'ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ 'കൈകാര്യം' ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു

'ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു?'

Update: 2025-11-26 11:02 GMT

ഇസ്ലാമാബാദ്: അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി. 'അഫ്ഗാന്‍ ടൈംസ്' എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് ഇമ്രാന്‍ ഖാന്‍ ജയിലില്‍ 'കൊല്ലപ്പെട്ടു' എന്ന് ആദ്യമായി അവകാശപ്പെട്ടത്. എന്നാല്‍, വിശ്വസനീയമായ ഒരു ഏജന്‍സിയും ഈ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രചാരണത്തിന് പിന്നിലെ കാരണങ്ങള്‍

ഇമ്രാന്‍ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെടാന്‍ ചില സമീപകാല സംഭവങ്ങള്‍ കാരണമായി. ഖാനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇമ്രാന്‍ ഖാന്റെ സഹോദരിമാരായ നുറീന്‍, അലീമ, ഉസ്മ എന്നിവര്‍ ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ജയില്‍ അധികൃതര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളോടു അതിക്രമം കാട്ടിയെന്നും ആരാപിച്ചിരുന്നു.

ജയിലിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു തങ്ങളെന്ന് സഹോദരിമാര്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ആക്രമണം അഴിച്ചുവിട്ടത്. പോലീസുകാര്‍ രാത്രി തെരുവ് വിളക്കുകള്‍ അണച്ച ശേഷം നടത്തിയ ക്രൂരമായ മര്‍ദ്ദനത്തില്‍ 71 വയസ്സുള്ള തന്നെ മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിഴച്ചതായി ഒരു സഹോദരി പറഞ്ഞു. ഈ ആക്രമണത്തില്‍ തനിക്ക് സാരമായ പരിക്ക് പറ്റിയെന്നും അവര്‍ പോലീസ് മേധാവിക്ക് അയച്ച കത്തില്‍ പരാതിപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഇമ്രാന്‍ ഖാനെ കാണാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ലെന്നും സഹോദരിമാര്‍ ആരോപിക്കുന്നു.

ബുധനാഴ്ച ഇമ്രാന്‍ ഖാന്റെ മരണ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ, റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് മുന്നിലേക്ക് ആയിരക്കണക്കിന് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഇരച്ചെത്തി പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എക്സ് (മുമ്പ് ട്വിറ്റര്‍) പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ #ImranKhan എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി. 'ഒരു മാസത്തോളമായി ഇമ്രാന്‍ ഖാന്റെ കുടുംബത്തെ അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിട്ടില്ല. ഇമ്രാന്‍ ഖാന്‍ എവിടെ?' എന്ന് പല ഉപയോക്താക്കളും ചോദ്യമുയര്‍ത്തി. ഇമ്രാന്‍ ഖാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന ചില വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് നിഗമനം.


സൈനിക മേധാവിക്ക് എതിരെ പരാതി

72-കാരനായ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 മുതല്‍ ജയിലിലാണ്.

കഴിഞ്ഞ ജൂലൈയില്‍, തന്നെ ജയിലില്‍ വച്ച് ഉപദ്രവിച്ചാല്‍, സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനായിരിക്കും ഉത്തരവാദിത്വമെന്ന് ഇമ്രാന്‍ ഖാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒരു കേണലും ജയില്‍ സൂപ്രണ്ടും അസിം മുനീറിന്റെ ഉത്തരവനുസരിച്ചാണ്' പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News