'ആഹാരം കഴിക്കാനോ ഉറങ്ങാനോ പറ്റുന്നില്ല, ശരീരം പകുതിയായി; വീട്ടില്‍ എല്ലാവരും ദുഃഖിതര്‍ ആണ്; മക്കളെ ഒരു നിലയിലും ആക്കാനായില്ല'; നിക്ഷേപകന്റെ മകളോട് നിസഹായാവസ്ഥ വിവരിക്കുന്ന തിരുമല അനിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

Update: 2025-11-21 09:14 GMT

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളുമായുള്ള അനിലിന്റെ സംഭാഷണമാണ് പുറത്തുവന്നത്. നിക്ഷേപകന്റെ മകളോട് പൊലീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ച അനില്‍ താന്‍ നേരിടുന്ന ദയനീയ അവസ്ഥ വിവരിക്കുന്നുണ്ട്. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല. താന്‍ പകുതിയായി മാറി,വീട്ടില്‍ എല്ലാവരും ദുഃഖിതരാണെന്നും ഫോണ്‍സംഭാഷണത്തില്‍ അനില്‍ പറയുന്നു. സമ്മര്‍ദത്തിനിടയിലും, നിക്ഷേപകന് അനില്‍ ചികിത്സാസഹായം വാഗ്ദാനം ചെയ്യുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിനെ (കെ.അനില്‍കുമാര്‍58 ) വാര്‍ഡ് കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.

ഓഡിയോ സംഭാഷണത്തില്‍ അനിലിന്റെ ദയനീയാവസ്ഥ വിവരിക്കപ്പെടുന്നുണ്ട്. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആവുന്നില്ല. താന്‍ പകുതിയായി മാറി. വീട്ടില്‍ എല്ലാവരും ദുഃഖിതര്‍ ആണെന്നും അനില്‍ പറയുന്നു. മക്കളെ ഒരു നിലയിലും ആക്കാനായില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ക്കുന്നു.

സമ്മര്‍ദത്തിനിടയിലും നിക്ഷേപകന് താന്‍ മരുന്നും മറ്റു ആവശ്യങ്ങള്‍ക്കും സഹായിക്കാം എന്നും അനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അനിലിന്റെ നിര്‍ദേശം അനുസരിച്ചാണ് നിക്ഷേപകന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പൊലീസ് ഭീഷണിയാണ് അനില്‍ ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം.

'ഞാന്‍ ഇന്ന് പൈസ അടയ്ക്കാമെന്ന് പറയുന്ന കുറേ പേരുടെ വീടുകളില്‍ പോയിട്ട് വന്നതാണ്. ബോര്‍ഡ് അംഗങ്ങളെ എല്ലാം ഞാന്‍ വിളിച്ചു. പക്ഷെ ആരും വന്നില്ല. അമ്മയെകൊണ്ട് സിഐയെ വിളിപ്പിക്കണം. എന്നെ അവിടുന്ന് ഒന്ന് വിളിപ്പിക്കട്ടെ. മാനസികമായി വല്ലാത്ത ഒരു സ്റ്റേജില്‍ ആയിപ്പോയി. ഒന്നും കഴിച്ചിട്ടില്ല. ഓണം കഴിഞ്ഞതോടെ ഒരു തിരിച്ചടവും വരാതായി. എന്റെ ശരീരം ഒക്കെ പകുതിയായി. മക്കളും ഒന്നും എങ്ങും എത്തിയില്ല. ചെറിയ കുട്ടികളല്ലേ. മോള്‍ എന്തായാലും നാളെ രാവിലെ അമ്മയെക്കൊണ്ട് സിഐയെ വിളിപ്പിക്കണം,' തിരുമല അനില്‍ പറയുന്നു.

ചേട്ടന്‍ വിഷമിക്കേണ്ടെന്നും, ഒറ്റയ്ക്ക് ടെന്‍ഷന്‍ എടുത്ത് തലയില്‍ വയ്ക്കേണ്ടതില്ലെന്നും നിക്ഷേപകന്റെ മകള്‍ അനിലിനോട് പറയുന്നുണ്ട്. ചേട്ടന്‍ അല്ലല്ലോ പണം എടുത്ത് മറിച്ചത്. ഒറ്റയ്ക്ക് ഇതില്‍ ഒന്നും കൈകാര്യം ചെയ്യാനും സാധിക്കില്ലെന്നും യുവതി തിരുമല അനിലിനോട് പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.

പുറകില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ട് പോലും അനിലിന്റെ മുഖം ഓര്‍ത്ത് മാത്രമാണ് തുടക്കത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കാതിരുന്നതെന്നും യുവതി പറയുന്നുണ്ട്.

പണം തിരികെ ആവശ്യപ്പെട്ട കിടപ്പിലായ നിക്ഷേപകനെ ബാങ്കില്‍ എത്തിച്ചത് വിവാദമായിരുന്നു. ബാങ്ക് സെക്രട്ടറിയായ നീലിമയുടെ നിര്‍ബന്ധം കാരണമാണ് ആശുപത്രി കിടക്കയില്‍ നിന്നും നിക്ഷേപകനെ ബാങ്കില്‍ എത്തിച്ചതെന്നായിരുന്നു ആരോപണം. നിക്ഷേപകനെ ബാങ്കില്‍ വരുത്തരുതെന്ന് അനില്‍ ആവശ്യപ്പെട്ടെങ്കിലും, ബാങ്ക് സെക്രട്ടറി നീലിമ ഇത് അനുസരിച്ചില്ല. ആംബുലന്‍സില്‍ എത്തിച്ച് ഒപ്പിട്ടു വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അനില്‍ ആത്മഹത്യ ചെയ്തിട്ടും നിക്ഷേപകന് പണം തിരികെ കിട്ടിയില്ല. നേതാക്കള്‍ പറഞ്ഞ ഉറപ്പ് ലംഘിക്കപ്പെട്ടതോടെ, നിക്ഷേപകന്റെ ചികിത്സാ തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും പണം ലഭിച്ചില്ല. നിക്ഷേപകന്റെ ഭാര്യയുടെ ഓഡിയോ സംഭാഷണവും പുറത്തുവന്നിരുന്നു.

Similar News