ചോര ചീന്തിയ ദുരിതകാലത്തിന് അറുതി! കൂട്ടക്കുരുതികളുടെ കയ്‌പേറിയ മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം; ചരിത്രപരമായ കരാറോടെ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനും ധാരണ; കരാര്‍ നടപ്പാക്കുക മൂന്നുഘട്ടങ്ങളായി; ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ആശ്വാസവും സന്തോഷവും; കരാര്‍ യാഥാര്‍ഥ്യമായത് ട്രംപ് യുഎസ് പ്രസിഡന്റാവുന്നതിന് അഞ്ചുനാള്‍ മുന്‍പേ

ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം

Update: 2025-01-15 18:26 GMT

ജെറുസലേം: ചോരചീന്തിയ ഒരു ദുരിത കാലത്തിന് അറുതി വരുത്തി കൊണ്ട് ഇസ്രയേലും ഹമാസും തമ്മിലുള്ള ചരിത്രപരമായ കരാറിന് അംഗീകാരം. വെടിനിര്‍ത്തലിനും, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയയ്ക്കാനുമാണ് ധാരണയായത്. അമേരിക്കയുടെ പിന്തുണയോടെ, ഈജിപ്റ്റ്, ഖത്തര്‍ മധ്യസ്ഥര്‍ മാസങ്ങളോളം നടത്തിയ സന്ധി സംഭാഷണത്തിന് ഒടുവിലാണ് കരാര്‍ ഇരുപക്ഷവും അംഗീകരിച്ചത്. ജനുവരി 20 ന് ഡൊണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന് തൊട്ടുമുമ്പാണ് കരാറെന്ന സവിശേഷതയുമുണ്ട്. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ 15 മാസത്തെ യുദ്ധത്തിന് അവസാനം കുറിക്കുന്ന നിര്‍ണായക ചുവടുവയ്പാണ് കരാര്‍. ഹമാസ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ദ്രുഗതിയിലുള്ള നടപടിക്ക് തുനിയുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് കരാര്‍ യാഥാര്‍ഥ്യമാക്കിയത്.

ഇസ്രയേലില്‍ കടന്നുകയറി ഹമാസ് ആയുധധാരികള്‍ 1200 സൈനികരെയും സാധാരണക്കാരെയും കൊന്നൊടുക്കിയതോടെയാണ് സംഘര്‍ഷം യുദ്ധത്തിലേക്ക് വഴുതി വീണത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 46,000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ വഴിയാധാരമായി.

ഗാസാ വെടിനിര്‍ത്തല്‍ക്കരാറിന്റെ കരട് ഹമാസ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കരാര്‍ പ്രകാരം മൂന്നുഘട്ടമായാകും വെടിനിര്‍ത്തല്‍ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായിരിക്കും മുന്‍ഗണന. ഇതിനുപകരമായി ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും.

ഈഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ 16-ാം ദിനം ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചര്‍ച്ച ഇസ്രയേല്‍ ആരംഭിക്കും. അതില്‍ ബന്ദികളായ പുരുഷസൈനികരെയും ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകിട്ടാനുള്ള ശ്രമങ്ങളാവും നടത്തുക. മുഴുവന്‍ ബന്ദികളെയും വിട്ടുകിട്ടുംവരെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറില്ലെന്നാണ് കരുതുന്നത്. എന്നാല്‍, ഗാസയുടെ വടക്കുനിന്ന് തെക്കോട്ടേക്ക് ഒഴിഞ്ഞുപോയവര്‍ക്ക് ഈ സമയത്ത് വീടുകളിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞേക്കും.

വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമുള്ള കരാര്‍ അവസാനഘട്ടത്തിലാണെന്ന് ജോ ബൈഡന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. മൂന്നുഘട്ടമായി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ മേയില്‍ താന്‍ മുന്നോട്ടുവെച്ച പദ്ധതിയുടെ ചുവടുപിടിച്ചുള്ളതാണ് പുതിയ കരാറെന്നും ബൈഡന്‍ അറിയിച്ചിരുന്നു. ബൈഡന്റെ കരാറിനെ യു.എന്‍. രക്ഷാസമിതിയും പിന്തുണച്ചിരുന്നു. ഇസ്രയേലും ഹമാസും കടുംപിടിത്തം തുടരുകയും ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ മധ്യസ്ഥശ്രമങ്ങളില്‍നിന്ന് 2024 നവംബറില്‍ അവര്‍ താത്കാലികമായി പിന്മാറിയിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. 2023 നവംബറില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ ഇടവേളയ്ക്കിടെ അതില്‍ 80 പേരെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ വിട്ടുകിട്ടാനുണ്ട്. ഇവരില്‍ 34 പേര്‍ മരിച്ചെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിലയിരുത്തല്‍.

അവശേഷിക്കുന്ന ബന്ദികളെ വിട്ടുകിട്ടുന്നതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹുവിന് എതിരായ പൊതുജനരോഷം തണുപ്പിക്കാമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഇറാന്റെ പിന്തുണയുള്ള ലെബനനിലെയും ഇറാഖിലെയും യെമനിലെയും തീവ്ര ശക്തികള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെ ആക്രമിക്കുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.

ഹമാസിന്റെയും ഹിസബുള്ളയുടെയും ഉന്നത നേതാക്കളെയും വധിച്ച ശേഷമുള്ള കരാര്‍ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം വിജയമാണ്. ബന്ദികളുടെ മോചനത്തില്‍ പാളിച്ചകള്‍ വന്നതോടെ ജനരോഷം ഉയര്‍ന്നെങ്കിലും, വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച് ഹമാസിനെ തളര്‍ത്താനായി. ഇസ്രയേല്‍-ഹമാസ് കരാറിന് ധാരണയായെന്നും ബന്ദികള്‍ ഉടന്‍ മോചിപ്പിക്കപ്പെടുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ കുറിച്ചു

Tags:    

Similar News