ആഴ്ചകള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍; അതിഥികളായി ക്രിക്കറ്റ്, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖര്‍; താരസംഗമമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ - സാനിയ ചന്ദോക്ക് വിവാഹം; വിവാഹ വേദിയായത് ലോകകപ്പിലെ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ താമസിക്കുന്ന അതേ ഹോട്ടലില്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനായി. വ്യാഴാഴ്ച മുംബൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സാനിയ ചന്ദോക്കിനെയാണ് അര്‍ജുന്‍ ജീവിതപങ്കാളിയാക്കിയത്. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വ്യാവസായിക - സിനിമ - ക്രിക്കറ്റ് മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്‌ളെ, യുവ്രാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, സുരേഷ് റെയ്‌ന, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ക്രിക്കറ്റ്, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങ് ഒരു വന്‍ താരസംഗമമായി മാറി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ആഴ്ചകള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കൊടുവിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളും ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഖരുമടക്കം വന്‍ വിഐപി പടയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹച്ചടങ്ങുള്‍ക്ക് നടന്ന മുംബൈയിലെ ദ് സെന്റ് റെജിസ് ഹോട്ടലില്‍ തന്നെയാണ് ലോകകപ്പ് മത്സരത്തിനായി എത്തിയ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളും താമസിക്കുന്നത്. അതുകൊണ്ടു തന്നെ വന്‍ സുരക്ഷാ സന്നാഹമാണ് ഹോട്ടലിലും പരിസരത്തും ഒരുക്കിയിരുന്നത്. അര്‍ജുന്റെ ഐപിഎല്‍ ടീമുകളായ മുംബൈ ഇന്ത്യന്‍, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെ താരങ്ങളും പങ്കെടുത്തു. ഇന്ത്യന്‍, കോണ്ടിനെന്റല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന മെനുവാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്.
കഴിഞ്ഞദിവസം മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സിലുള്ള റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബിലാണ് മെഹന്തി, സംഗീത് ചടങ്ങുകള്‍ നടന്നത്. ആത്യാഡംബരമായി നടന്ന ചടങ്ങില്‍ ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, രവി ശാസ്ത്രി, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരും എത്തി. ശതകോടീശ്വരന്‍ മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങുകളില്‍ സജീവമായിരുന്നു. എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
ക്രിക്കറ്റ് ലോകത്തെ വമ്പന്മാര്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ഭാര്യ സാക്ഷിക്കൊപ്പമെത്തിയത് ആരാധകരില്‍ വലിയ ആവേശമുണ്ടാക്കി. ടി20 ലോകകപ്പ് സെമി ഫൈനലിന് തൊട്ടുമുമ്പായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഭാര്യ നടാഷ ജെയ്‌നും വിവാഹത്തിനെത്തിയിരുന്നു. സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, രവി ശാസ്ത്രി തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളും യുവരാജ് സിംഗ്, ഇര്‍ഫാന്‍ പഠാന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരും കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
ബോളിവുഡും ബിസിനസ് പ്രമുഖരും
ബോളിവുഡ് താരം അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ കുടുംബസമേതം പങ്കെടുത്തത് സിനിമാ ലോകത്തിന്റെ സാന്നിധ്യമുറപ്പിച്ചു. പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷങ്ങളില്‍ സജീവമായിരുന്നു. മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷേലാര്‍, സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍ തുടങ്ങിയവരും അതിഥികളായെത്തി.
മുംബൈയിലെ പ്രമുഖമായ 'ഘായ്' കുടുംബത്തിലെ അംഗമാണ് സാനിയ. ഐക്കോണിക് ബ്രാന്‍ഡായ ക്വാളിറ്റി ഐസ്‌ക്രീം, മുംബൈയിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ എന്നിവ സ്ഥാപിച്ച ഇക്ബാല്‍ കൃഷന്‍ ഘായിയുടെ കൊച്ചുമകളാണ് സാനിയ. ബാസ്‌കിന്‍-റോബിന്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാവിസ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് ഇവരുടേത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദം നേടിയ സാനിയ ഒരു വെറ്ററിനറി ടെക്നീഷ്യന്‍ കൂടിയാണ്. മുംബൈയില്‍ 'മിസ്റ്റര്‍ പോസ്' എന്ന പേരില്‍ ആഡംബര പെറ്റ് സ്പായും അവര്‍ നടത്തുന്നുണ്ട്. നേരത്തെ ജാംനഗറില്‍ അംബാനി കുടുംബം അതിഥികള്‍ക്കായി പ്രത്യേക പ്രീ-വെഡിങ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
