'അത്യധികം പശ്ചാത്തപിക്കേണ്ടിവരും'! IRIS ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തതിന് ആദ്യം മുന്നറിയിപ്പ്; പിന്നാലെ പ്രതികാരം; പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍; യു എസ് കപ്പലിന് തീപ്പിടിച്ചതായി ഐആര്‍ജിസി; ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയതില്‍ 37 ഇന്ത്യന്‍ കപ്പലുകളും; 1100ലധികം നാവികരുടെ സുരക്ഷയില്‍ ആശങ്ക
ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്നതിനിടെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ തങ്ങള്‍ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ കപ്പലില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ ആളപായമുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ സായുധസേനയായ ഐആര്‍ജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടത്. വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആര്‍ജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആര്‍ജിസി പറയുന്നു.
ശ്രീലങ്കയുടെ തെക്കന്‍ തീരത്തിന് സമീപം യു.എസ് അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് മുക്കുന്നത്. ഇതിനു പിന്നാലെ, നടപടിയില്‍ അമേരിക്കക്ക് കയ്‌പ്പേറിയ രീതിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്‍ തീരത്തുനിന്ന് രണ്ടായിരം മൈല്‍ അകലെ, കടലില്‍വെച്ച് യുഎസ് ഒരു അതിക്രമം നടത്തിയിരിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി 130-ഓളം നാവികരെയും വഹിച്ചിരുന്ന ഐആര്‍ഐഎസ് ദേന, യാതൊരു മുന്നിറിയിപ്പുമില്ലാതെ അന്താരാഷ്ട്ര സമുദ്രമേഖലയില്‍വെച്ച് ആക്രമിക്കപ്പെട്ടിരിക്കുന്നു. എന്റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ, നടപ്പിലാക്കിയ ഈ കീഴ്വഴക്കത്തിന് അമേരിക്ക അത്യധികം പശ്ചാത്തപിക്കേണ്ടിവരും, എന്നായിരുന്നു അരാഘ്ചിയുടെ വാക്കുകള്‍.
ഫെബ്രുവരി 18 മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന 'മിലാന്‍' അന്താരാഷ്ട്ര നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാന്റെ കപ്പല്‍. ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെയാണ് മുന്നറിയിപ്പില്ലാതെ ആക്രമിച്ചതെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടി. കപ്പലില്‍ ഏകദേശം 130 നാവികര്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ 80ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുപ്പതോളം ഇറാനിയന്‍ നാവികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ഇവരെ ചികിത്സയ്ക്കായി തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫ് മേഖലയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സംഘര്‍ഷം ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും, ഇന്ത്യയുടെ തൊട്ടടുത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാനിയന്‍ നാവികസേനയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം തന്നെ ഇറാനില്‍ ആയിരത്തിലേറ പേര്‍ കൊല്ലപ്പെട്ടതായും പ്രത്യാക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ പാകത്തില്‍ രൂപമാറ്റം വരുത്തിയ ഇറാനിയന്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നേരെയും യു.എസ് ആക്രമണം നടത്തിയിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ആഗോളതലത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കപ്പലിന് തീപിടിച്ച സംഭവത്തില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ശ്രീലങ്കയുടെ പുറംകടലിലൂടെ പോകുമ്പോഴായിരുന്നു അന്തര്‍വാഹിനി ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെ ദേനയെ യുഎസ് മുക്കിയത്. കപ്പല്‍ മുക്കിയത് യുഎസ് ആണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നീങ്ങവേ ദേന ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 87 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 32 പേരെ രക്ഷിച്ചു. ബാക്കിയുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഫെബ്രുവരി 28-ാം തീയതി യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഐആര്‍ഐഎസ് ദേന, ഇന്ത്യയോട് സഹായങ്ങളൊന്നും തേടിയിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണത്ത് ഫെബ്രുവരി 16 മുതല്‍ 25 വരെ നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവില്‍ ദേന പങ്കെടുത്തിരുന്നു. ഫെബ്രുവരി 28-നാണ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുന്നത്. അതായത്, ആ സമയത്ത് കപ്പല്‍ ഇന്ത്യന്‍ തീരംവിടുകയും അന്താരാഷ്ട്ര സമുദ്രമേഖലയിലൂടെ നീങ്ങുകയുമായിരുന്നു. ദേനയും അതിന്റെ ജീവനക്കാരും ഫെബ്രുവരി 16 മുതല്‍ 25 വരെ മാത്രമായിരുന്നു ഇന്ത്യയുടെ അതിഥികളെന്നും കപ്പല്‍ ഇന്ത്യയോട് അതിനുശേഷം സഹായങ്ങള്‍ ചോദിച്ചിരുന്നില്ലെന്നും ഉന്നതവൃത്തങ്ങള്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ആശങ്ക
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയതില്‍ 37 ഇന്ത്യന്‍ കപ്പലുകളുമുണ്ടെന്നാണ് വിവരം. ഏകദേശം 1,109 നാവികരാണ് 37 കപ്പലുകളിലായുള്ളത്. ഇവരിപ്പോള്‍ പേര്‍ഷ്യന്‍ ഗള്‍ഫും ഗള്‍ഫ് ഒഫ് ഒമാനും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.കപ്പലുകളില്‍ ചിലത് ചരക്ക് നിറയ്ക്കാനായി കാത്തുകിടക്കുമ്പോള്‍ മറ്റ് ചിലത് ചരക്ക് നിറച്ച് യാത്രതുടരാനാകാതെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സമുദ്രഗതാഗത മേഖലയിലെ പ്രധാനസംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പോണേര്‍സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണെന്നും അവയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും സംഘടന അറിയിച്ചു.
കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ചാര്‍ട്ടര്‍മാര്‍ കപ്പലുകള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് മാര്‍ച്ച് രണ്ടിന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നാണ് ഐആര്‍ജിസി പറയുന്നത്. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും ആക്രമിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന് പൂര്‍ണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആര്‍ജിസി തസ്നിം ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ ചരക്കുഗതാഗതത്തില്‍ വളരെ നിര്‍ണായകമാണ് ഹോര്‍മുസ് കടലിടുക്ക്. ആകെ ഇറക്കുമതികളില്‍ അഞ്ചിലൊരു ഭാഗം നടക്കുന്നത് ഈ കടല്‍പ്പാതയെ ആശ്രയിച്ചാണ്. ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതിയുടെ ഏകദേശം 46 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. എണ്ണയ്ക്കപ്പുറം വ്യവസായിക കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവയുടെ ചരക്കുനീക്കവും ഈ മാര്‍ഗത്തിലൂടെയാണ് നടക്കുന്നത്. അതിനാല്‍ നിലവിലെ സാഹചര്യം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യാപാരത്തെയും ഊര്‍ജസുരക്ഷയെയും ഗുരുതരമായി ബാധിച്ചേക്കാം.സംഘര്‍ഷം രൂക്ഷമാകുകയോ കപ്പലുകള്‍ വഴിതിരിച്ചുവിടേണ്ട സാഹചര്യമോ വന്നാല്‍ ഇന്‍ഷുറന്‍സുള്‍പ്പടെയുള്ള ചെലവുകള്‍ ഉയരാന്‍ സാദ്ധ്യതയുണ്ട്. ഇത് വ്യാപാരച്ചെലവുകള്‍ ഉയര്‍ത്തുകയും രാജ്യത്ത് സകലമേഖലകളിലും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യും. സാഹചര്യം രൂക്ഷമായാല്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
