാളാണ് റിയാലിറ്റി ഷോ താരം. അതുകൊണ്ട് തന്നെ ഇവരുടെ ചോദ്യം ചെയ്യലും നിര്‍ണ്ണായകമാണ്. എന്നാല്‍ ഇവര്‍ക്ക് ഷൈന്‍ ടോം ചാക്കോയുമായോ ശ്രീനാഥ് ഭാസിയുമായോ ബന്ധമില്ല. നടന്‍മാരും മോഡലും 28ന് ഹാജരാകുമ്പോള്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരുമെന്ന് എക്‌സൈസ് പറയുന്നു. പ്രതികളായ തസ്ലിമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവര്‍ ജയിലിലാണുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. അശോക്കുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ ചോദ്യം ചെയ്തതും തെളിവെടുപ്പ് നടത്തിയതും.
നടന്‍മാരും മോഡലും തമ്മിലും, മോഡലും തെസ്ലിമ സുല്‍ത്താനയുമായും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തും. കഞ്ചാവ് കടത്തുമായി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെങ്കില്‍ തെളിവുകള്‍ ശേഖരിച്ച് പ്രതി ചേര്‍ക്കും. ചോദ്യം ചെയ്യലില്‍ നിന്നു വേണ്ടത്ര തെളിവു ലഭിച്ചാല്‍ അറസ്റ്റിലേക്കു കടക്കാനുള്ള സാധ്യതയുമുണ്ട്. ഇത് മനസ്സിലാക്കിയാണ് യുവതി കൂടുതല്‍ നിയമ നടപടികള്‍ക്ക് ശ്രമിക്കുന്നത്. എന്നാല്‍ നടന്മാരെ കഞ്ചാവ് ഉപയോഗ കേസില്‍ മാത്രമേ പ്രതിയാക്കാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍. മറിച്ച് മോഡല്‍ മൊഴി നല്‍കിയാല്‍ ഇവരും കുടുങ്ങും. തസ്ലീമയുടെ ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റുകളും ഓഡിയോകളും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം നടന്മാര്‍ക്കും പലവിധ വെല്ലുവിളിയായി മാറും. ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നതും നിര്‍ണ്ണായകമാണ്.
എന്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പണമിടപാട് നടത്തിയതെന്ന് വിശദമായി ചോദിച്ചറിയാനാണ് നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത്. തസ്ലീമ സുല്‍ത്താനയുടെ ലഹരി ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും എക്‌സൈസ് അന്വേഷിക്കും. തമിഴ്നാട് എണ്ണൂര്‍ സത്യവാണിമുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി, ക്രിസ്റ്റിനെ എന്ന് അറിയപ്പെടുന്ന ഭാര്യ തസ്ലീമ സുല്‍ത്താന, സഹായി മണ്ണഞ്ചേരി സ്വദേശി കെ ഫിറോസ് എന്നിവരെയാണ് അടുത്തിടെ ആലപ്പുഴയില്‍ വെച്ച് രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. പ്രധാന പ്രതികളില്‍ ഒരാളായ സുല്‍ത്താന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യ വാരത്തിലാണ് മലേഷ്യയില്‍ നിന്നും കഞ്ചാവ് ചെന്നൈയില്‍ എത്തിച്ചത്. ശേഷം എറണാകുളത്തും ആലപ്പുഴയിലും വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.
തസ്ലീമ സുല്‍ത്താനയും സഹായിയും ചേര്‍ന്നാണ് കഞ്ചാവ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. ഇവരെ പിടികൂടിയശേഷമാണ് സുല്‍ത്താനെ കുറിച്ച് എക്‌സൈസ് അറിയുന്നതും പിടികൂടുന്നതും. സിനിമാ താരങ്ങളുമായി ലഹരി ഇടപാട് നടത്തിയിട്ടുണ്ടെന്ന് പിടിയിലായശേഷം തസ്ലീമ മൊഴി നല്‍കിയിരുന്നു.