ഇടതുവശത്ത് ഒന്നാം എന്‍ജിന്റെ സ്വിച്ചും വലത്ത് രണ്ടാം എന്‍ജിന്റെ സ്വിച്ചും; ഇടത്തേ എന്‍ജിന്‍ ആദ്യം ഓഫു ചെയ്യുകയും ഓണ്‍ ചെയ്യുകയും ചെയ്യുന്നത് ആരാകാനാണ് കൂടുതല്‍ സാധ്യത? ഇടതുവശത്തിരിക്കുന്നയാള്‍ തന്നെ; ആരാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ഇടതുവശത്തിരുന്നത്? എഎഐബി റിപ്പോര്‍ട്ട് വിലയിരുത്തി ജേക്കബ് കെ ഫിലിപ്പ്

എഎഐബി റിപ്പോര്‍ട്ട് വിലയിരുത്തി ജേക്കബ് കെ ഫിലിപ്പ്

Update: 2025-07-12 11:36 GMT

കൊച്ചി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാന ദുരന്തം ഉണ്ടായ നാള്‍ മുതല്‍ വിശദമായ വിശകലനങ്ങള്‍ നടത്തി വരുന്ന വ്യോമയാന വിദഗ്ധനാണ് ജേക്കബ് കെ ഫിലിപ്പ്. ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെയാണ് ജേക്കബ് തന്റെ നിഗമനങ്ങള്‍ പങ്കുവെച്ചത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ അപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരസ്യമാകുമ്പോള്‍, അപകടത്തിന്റെ അന്നു മുതല്‍ ഇന്നലെ വരെ പറയുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും തെറ്റായിരുന്നു എന്ന് തെളിയുകയാണെന്ന് അദ്ദേഹം കുറിച്ചു. പുതിയ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യുന്നുവെന്ന് ജേക്കബ് കെ ഫിലിപ്പ് പറഞ്ഞു.

ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് വായിക്കാം:

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ എയര്‍ ഇന്ത്യാ അഹമ്മദാബാദ് വിമാനാപകട പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരസ്യമാകുമ്പോള്‍, അപകടത്തിന്റെയന്നു മുതല്‍ ഇന്നലെ വരെ പറയുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും തെറ്റായിരുന്നുവെന്ന് തെളിയുക കൂടിയാണ്- പുതിയ ചോദ്യങ്ങള്‍ ഉയരുകയും.

1. പറന്നുയരുമ്പോള്‍, പിന്നിലേക്ക് മടക്കിവയ്ക്കേണ്ടിയ ഫ്ളാപ്പുകള്‍ (ചിറകുകള്‍ക്കു പിന്നിലെ മടക്കുന്ന പാളി) നേരയാണ് ഇരുന്നിരുന്നത് എന്നതിനാല്‍ വിമാനത്തിന് ഉയരാനാവശ്യമായ ലിഫ്റ്റ് (മുകളിലേക്കുള്ള തള്ളല്‍) കിട്ടുന്നത് കുറഞ്ഞിട്ടുണ്ടാവും. അതിനാല്‍ അപകടമുണ്ടാകാം.

എന്നാല്‍ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ- (താഴെ നിന്നു കിട്ടിയ വിമാനാവശിഷ്ടങ്ങളില്‍) ഫ്ളാപ്പ് ഹാന്‍ഡില്‍ അസംബ്ലിയിലെ ഹാന്‍ഡില്‍ അഞ്ചു ഡിഗ്രിയില്‍ സെറ്റു ചെയ്തിരിക്കുന്നതായാണ് കണ്ടത്- സാധാരണ ടേക്കോഫില്‍ ചെയ്യുന്നതു പോലെ തന്നെ.

ഫ്ളാപ്പുകള്‍ മടങ്ങിത്തന്നെയാണിരുന്നിരുന്നത് എന്നര്‍ഥം.

2. വിമാനം വീഴുന്നതിന് തൊട്ടുമുമ്പ് മെയ്ഡേ സന്ദേശം പറയുന്നതിനൊപ്പം പൈലറ്റ്, 'No thrust... plane not taking lift' എന്ന് എടിസിയോട് പറഞ്ഞു എന്ന് എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു.

ഇതും തെറ്റാണെന്നാണ് എഎഐബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു മണി കഴിഞ്ഞ് ഒന്‍പതു മിനിറ്റും അഞ്ചു സെക്കന്‍ഡുമാകുമ്പോള്‍ മെയ്ഡേ സന്ദേശം വിളിച്ചറിയിച്ച പൈലറ്റ് പിന്നീട് ഒന്നുമേ പറഞ്ഞിട്ടില്ല.

വിമാനത്തിന്റെ കാള്‍സൈന്‍ എന്താണെന്ന് എടിസിയില്‍ നിന്ന് ചോദിച്ചതിനും മറുപടിയുണ്ടായില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. സെക്കന്‍ഡുകള്‍ക്കകം വിമാനം വീഴുകയായിരുന്നു.

അപ്പോള്‍ ചോദ്യങ്ങള്‍ ഇവയാണ്-

പൈലറ്റ്, ലിഫ്റ്റും ത്രസ്റ്റും ഇല്ല എന്ന് പറഞ്ഞുവെന്ന് ആദ്യം പറഞ്ഞതാരാണ്? അത് ആരായാലും, അങ്ങിനെ പ്രചരിപ്പിച്ചത് എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയായിരുന്നോ?

