ഇരിട്ടി കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറി; സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി; ഏരിയാകമ്മിറ്റിയംഗത്തെ ഉള്‍പ്പെടെയുളള പ്രാദേശിക നേതാക്കളെ തരംതാഴ്ത്തി; പ്രതിഷേധവുമായി ഇടപാടുകാരും കോണ്‍ഗ്രസും രംഗത്തെത്തി

സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Update: 2024-09-23 00:43 GMT

കണ്ണൂര്‍: പേരാവൂര്‍ ഹൗസിങ് സൊസൈറ്റിയിലെ ക്രമക്കേടുകള്‍ക്കു ശേഷം കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ സി.പി. എമ്മിനെ പ്രതിരോധത്തിലാക്കി കൊണ്ടു മറ്റൊരു സാമ്പത്തികകുംഭകോണം കൂടി പുകയുന്നു. വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഇടപാടുകാരുടെ പരാതിയും ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ഏരിയാ നേതൃത്വം ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കൂട്ട അച്ചടക്ക നടപടിയെടുത്തു.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിലെ ലക്ഷങ്ങളുടെ വായ്പ തിരിമറിയിലാണ് സി.പി. എമ്മില്‍ കൂട്ട അച്ചടക്ക നടപടിയുണ്ടായത്. ആരോപണ വിധേയരായ ഏരിയാകമ്മിറ്റി അംഗത്തിനും നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുമെതിരെയാണ് അച്ചടക്ക നടപടി. പേരട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവരേയും ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയാതോടൊപ്പം ഇരിട്ടി ഏരിയ കമ്മിറ്റി അംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരം താഴ്ത്തിയിട്ടുണ്ട്.

പാര്‍ട്ടി ഇരട്ടി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ഉള്‍പ്പെട്ട യോഗത്തിലാണ് അച്ചടക്ക നടപടിയുണ്ടായത്. മുന്‍ ബാങ്ക് സെക്രട്ടറിയും പേരട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ. ജി. നന്ദനന്‍കുട്ടി, ബാങ്ക് പ്രസിഡണ്ടും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഇ.ടി. ജോസ്, ലോക്കല്‍ കമ്മിറ്റി അംഗം പി. ഷിനോജ്, ബാങ്ക് ജീവനക്കാരനും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ശിവദാസന്‍, ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടന നേതാവുമായ ഇ.എസ്. സത്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ബാങ്ക് ജീവനക്കാരനായ ശിവദാസനെ നേരത്തെ മറ്റൊരു പരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവും ഇരട്ടി ഏറിയ കമ്മിറ്റി അംഗവുമായ കെ.ജി. ദിലീപിനാണ് ലോക്കല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

ബാങ്കില്‍ കോടികളുടെ വായ്പ തിരുമറിയും നിക്ഷേപ തട്ടിപ്പും നടന്നതായി സഹകരണസംഘം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കാലാവധി എത്തിയിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാത്തതും മരിച്ചയാളുടെ പേരില്‍ വ്യാജ സാക്ഷി ഒപ്പിട്ട് വായ്പ വെട്ടിപ്പ് നടത്തിയതായും പരിശോധനയില്‍ കണ്ടെത്തി. ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണം എടുത്ത് മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയതായും കണ്ടെത്തിയിരുന്നു.

കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ച നിക്ഷേപകരുടെ തുക നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സെപ്തംബര്‍ 23-ന്് ജനകീയ ധര്‍ണ്ണ നടത്തും.

നിക്ഷേപകരുടെ നിക്ഷേപം എത്രയും പെട്ടെന്ന് തിരികേ നല്‍കുക, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ തിരിമറി നടത്തിയത് അന്വേഷിക്കുക, കുടുംബശ്രീ നിക്ഷേപങ്ങള്‍ അടിയന്തിരമായി തിരികേ നല്‍കുക, മരണപ്പെട്ടവരുടെ പേരില്‍ പോലും എടുത്ത ബിനാമി ലോണുകളെക്കുറിച്ച് സത്വരമായ അന്വേഷണം നടത്തുക, കുറ്റക്കാരായ ജീവനക്കര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിക്ഷേപകര്‍ ജനകീയ ധര്‍ണ്ണ നടത്തുക. ധര്‍ണ്ണ ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

Tags:    

Similar News