'ഇന്ത്യ ടുഡേ' ടിവിയ്ക്ക് പറ്റിയത് വൻ അബദ്ധം; തമിഴ് സിനിമയെ ഞെട്ടിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ ചിത്രം; മാനനഷ്ടത്തിന് നോട്ടീസ് അയച്ച് നേതാവ്; ചാനലിന്റെ വിശദീകരണം ഇങ്ങനെ

Update: 2025-10-29 16:59 GMT

തിരുവനന്തപുരം: അടുത്തിടെയാണ് തമിഴ് സിനിമയെ ഞെട്ടിച്ച കൊക്കെയ്ൻ കേസ് വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡി സമൻസയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ 'ഇന്ത്യ ടുഡേ' ചാനലിനെതിരെ കടുത്ത ആരോപണവുമായി കേരളത്തിലെ ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ രംഗത്ത് വന്നിരിക്കുകയാണ്.

ഒക്ടോബർ 24 ന് 'ഇന്ത്യ ടുഡേ' ചാനൽ സംപ്രേഷണം ചെയ്ത തമിഴ് സിനിമ ഇൻഡസ്ട്രിയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വാർത്തയിൽ തന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. വിഷയം അതീവ ഗൗരവമുള്ളത് ആയത്കൊണ്ട് തന്നെ ചാനലുമായി ബന്ധപ്പെട്ട് നിയമ നടപടി ആരംഭിക്കുകയും ചെയ്തു. ഇതിനിടെ തങ്ങൾക്ക് പറ്റിയ പിഴവ് സമ്മതിച്ച് കൊണ്ട് തന്റെ അഭിഭാഷകന് ഇ-മെയിൽ സന്ദേശം ലഭിച്ചുവെന്നും താരം വ്യക്തമാക്കി.

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വാക്കുകൾ...

നമസ്ക്കാരം, തമിഴ് സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള കൃഷ്ണ കുമാർ എന്ന നടൻ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഒക്ടോബർ 24 ന് 'ഇന്ത്യ ടുഡേ' ചാനൽ സംപ്രേഷണം ചെയ്ത ഒരു ന്യൂസ് റിപ്പോർട്ടിൽ എന്റെ ചിത്രങ്ങളാണ് ആ ചാനലിൽ നൽകിയത്.

'ഇന്ത്യ ടുഡേ' ചാനലിന്റെ ഈ പ്രവർത്തി പൊതുജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതിനും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രതിച്ഛായക്ക് ഗുരുതരമായ മങ്ങൽ ഏൽപ്പിച്ചതിനും ഈ വിഷയം അതീവ ഗൗരവമുള്ളതിനാലും ഞാൻ ഇന്ത്യ ടുഡേയ്ക്കും ആ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെയും നിയമ നടപടി ആരംഭിച്ച് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.

അതിനുശേഷം തങ്ങൾക്ക് പറ്റിയ പിഴവ് സമ്മതിച്ച് കൊണ്ട് 'ഇന്ത്യ ടുഡേ' ചാനലിന്റെ മാനേജറിന്റെ പേരിൽ ഒരു ഇ-മെയിൽ എന്റെ ലോയറിന് ലഭിച്ചു. ഈ സംഭവത്തിന്റെ യഥാർത്ഥ വസ്തുകകൾ മനസിലാക്കി ഇനി ഇത്തരം വിഷയങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആവശ്യമായ സൂക്ഷ്മത പാലിക്കണമെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും ഈ അവസരത്തിൽ വീനീതമായി അഭ്യർത്ഥിക്കുകയാണ്. എന്ന് താരം വ്യക്തമാക്കി.

അതേസമയം, കൊക്കെയ്ൻ കേസിൽ പ്രശസ്ത തമിഴ് നടന്മാരായ കെ. ശ്രീകാന്ത്, കൃഷ്ണകുമാർ എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചിരുന്നു. വടക്കൻ ചെന്നൈയിൽ അടുത്തിടെ നടന്ന കൊക്കെയ്ൻ കേസിൽ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ചെന്നൈ സിറ്റി പൊലീസ് 1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ നടന്മാർക്ക് ജൂലൈ 8ന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കൊക്കെയ്ൻ മാത്രമാണ് ഇരുവരും കൈവശം സൂക്ഷിച്ചിരുന്നതെന്നും, മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ ഇ.ഡി.യുടെ പുതിയ അന്വേഷണം കേസിന് പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്. മയക്കുമരുന്ന് വിതരണ ശൃംഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി ഇ.ഡി. സംശയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

സംഭവങ്ങളുടെ തുടക്കം ജൂൺ 18നാണ്. ആന്റി നാർക്കോട്ടിക്സ് വിരുദ്ധ യൂണിറ്റിന്റെ (എ.എൻ.വി.യു.) അന്വേഷണത്തിൽ, ഘാന പൗരനായ ജോണിനെ മയക്കുമരുന്ന് വിതരണം ചെയ്ത കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കൃഷ്ണകുമാറിന് മയക്കുമരുന്ന് ലഭിച്ചതായി കണ്ടെത്തിയിരുന്നു.

Tags:    

Similar News