ബജറ്റ് എയര്‍ലൈനായി ഇന്‍ഡിഗോ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത് ജൂലൈ ഒന്ന് മുതല്‍; മുംബൈയില്‍ നിന്നും മലയാളികള്‍ക്ക് കണക്ഷന്‍ കിട്ടാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരുമെന്ന് സൂചന; വണ്‍വേ ടിക്കറ്റിനു 25000 എന്ന നിരക്കില്‍ ലഗേജും ഭക്ഷണവും ഉള്‍പ്പെടുമോ എന്നും വ്യക്തമല്ല; ടിക്കറ്റ് വില്‍പനയ്ക്ക് താല്‍പര്യമില്ലാതെ മുന്‍നിര ഏജന്‍സികള്‍
ബജറ്റ് എയര്‍ലൈനായി ഇന്‍ഡിഗോ മാഞ്ചസ്റ്ററിലേക്ക് എത്തുന്നത് ജൂലൈ ഒന്ന് മുതല്‍
ലണ്ടന്‍: ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രിയും മാഞ്ചസ്റ്റര്‍ എംപിയുമായ ആഞ്ചേല റെയ്‌നറിന്റെ കൂടി പരിശ്രമത്തിന്റെ ഫലമായി എത്തുന്ന മാഞ്ചസ്റ്റര്‍ - മുംബൈ ഡയറക്റ്റ് ഫ്‌ളൈറ്റ് കൊണ്ട് പൊതുവില്‍ മലയാളികള്‍ക്ക് ഗുണം ഇല്ലെന്ന കാര്യം വ്യക്തമായി. ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ച ഇന്‍ഡിഗോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം. എന്നാല്‍ ബജറ്റ് എയര്‍ ലൈന്‍ ആശയത്തില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ലഗ്ഗേജ്, നീണ്ട യാത്രയില്‍ ഒഴിവാക്കാനാകാത്ത ഭക്ഷണം എന്നിവ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ല. ബുക്കിംഗ് പൂര്‍ത്തിയാകുമ്പോള്‍ ലഗേജിനും ഭക്ഷണത്തിനും അധിക ചാര്‍ജ് നല്‍കുമ്പോള്‍ ഈ വിമാനത്തിന്റെ നിരക്കും നിലവില്‍ ഉള്ള മറ്റു വിമാനങ്ങളുടെ നിരക്കും തമ്മില്‍ കാര്യമായ വ്യത്യാസത്തിനും സാധ്യതയില്ല. മാത്രമല്ല മുംബൈയില്‍ എത്തുന്ന മലയാളികള്‍ക്ക് അടുത്ത കണക്ഷന്‍ വിമാനം ലഭിക്കാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരുമെന്നും സൂചനയുണ്ട്. ഇതിനര്‍ത്ഥം ആലിന്‍ കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന പറഞ്ഞ അവസ്ഥയിലേക്കാണ് യുകെ മലയാളികള്‍ എത്തിയിരിക്കുന്നത് എന്ന് തന്നെയാണ്.
ബ്രിട്ടന്റെ വടക്കന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ഇന്ത്യയിലേക്ക് നേരിട്ട് എത്താന്‍ നിലവില്‍ ഒരു വിമാനം ഇല്ലെന്ന പോരായ്മ പരിഹരിക്കാനാണ് ഇന്‍ഡിഗോ മാഞ്ചസ്റ്റര്‍ സര്‍വീസ് തുടങ്ങുന്നത്. നേരത്തെ ലണ്ടനില്‍ നിന്നും ആരംഭിക്കും എന്ന് പറഞ്ഞ സര്‍വീസാണ് ലോബിയിംഗിന്റെ ഭാഗമായി മാഞ്ചസ്റ്ററില്‍ എത്തുന്നത്. ഇതോടെ വടക്കന്‍ നഗരങ്ങളില്‍ മാഞ്ചസ്റ്ററിനെ ആശ്രയിക്കുന്ന മലയാളികള്‍ ഏറെ ആവേശത്തില്‍ ആയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഈ വിമാനം കൊണ്ട് മലയാളി സമൂഹത്തിനു കാര്യമായ നേട്ട സാധ്യത ഇല്ലെന്ന വിലയിരുത്തല്‍ നടത്തിയ മറുനാടന്‍ മലയാളി റിപോര്‍ട്ടുകള്‍ അക്ഷരം പ്രതി ശരിയാകുന്നു എന്ന സൂചയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ യുകെ മലയാളികള്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ സര്‍വീസ് പുനഃ ക്രമീകരണം നടത്താന്‍ ഇന്‍ഡിഗോ തയ്യാറായാല്‍ തീര്‍ച്ചയായും ദൂരെ ദിക്കില്‍ ഉള്ള മലയാളികള്‍ പോലും മാഞ്ചസ്റ്റര്‍ സര്‍വീസിനെ ആശ്രയിക്കാനും സാധ്യതയുണ്ട്.
ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ്, കാര്‍ഗോ വരവിനും സഹായകമാകും
കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ മത്സരം കൂടുന്നത് പൊതുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന നിരക്ക് കുറയാന്‍ കാരണമാകും എന്നാണ് വിലയിരുത്തല്‍ എങ്കിലും ഇപ്പോള്‍ ഒരു വിമാനക്കമ്പനി പോലും അത്തരം ഓഫറുകള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും 800 പൗണ്ട് മുതല്‍ മുകളിലേക്കുള്ള നിരക്കാണ് യുകെ മലയാളികള്‍ നല്‍കേണ്ടി വരുന്നത്. ഒട്ടു മിക്ക വിമാനകകമ്പനികളും ലഗേജിന്റെ അളവ് 20 മുതല്‍ 23 കിലോഗ്രാം വരെയായി കുറച്ചതും കൂടുതല്‍ ലഗേജ് ആവശ്യപ്പെടുന്നവരില്‍ നിന്നും കൂടുതല്‍ നിരക്ക് ഈടാക്കാം എന്ന കുശാഗ്ര ബുദ്ധിയോടെയാണ്. ഇന്‍ഡിഗോ വിമാനം വരുമ്പോള്‍ മാഞ്ചസ്റ്ററിന്റെ ബിസിനസ് സാമ്പത്തിക രംഗത്ത് കാതലായ മാറ്റങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോള്‍ തന്നെ ആവശ്യത്തിന് മുംബൈ യാത്രക്കാരെ ലഭിക്കും എന്ന ധാരണയും ശക്തമാണ്. മാത്രമല്ല കാര്‍ഗോ സര്‍വീസിലും ആഴ്ചയില്‍ മൂന്നു ദിവസം പറക്കുന്ന ഈ വിമാനം ഗണ്യമായ സംഭാവന നല്‍കും.
അതിനിടെ നിരക്കിന്റെ കാര്യത്തില്‍ വ്യക്തത വരാത്തതും മലയാളി സമൂഹത്തിനു ഗുണം ലഭിക്കില്ല എന്നതിനാലും മുന്‍ നിരക്കാരായ ടിക്കറ്റ് ഏജന്‍സികള്‍ ഇന്‍ഡിഗോ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. ഏജന്‍സികളുടെ സഹായം ഇല്ലെങ്കിലും നിരക്കിളവിന്റെ ആകര്‍ഷണത്തില്‍ യാത്രക്കാര്‍ എത്തും എന്ന പ്രതീക്ഷയാണ് ഇന്‍ഡിഗോയ്ക്ക് പങ്കുവയ്ക്കാനുള്ളത്. ഇടയ്ക്ക് മുംബൈ ഡെസ്റ്റിനേഷന് പകരം അമൃത്സറിലേക്ക് ആയിരിക്കും ഇന്‍ഡിഗോ പറക്കുക എന്ന സൂചന പുറത്തു വന്നിരുന്നെങ്കിലും ഇപ്പോള്‍ ബുക്കിംഗ് മുംബൈയിലേക്ക് ആരംഭിച്ചതോടെ ആ ആശങ്ക ഒഴിവാകുകയാണ്. ഇന്ത്യയില്‍ തൊണ്ണൂറോളം ആഭ്യന്തര സര്‍വീസുകളെ കൈകാര്യം ചെയ്യുന്ന ഇന്‍ഡിഗോയ്ക്ക് യുകെയില്‍ നിന്നും ഉള്ള ഇന്ത്യക്കാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകും എന്ന പ്രതീക്ഷയുമുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ മാഞ്ചസ്റ്ററിലും പരിസരത്തുമായി താമസിക്കുന്നതിനാല്‍ വിമാനത്തിന് യാത്രക്കാരെ ലഭിക്കുക ഒരു തടസം ആയിരിക്കില്ല എന്നും വിലയിരുത്തപ്പെടുന്നു.
മത്സരം എയര്‍ ഇന്ത്യയുമായി, പത്തു പൗണ്ട് കുറയുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് എന്ന അവകാശവാദം
കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളും മറ്റും ആദ്യ പരിഗണന ഇന്‍ഡിഗോയ്ക്ക് തന്നെ നല്‍കും എന്ന പ്രതീക്ഷയാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം പങ്കിടുന്നതും. എയര്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിരക്കായ ലണ്ടന്‍ - മുംബൈ വിമാനത്തില്‍ 457 പൗണ്ട് നിരക്കില്‍ ടിക്കറ്റ് ലഭിക്കുമ്പോള്‍ പത്തു പൗണ്ട് കുറച്ചു 447 പൗണ്ടില്‍ റിട്ടേണ്‍ ടിക്കറ്റ് നല്‍കാനാണ് ഇന്‍ഡിഗോ തയ്യാറാകുന്നത്.
പത്തു പൗണ്ട് കുറച്ചതു വഴി ഏറ്റവും കുറഞ്ഞ നിരക്ക് തങ്ങളുടേത് ആണ് എന്ന അവകാശവാദം ഇന്‍ഡിഗോയ്ക്ക് ഉയര്‍ത്താനാകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നൂറുകണക്കിന് പൗണ്ട് മുടക്കുമ്പോള്‍ അതില്‍ പത്തു പൗണ്ട് എന്ന ഓഫറില്‍ എത്ര യാത്രക്കാര്‍ വീഴും എന്നതും കണ്ടറിയണം, മാഞ്ചസ്റ്ററില്‍ നിന്നും മുംബൈ വരെയെത്താന്‍ ഒന്‍പതു മണിക്കൂറില്‍ കുറഞ്ഞ സമയമാണ് ഇന്‍ഡിഗോയുടെ മറ്റൊരു വാഗ്ദാനം.