രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് 2016ല്‍ പറഞ്ഞ മോദി; 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം കരാര്‍ റദ്ദാക്കാത്തത് ഇന്ത്യയുടെ മഹാ മനസ്‌കത; സര്‍ജിക്കല്‍ സ്‌ട്രൈക്കിലും പാഠം പഠിക്കാത്തവരെ വരിഞ്ഞു കെട്ടാന്‍ ആ വജ്രായുധവും; അയല്‍ രാജ്യങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന ചരിത്രമില്ലാത്ത ഇന്ത്യ മാറി ചിന്തിക്കുന്നത് എന്തുകൊണ്ട്? സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാനെ തകര്‍ക്കും
ന്യൂഡല്‍ഹി: 1960-ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാക്കിസ്ഥാന് വിവിധ തലങ്ങളില്‍ വലിയ സാമൂഹിക പ്രതിസന്ധികള്‍ സൃഷ്ടിക്കും. ജലസേചനം, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, സമ്പദ്വ്യവസ്ഥ എന്നിവയെല്ലാം ഇതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കും. ഇത് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരതയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കും. ഇന്ത്യയും പാക്കിസ്താനും പരസ്പരം ക്ഷേമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തര്‍ക്കങ്ങളില്ലാതെ സിന്ധു നദിയിലെ ജലം ഉപയോഗിക്കണമെന്നാണ് കരാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിഭജിച്ചു പോയ ബന്ധുക്കള്‍ക്കിടയിലെ വിള്ളല്‍ കുറച്ച് വിശ്വാസം ഉറപ്പിക്കുകയായിരുന്നു ഒരു തരത്തില്‍ കരാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, സൈനികഭരണത്തിന് കീഴിലായതോടെ പാക് ജനാധിപത്യ സംവിധാനം തകരുകയും ഭീകരവാദത്തിന് ആ മണ്ണ് വലിയ തോതില്‍ പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് കരാറിന്റെ അന്തഃസത്ത നഷ്ടപ്പെട്ടത്. എന്നിട്ടും ഇക്കാലമത്രയും കരാറില്‍നിന്ന് പിന്നോക്കം പോകാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ പരസ്പര സഹകരണ മനോഭാവം ഒരു കക്ഷി മാത്രം വെച്ചുപുലര്‍ത്തേണ്ടതല്ലെന്ന ചിന്തയാണ് നിലവിലെ പുനര്‍ചിന്തയ്ക്ക് ആധാരം.
പാക്കിസ്ഥാനിലെ കൃഷി പ്രധാനമായും സിന്ധു നദീതടത്തിലെ ജലത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. സിന്ധു, ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നീ നദികളാണ് ഈ മേഖലയിലെ ജലസേചനത്തിന്റെ പ്രധാന സ്രോതസ്സുകള്‍. ഇതില്‍ രവി, ബിയാസ്, സത്ലജ് എന്നീ കിഴക്കന്‍ നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയുടെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് 1960-ലെ കരാര്‍ നിലനിന്നിരുന്നത്. കരാര്‍ റദ്ദാക്കുന്നതോടെ, പടിഞ്ഞാറന്‍ നദികളിലെ ജലത്തിന്റെ ഒഴുക്ക് ഇന്ത്യക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഇത് പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് തുടങ്ങിയ പ്രധാന കാര്‍ഷിക മേഖലകളില്‍ ജലക്ഷാമത്തിന് കാരണമാകും. ജലസേചനത്തിന് ആവശ്യമായ വെള്ളം ലഭിക്കാതെ വരുന്നത് വിളകളുടെ ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഇത് ഭക്ഷ്യക്ഷാമത്തിനും കര്‍ഷകരുടെ വരുമാന നഷ്ടത്തിനും ഇടയാക്കും. അങ്ങനെ പാക്കിസ്ഥാന്‍ കാര്‍ഷികമായി തളരും.
ജലസേചനം തടസ്സപ്പെടുന്നത് കാര്‍ഷികോത്പാദനത്തെ ഗണ്യമായി കുറയ്ക്കും. ഗോതമ്പ്, നെല്ല്, പരുത്തി തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനം കുറയുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാകും. സിന്ധു നദീതടത്തിലെ ജലം ഉപയോഗിച്ച് പാക്കിസ്ഥാന്‍ നിരവധി ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചിട്ടുണ്ട്. കരാര്‍ റദ്ദാക്കുകയും ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്താല്‍ ഈ പദ്ധതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കൃഷി, ജലവൈദ്യുതി തുടങ്ങിയ പ്രധാന മേഖലകള്‍ തകര്‍ച്ചയെ നേരിടുന്നത് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. കാര്‍ഷികോത്പാദനം കുറയുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും വ്യാപാര കമ്മി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഏകപക്ഷീയമായി ഒരു അന്താരാഷ്ട്ര കരാര്‍ റദ്ദാക്കുന്നത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ മോശമായി ബാധിക്കും. മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഇത് ഉലച്ചിലുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയും പാക്കിസ്താനും ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. ലോകബാങ്കിന് വേണ്ടി മുന്‍ വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫാണ് കരാറില്‍ ഒപ്പുവെച്ചത്. ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്ലജ് എന്നീ മൂന്ന് കിഴക്കന്‍ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറന്‍ നദികളുടെ ജലത്തിന്റെ മേലുള്ള നിയന്ത്രണം പാകിസ്താനാണ്. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാകിസ്താനുമാണ്. കരാര്‍ പ്രകാരം പടിഞ്ഞാറന്‍ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉത്പാദനം, ജലഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെയും ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
2016ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ റദ്ദാക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. പക്ഷേ അതു ചെയ്തില്ല. പക്ഷേ സിന്ധു നിദീ ജലത്തില്‍ ഇന്ത്യയ്ക്ക് ചില ആവശ്യങ്ങളുണ്ടായിരുന്നു. വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കായി കൂടുതല്‍ വെള്ളം എടുക്കുക എന്ന ഇന്ത്യയുടെ സ്വാഭാവിക തീരുമാനം ന്യായമായിരുന്നു. അത് പോലും ജലദൗര്‍ലഭ്യം നേരിടുന്ന പാകിസ്താനെ വലിയ പ്രശ്നത്തിലാക്കുമായിരുന്നു. ആ ഒരു സാഹചര്യത്തില്‍ കരാറില്‍ നിന്നും പിന്മാറുന്ന ഇന്ത്യന്‍ തീരുമാനം പാക്കിസ്ഥാനെ തളര്‍ത്തും.
അയല്‍രാജ്യങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന ചരിത്രം ഇന്ത്യയ്ക്കില്ല. പക്ഷേ തീവ്രവാദികളെ സഹായിക്കുന്ന രാജ്യത്തോട് ഇനി വിട്ടു വീഴ്ച്ചയ്ക്കില്ലെന്ന സന്ദേശമാണ് ഇന്ത്യ ഇപ്പോള്‍ നല്‍കുന്നത്. പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും വര്‍ധിച്ച സാഹചര്യത്തിലാണ് ഒരു പുനര്‍ചിന്തനം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.