ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപണം; സാമൂഹ്യമാധ്യമങ്ങളില്‍ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു; ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥി യുഎസില്‍ അറസ്റ്റില്‍; പിടികൂടിയത് വിദ്യാര്‍ത്ഥിയുടെ വീടിന് മുന്നില്‍ നിന്ന്; നാടുകടത്തല്‍ നേരിട്ടേക്കും

Update: 2025-03-20 06:23 GMT

വാഷിങ്ടണ്‍: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യു.എസിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷകന് അറസ്റ്റ്. ബദര്‍ ഖാന്‍ സൂരി എന്ന ഗവേഷകനെയാണ് യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 15-ന് സ്റ്റേറ്റ് സെക്രട്ടറി അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവിട്ടതായും ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് വിര്‍ജീനിയയിലെ വീട്ടിന് മുന്നില്‍ നിന്ന് സൂരിയെ യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഹമാസ് അനുകൂല പ്രചാരണം നടത്തി, ജൂത വിരുദ്ധത പ്രചരിപ്പിച്ചു, ഹമാസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് സൂരിക്കെതിരായ പ്രധാന ആരോപണങ്ങള്‍.

'ഹമാസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ ഒരു തീവ്രവാദിയുമായി അടുത്ത ബന്ധമുള്ളയാളാണ് ബദര്‍ ഖാന്‍ സൂരി. ഹമാസ് പ്രചാരണം സജീവമായി പ്രചരിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു,' ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്ലിന്‍ പറഞ്ഞു.

ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാള്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലിം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ പോസ്റ്റ്ഡോക്ടറല്‍ ഫെലോയായിരുന്നു ബദര്‍ ഖാന്‍ സൂരി. 2020-ല്‍, ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് റെസല്യൂഷനില്‍ നിന്നാണ് പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് സ്റ്റഡീസില്‍ പി.എച്ച്.ഡി നേടിയത്.

അറസ്റ്റിലായ സൂരിയെ ഉടന്‍ യു.എസില്‍ നിന്ന് നാടുകടത്തുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ഇമിഗ്രേഷന്‍ വകുപ്പിന്റെ നടപടികള്‍ക്കെതിരെ സൂരിയുടെ അഭിഭാഷകര്‍ നിയമപരമായ പോരാട്ടം തുടരുമെന്ന് സൂചനയുണ്ട്. ഇന്ത്യന്‍ ഗവേഷകനെതിരായ നടപടി യു.എസ് അക്കാദമിക സമൂഹത്തിലും രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചയ്ക്കിടയാക്കുകയാണ്.

അതേസമയം, യുഎസ് പൗരയായ ഭാര്യയുടെ പലസ്തീന്‍ പൈതൃകം കാരണമാണ് സൂരി ശിക്ഷിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹസന്‍ അഹമ്മദ് വിടുതല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ വാദിക്കുന്നത്. അമേരിക്കന്‍ വിദേശനയത്തിന് ഭീഷണിയായി കരുതപ്പെടുന്ന, പൗരന്മാരല്ലാത്തവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് അധികാരം നല്‍കുന്ന കുടിയേറ്റ നിയമത്തിലെ അപൂര്‍വ്വമായി ഉപയോഗിക്കുന്ന ഒരു വകുപ്പ് പ്രകാരമാണ് സൂരിക്കെതിരെ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Tags:    

Similar News