യുവതി നേരിട്ടത് കടുത്ത ശാരീരിക പീഡനം; സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത് കൊടും ക്രൂരത; ഒടുവിൽ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വഴിത്തിരിവ്; യുവാവിനും പങ്കെന്ന് റിപ്പോർട്ട്; സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പോലീസിന് മുന്നിൽ ഒളിച്ചുകളി തുടർന്ന് പ്രതി; മുൻകൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സുകാന്ത് സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു സുകാന്ത്. ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്തിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രൊബേഷന്‍ പിരീഡിലായിരുന്ന സുകാന്തിനെതിരെ വകുപ്പുതല നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം ഇയാള്‍ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. പൊലീസിന് പിടികൊടുക്കാതെ ഇയാള്‍ ഒളിവിലാണ്. പ്രതിയുടെ കുടുംബവും ഒളിവില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം, സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും.
ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താല്‍പര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തില്‍ മാറ്റിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസുടുത്തിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന യുവതി. ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ യുവതിയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ആരോടോ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് അവര്‍ ട്രെയിനിന് തവവെച്ചത്. നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് അന്ന് പറഞ്ഞത്.
ഫൊറന്‍സിക് സയന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പാണ് അവസാനമായി യുവതി നാട്ടിലെത്തിയത്. പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.
യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യേഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമായി നിര്‍മിച്ച് സുകാന്ത് യുവതിയെ ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ച രേഖകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയത്.