ഗുണ്ടകളെ തല്ലിയൊതുക്കിയ ശേഷം 'പോലീസ് പോലീസിനെ പോലെ പ്രവര്‍ത്തിച്ചു' എന്ന് മാസ്സ് ഡയലോഗും; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നാട്ടുകാരുടെ ഹീറോയായി; റോഡിന് 'ഇളങ്കോ നഗര്‍' എന്നു പേരിട്ട് നാട്ടുകാരുടെ ആദരം; അത് വേണ്ട, എന്നു പറഞ്ഞ് സ്‌നേഹപൂര്‍വം നിരസിച്ച് കമീഷണര്‍

ഹീറോയായി ഇളങ്കോ ഐപിഎസ്

Update: 2025-07-06 15:54 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ഇപ്പോള്‍ നാട്ടുകാരുടെ ഹീറോയാണ്. ഗുണ്ടാകളെ അടിച്ചമര്‍ത്തി കൈകാര്യം ചെയ്തു കൊണ്ടാണ് അദ്ദേഹം നാട്ടുകാര്‍ക്കിടയില്‍ ഹീറോയായി മാറിയത്. പോലീസിനെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ അതേനാണയത്തില്‍ പോലീസും തിരിച്ചടിക്കുകയാണ് ചെയ്തത്. ഇതോടെ കമ്മീഷണര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം താരമായി.

ഇക്കഴിഞ്ഞ 28ന് അര്‍ധരാത്രി തൃശൂരില്‍ പൊലീസ് വാഹനങ്ങള്‍ ആക്രമിച്ച് അഴിഞ്ഞാടിയ ഗുണ്ടകള്‍ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി. പൊലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്ത ഗുണ്ടകളെ പിറ്റേന്ന് രാവിലെ എല്ലാവരും കാണുന്നത് ആശുപത്രിയിലാണ്. ആര്‍ക്കും എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. പൊലീസ് തല്ലി കയ്യും കാലും ഒടിച്ചെന്ന് ഇവരില്‍ ചിലര്‍ ക്യാമറ കണ്ടപ്പോള്‍ വിളിച്ചു പറയുകയും ചെയ്തു.

ഇതില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ നടത്തിയ പ്രതികരണം വൈറലായി. ''ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചു, പൊലീസ് പൊലീസിനെ പോലെയും പ്രവര്‍ത്തിച്ചു'' ഈ വാക്കുകള്‍ പൊലീസുകാര്‍ക്കിടയിലും വലിയ സ്വീകാര്യത ഉണ്ടാക്കി. പലപ്പോഴും പൊലീസുകാര്‍ പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം മേലുദ്യോഗസ്ഥര്‍ കൈകഴുകി മാറുകയാണ് പതിവ്.

ഇവിടെ പക്ഷെ പൊലീസിന് കൈക്കരുത്ത് കാട്ടേണ്ടി വന്നപ്പോള്‍ അതിനൊപ്പം നില്‍ക്കുകയും, പ്രതിക്കൂട്ടിലാകാവുന്ന സാഹചര്യം ഉള്ളപ്പോഴും അത് സധൈര്യം ഏറ്റെടുത്ത് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു എന്നത് കൊണ്ടാണ് ഇളങ്കോ എന്ന താരതമ്യേന ചെറുപ്പക്കാരനായ ഐപിഎസുകാരന്‍ സ്വീകാര്യനായത്.

തൃശൂരില്‍ മാത്രമല്ല, സാധാരണക്കാര്‍ക്കിടയിലും ഈ നിലപാടിന് സ്വീകാര്യത ഉണ്ടായി എന്നതിന് തെളിവാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. അതിന്റെ തുടര്‍ച്ചയാണ് തൃശ്ശൂര്‍ നെല്ലങ്കരയിലെ റോഡിന് 'ഇളങ്കോ നഗര്‍' എന്നു പേരിടാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഇന്നലെ വൈകിട്ടാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിവരം അറിഞ്ഞയുടന്‍ അത് നീക്കം ചെയ്യാന്‍ ഇളങ്കോ നാട്ടുകാരോട് ഇളങ്കോ അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് രാത്രി തന്നെ ബോര്‍ഡ് വച്ചവര്‍ തന്നെ അത് നീക്കം ചെയ്തു. പ്രശസ്തിക്കും കൈയ്യടിക്ക് വേണ്ടിയുള്ളതല്ല പൊലീസ് ജോലി എന്നായിരുന്നു ഇക്കാര്യത്തില്‍ ഇളങ്കോയുടെ പ്രതികരണം.

പ്രദേശം ശാന്തമാക്കുവാന്‍ ശക്തമായി പരിശ്രമിച്ച കമീഷണറോടുള്ള ആദരവായിട്ടാണ് പ്രദേശത്തിന് പേരിട്ടതെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, അദ്ദേഹം വേണ്ടന്ന് പറഞ്ഞതു കൊണ്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും നാട്ടുകാര്‍ വ്യക്തമാക്കി.

Tags:    

Similar News