എംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്‍കാന്‍ റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്‍; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ 'അതൃപ്തി'; സ്‌കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റി

എംപിമാര്‍ നിയമസഭയിലേക്ക്?

Update: 2026-03-16 14:04 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിലെ ചില എംപിമാര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എംപിമാരായ കെ.സുധാകരനും, അടൂര്‍ പ്രകാശും സര്‍ക്കാരില്‍ നിന്ന് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഗസ്റ്റ് ഹൗസുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കുടിശികകള്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതതാണ് ഈ സര്‍ട്ടിഫിക്കറ്റ്.

ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞു. കെ.സുധാകരനും ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഗസ്റ്റ് ഹൗസുകളുമായി ബന്ധപ്പെട്ട കുടിശിക കെ.സുധാകരന്‍ അടച്ചുതീര്‍ത്തതായി സൂചനയുണ്ട്. നാളെ കെ.സുധാകരന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ നീക്കം. സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. തിങ്കളാഴ്ച ആകെ 15 പേര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്.

സ്ഥാനാര്‍ഥി പട്ടിക വിഷയത്തില്‍, കെപിസിസി പ്രസിഡന്റ് കാര്യം വ്യക്തമാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും നിങ്ങളുടെ വിശ്വാസ്യത പോകുമെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്ഷുഭിതനായി. അതേസമയം, കെപിസിസി സ്ഥാനാര്‍ഥി സ്‌ക്രീനിങ്ങ് സമിതി ചേര്‍ന്ന ശേഷം സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കെ സുധാകരന്റെ കാര്യത്തില്‍ സിഇസി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ് കുഴങ്ങുകയാണ്. കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണ്ണമാകുകയും, സിറ്റിങ് എം.എല്‍.എമാരുടെ പേരുപോലും പ്രഖ്യാപിക്കാനാകാതെ വരികയും ചെയ്ത സാഹചര്യത്തില്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റിവെച്ചു.

വിവിധ ഗ്രൂപ്പ് നേതാക്കള്‍ തങ്ങളുടെ അനുയായികളെ സ്ഥാനാര്‍ഥികളാക്കുന്നതിനായി ശക്തമായി രംഗത്തിറങ്ങിയതാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ കടുംപിടുത്തം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ എല്‍ദോസിനെ ഒഴിവാക്കണമെന്ന നിലപാടിലാണ്. ഗ്രൂപ്പുകാരെ തഴയാനാകില്ലെന്ന് മറുപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നത്.


തെക്കന്‍ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പാര്‍ട്ടിക്കുള്ളില്‍ കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വിജയസാധ്യതയുള്ള സീറ്റുകളില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളവരെ തഴയുന്നുവെന്ന് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ അവ്യക്തതയും പ്രചാരണ വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭിക്കാത്തതും ശശി തരൂര്‍ എംപിയുടെ പരാതിക്ക് കാരണമായി.

കൊല്ലം ചാത്തന്നൂര്‍ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയതിലും, ചടയമംഗലത്ത് ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കുന്നതിലും പ്രതിഷേധങ്ങളുണ്ട്. പത്തനംതിട്ടയില്‍ ഘടകകക്ഷിക്ക് നല്‍കിയ തിരുവല്ല ഒഴികെയുള്ള നാല് സീറ്റുകളിലും സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലാണ്. ആലപ്പുഴയിലെ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ സ്ഥാനാര്‍ഥിത്വം പരിഗണനയിലാണ്. 70 വയസ്സിന് മുകളിലുള്ളവരെ മത്സരിപ്പിക്കുന്നതിലും പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. മലപ്പുറം ജില്ലയിലെ സമുദായ സമവാക്യത്തിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. തവനൂര്‍ സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കുന്നതില്‍ രമേശ് ചെന്നിത്തല കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.


തെരഞ്ഞെടുപ്പിന് ഇനി വെറും 24 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഈ കാലതാമസത്തില്‍ എ.ഐ.സി.സി. നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണെങ്കിലും സമവായം കണ്ടെത്താനായിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പുതന്നെ പല എം.എല്‍.എമാരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News