ദീപക്കിന്റെ ആത്മഹത്യ: ഷിംജിത ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി; പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത് ഇ-മെയില്‍ വഴി; ജീവനക്കാരുടെ മൊഴിയും സിസിടിവിയും പ്രതിക്ക് എതിര്; വടകരയിലെ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് കുരുക്ക് മുറുകുന്നു.

ദീപക്കിനെതിരെ ഷിംജിത ലൈംഗിക അതിക്രമത്തിന് പരാതി നല്‍കി

Update: 2026-01-22 13:12 GMT

കണ്ണൂര്‍: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്ക് ജീവനൊടുക്കിയ കേസില്‍ മഞ്ചേരി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഷിംജിത മുസ്തഫ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് ഷിംജിത മുസ്തഫ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇ- മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.

പരാതിയില്‍ പയ്യന്നൂര്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വ്യക്തിഹത്യ ചെയ്യുന്ന വിധത്തില്‍ അപമാനിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് റിമാന്റിലാണ് ഷിംജിത. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലിസ് ഇവരെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി മഞ്ചേരി ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ടെക്‌സ്‌റ്റൈല്‍ കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ സെയില്‍സ് മാനേജരാണ് ദീപക്. ജോലി ആവശ്യാര്‍ത്ഥമാണ് ഇദ്ദേഹം പയ്യന്നൂരിലെത്തിയത്. ഇതിനിടെയാണ് സംഭവം. 20 ലക്ഷം പേരാണ് ഷിംജിത ഇന്‍സ്റ്റയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടത്. ഇതിനു ശേഷം ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി അമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ സമയം പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഷിംജിത മുസ്തഫയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളാണുള്ളത്.

സ്വകാര്യബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസര്‍ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ചമുന്‍ വാര്‍ഡ് മെമ്പറായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചാല്‍ കുറ്റാരോപിതന്‍ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ല. സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദീപക്കും പ്രതിയും ബസില്‍ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതില്‍ വ്യക്തമാണ്. ശേഷം പ്രതിയും ഇരയായ ദീപക്കും സ്വാഭാവികമായാണ് ബസില്‍നിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്നു. പിന്നാലെ ഞായറാഴ്ച ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദീപക്കിന്റെ കുടുംബത്തിന്റെ രാതിയില്‍ ഷിംജിതക്കെതിരെ കേസ് എടുത്തിരുന്നു.

കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കയാണ്. ഷിംജിതയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഷിംജിതയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ഇതിനു ശേഷം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദീപക്കിന്റെ മരണം വിവാദമാവുകയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇവര്‍ അക്കൗണ്ട് പൂട്ടി വീഡിയോകള്‍ ഡിലീറ്റ് ചെയ്തിരുന്നു.

Tags:    

Similar News