'ഇന്‍ഡിഗോ അല്ല, ഇനി 'ഇറ്റ് ഡിഡിന്റ് ഗോ': പൈലറ്റ് ക്ഷാമത്തില്‍ ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കി; ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; കമ്പനിക്ക് കനത്ത പിഴ ചുമത്താന്‍ സാധ്യത; റീഫണ്ട് നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി; ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ലെന്നും സ്ഥിതി മെച്ചപ്പെട്ടുവെന്നും ഇന്‍ഡിഗോ; പൈലറ്റ് ചട്ടത്തില്‍ വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം

'ഇന്‍ഡിഗോ അല്ല, ഇനി 'ഇറ്റ് ഡിഡിന്റ് ഗോ'

Update: 2025-12-06 15:09 GMT

ന്യൂഡല്‍ഹി: പൈലറ്റ് ക്ഷാമം കാരണം ആയിരത്തിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്ത സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും കമ്പനിക്ക് കനത്ത പിഴ ചുമത്താന്‍ സാധ്യതയുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.

വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തിയിരുന്നു. ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍, ഇന്നും ആയിരത്തില്‍ താഴെ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചു. ഇന്ന് 850ല്‍ താഴെ സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരിധി ഏര്‍പ്പെടുത്തി.

ഇന്‍ഡിഗോ ടിക്കറ്റ് റദ്ദാക്കലുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8 മണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്ന് കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. അസാധാരണമായ യാത്രാപ്രതിസന്ധി കണക്കിലെടുത്താണ് ഈ നടപടി. ഡിജിസിഎ നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10നും 15നും ഇടയില്‍ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷയെന്നും സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നിലവിലെ പ്രതിസന്ധിയെക്കുറിച്ച് 'ഒറ്റരാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല ഇത്' എന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം.

ഇന്‍ഡിഗോ സംഭവം അന്വേഷിക്കുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നാലംഗ ഉന്നതതലസമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. ഡിജിസിഎ നല്‍കിയ ഇളവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10-നും 15-നും ഇടയില്‍ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് 'IndiGo അല്ല, ഇനി മുതല്‍ It Didn't Go' എന്ന പേരില്‍ കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍ ഉയര്‍ന്നിരുന്നു.

സ്ഥിതി മെച്ചപ്പെടുന്നുവെന്ന് ഇന്‍ഡിഗോ

പൈലറ്റ് ക്ഷാമം കാരണം ആയിരത്തിലേറെ സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 'വലിയ പുരോഗതി' കൈവരിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. തങ്ങളുടെ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ 95% പുനഃസ്ഥാപിച്ചതായി കമ്പനി ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

പ്രതിസന്ധിക്ക് അയവു വന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും, ശനിയാഴ്ച മാത്രം 138 ലക്ഷ്യസ്ഥാനങ്ങളില്‍ 135 എണ്ണത്തിലേക്കും സര്‍വീസ് നടത്തിയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ശനിയാഴ്ച അവസാനത്തോടെ 1,500-ലധികം വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള പാതയിലാണ് തങ്ങളെന്നും കമ്പനി അറിയിച്ചു.

വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ വെള്ളിയാഴ്ച, ഏറ്റവും കനത്ത ആഘാതമേറ്റ ദിവസമായിരുന്നു. അന്ന് 113 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമായി 700-ല്‍ അധികം സര്‍വീസുകളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്തത്.

'നെറ്റ്വര്‍ക്ക്, സിസ്റ്റങ്ങള്‍, റോസ്റ്ററുകള്‍ എന്നിവ റീബൂട്ട് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അതുവഴി ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകളോടെ, മെച്ചപ്പെട്ട സ്ഥിരതയോടെ പുതിയ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന്റെ ആദ്യ സൂചനകള്‍ കാണുന്നുണ്ട്,' ഇന്‍ഡിഗോ വക്താവ് അറിയിച്ചു.

'ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഉപഭോക്താക്കളുടെ വിശ്വാസം തിരികെ നേടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ഇന്‍ഡിഗോ വീണ്ടും ക്ഷമ ചോദിച്ചുകൊണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റ് ചട്ടം: വീഴ്ച പറ്റിയെന്ന് കമ്പനി

പൈലറ്റുമാര്‍ക്ക് രാത്രി പറക്കലിനും പ്രതിവാര വിശ്രമത്തിനും കര്‍ശനമായ പുതിയ നിയമങ്ങള്‍ നവംബര്‍ 1-ന് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ശരിയായ ആസൂത്രണം നടത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഇന്‍ഡിഗോ നേരത്തെ സമ്മതിച്ചിരുന്നു. ഇതാണ് റോസ്റ്റര്‍ ആസൂത്രണത്തില്‍ പ്രശ്നങ്ങളുണ്ടാക്കാനും കൂട്ടത്തോടെ വിമാനങ്ങള്‍ റദ്ദാക്കാനും കാരണമായത്.

Tags:    

Similar News