വീട്ടിലെ കട്ടിലിൽ സുഖമായി കിടന്ന് ഉറങ്ങുന്നത് പോലെ ഇന്ത്യൻ റെയിൽവേ പാളത്തിൽ ദേ..ഒരാൾ; ട്രാക്കിൽ നിന്ന് എഴുന്നേൽക്ക്..എന്ന് യാത്രക്കാർ ആക്രോശിക്കുന്നത് പോലും ആശാൻ കേൾക്കുന്നില്ല; പെട്ടെന്ന് ചൂളം വിളിച്ചെത്തിയ ട്രെയിനിന്റെ വരവിൽ സംഭവിച്ചത്

Update: 2026-02-17 09:12 GMT

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സി.എസ്.എം.ടി.) റെയിൽവേ ട്രാക്കിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ പത്തൊൻപതുകാരന്റെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെ നടന്ന നാടകീയ സംഭവത്തിൽ, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ കാരണം ട്രെയിൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിനടുത്ത് നിർത്തി ഒരു വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

ഹാർബർ ലൈനിലെ ഒരു പ്ലാറ്റ്‌ഫോമിലേക്ക് ലോക്കൽ ട്രെയിൻ പ്രവേശിക്കുമ്പോഴാണ് ട്രാക്കിൽ ഒരാൾ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രാക്കുകളിൽ നിന്ന് ആക്രി ശേഖരിക്കുന്ന അവിനാഷ് പ്രകാശ് കർദിലെ എന്ന യുവാവായിരുന്നു ഇത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും, ട്രെയിൻ തന്റെ മുകളിലൂടെ കടന്നുപോകുമെന്ന പ്രതീക്ഷയിൽ മനഃപൂർവം ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ട്രാക്കിൽ കിടക്കുന്ന യുവാവിനെ കണ്ട പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി കൈവീശി ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകി. ഉടൻതന്നെ എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയും നിർത്താതെ ഹോൺ മുഴക്കുകയും ചെയ്തെങ്കിലും, യുവാവ് ഉറക്കം തുടർന്നു. ഒടുവിൽ, ട്രെയിൻ യുവാവിന്റെ തൊട്ടടുത്ത് വെച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.

സംഭവസ്ഥലത്തെത്തിയ റെയിൽവേ സുരക്ഷാ സേനയും (ആർ.പി.എഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജി.ആർ.പി) ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്ന് ബലമായി മാറ്റി. ഇതിന് ശേഷമാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത്. റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനും അതിക്രമിച്ചു കടന്നതിനും യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്കോ പൈലറ്റിന്റെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലുകളാണ് മുംബൈയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ വലിയൊരു ജീവഹാനി ഒഴിവാക്കാൻ സഹായിച്ചത്.

Tags:    

Similar News