റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ദാരുണാന്ത്യം മറ്റന്നാള്‍ വിദേശത്തേയ്ക്ക് പോകാനിരിക്കെ; ജെയ്‌സ് ബെന്നിയുടെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം; കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴി ഒരു മാസത്തോളമായി മൂടാത്ത അവസ്ഥയില്‍; വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ചു മന്ത്രി

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Update: 2026-02-17 08:09 GMT

ഇടുക്കി: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയുടെ ഇരയായി യുവാവിന്റെ അന്ത്യം. റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യമാണ് സംഭവിച്ചത്. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടമുണ്ടായത്.

ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തുടര്‍ന്ന് ജെസ്സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റന്നാള്‍ വിദേശത്തേയ്ക്ക് പോകാനിരിക്കെയാണ് ദാരുണാന്ത്യം.സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. വീഴ്ച എവിടെയാണെന്ന് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം 16 വര്‍ഷമായി കുഴി ഇങ്ങനെ കിടക്കുകയാണെന്നും സമീപത്തെ കെട്ടിട ബില്‍ഡിംഗ് ഉടമസ്ഥന്‍ കുഴി മൂടാന്‍ തയ്യാറായെങ്കിലും പിഡബ്ലുഡി വകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചുമാത്രമെ കുഴിമൂടാന്‍ സാധിക്കൂവെന്ന് വകുപ്പ് നിലപാടെടുക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസി പ്രതികരിക്കുകയാിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു. അസി. എക്‌സിക്യുട്ടീവ് ഓഫീസറുടെ കസേരയില്‍ പ്രതിഷേധക്കാര്‍ പൂച്ചട്ടി വെച്ചു.

Tags:    

Similar News