3. എല്ലാ വിമാനങ്ങള്‍ക്കുമുള്ളതു പോലെ ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റിക്കോര്‍ഡര്‍ എന്ന, വിമാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ചലനങ്ങളുടേയും ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കുന്ന ഡിഎഫ്ഡിആര്‍ ബ്ലാക്ക്ബോക്സും, കോക്പിറ്റിലെ ശബ്ദങ്ങള്‍ റിക്കോര്‍ഡു ചെയ്തു സൂക്ഷിക്കുന്ന കോക്പിറ്റ് വോയ്സ് റിക്കോര്‍ഡര്‍ അഥവാ സിവിആര്‍ എന്ന രണ്ടാം ബ്ലാക്ക് ബോക്സും വിമാനാവാശിശഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തി എന്നായിരുന്നു എല്ലാ വാര്‍ത്തകളിലും.

എന്നാല്‍ ഈ വിമാനത്തിലുണ്ടായിരുന്നത്, ആധുനിക തലമുറില്‍പ്പെട്ട ബ്ലാക്ക് ബോക്സായ, എന്‍ഹാന്‍സ്ഡ് എയര്‍ബോണ്‍ ഫ്ളൈറ്റ് റിക്കോര്‍ഡറുകളായിരുന്നു (ഇഎഎഫ്ആര്‍) എന്ന് എഎഐബി റിപ്പോര്‍ട്ട് പറയുന്നു. പഴയ മട്ടിലുള്ള ബ്ലാക്ക്ബോക്സുകളില്‍ നിന്ന് ഇതിനുള്ള വ്യത്യാസം, ഡിഎഫ്ഡിആര്‍ ഡാറ്റയും കോക്പിറ്റ് ശബ്ദങ്ങളും ഒരേ പെട്ടിയിലുണ്ട് എന്നതാണ്. അപ്പോള്‍ പിന്നെ രണ്ടെണ്ണം കിട്ടിയതോ?

അത് രണ്ടിലും ഒരേ കാര്യങ്ങളാണ് റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതെന്നതാണ് വാസ്തവം. അപകടത്തില്‍ ഒരെണ്ണത്തിന് എന്തെങ്കിലും കേടുപാടുണ്ടായാലും രണ്ടാമത്തേതില്‍ നിന്ന് വിവരങ്ങളെല്ലാം കിട്ടണമെന്ന മുന്‍കരുതല്‍. ഈ അപകടത്തില്‍ അങ്ങിനെ സംഭവിക്കുകയും ചെയ്തു.

പിന്നറ്റത്തു വച്ചിരുന്ന പെട്ടിക്ക് സാരമായ കേടുപാടുണ്ടായി വിവരങ്ങള്‍ എടുക്കാനാവാത്ത നിലയിലായിരുന്നു. നമുക്കിപ്പോള്‍ കിട്ടിയ വിവരങ്ങളെല്ലാം തന്നെ തൊട്ടു മുന്നിലായി വച്ചിരുന്ന രണ്ടാം ഇഎഎഫ്ആറില്‍ നിന്നാണ്. ഇനി മറ്റൊരു കാര്യം, അല്ലെങ്കില്‍ ഊഹം-

എഎഐബി റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കുക-

ഇന്ധന സ്വിച്ച് ആദ്യം ഓഫു ചെയ്തത് ഒന്നാം നമ്പര്‍ എന്‍ജിന്റേതാണ്. പിന്നീട് ഓണ്‍ ചെയ്തപ്പോഴും ഈ എന്‍ജിന്‍ തന്നെയായിരുന്നു ആദ്യം.

കോക്പിറ്റില്‍ രണ്ടു പൈലറ്റുമാരുടേയും നടുക്കുള്ള സെന്‍ട്രല്‍ പെഡസ്റ്റലിലാണ് രണ്ടുമുള്ളത്. ഇടതുവശത്ത് ഒന്നാം എന്‍ജിന്റെ സ്വിച്ചും വലത്ത് രണ്ടാം എന്‍ജിന്റെ സ്വിച്ചും.ഇടത്തേ എന്‍ജിന്‍ ആദ്യം ഓഫു ചെയ്യുകയും ഓണ്‍ ചെയ്യുകയും ചെയ്യുന്നത് ആരാകാനാണ് കൂടുതല്‍ സാധ്യത? ഇടതുവശത്തിരിക്കുന്നയാള്‍ തന്നെ.

അപകടമുണ്ടായപ്പോള്‍, വിമാനം പറത്തുന്ന ജോലി ചെയ്തിരുന്ന കോ-പൈലറ്റിന്റെ (പൈലറ്റ് ഫ്ളൈയിങ്) ഇടത്തേ സീറ്റിലിരുന്ന് പറക്കല്‍ നിരീക്ഷിക്കുന്ന ജോലി ചെയ്തിരുന്ന പൈലറ്റ് മോണിറ്ററിങ് ആയ ക്യാപ്റ്റന്‍, പൈലറ്റ്-ഇന്‍-കമ്മാന്‍ഡ്.


Full View


Tags:    

Similar News