സംശയമില്ല...ഇത് ചെയ്തത് അവർ തന്നെ! പടം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി; അല്ലാതെ വേറെ വ്യത്യാസം ഒന്നും തോന്നിയില്ല; ഓൺലൈനിൽ ചോർന്ന വിജയ് യുടെ അവസാനത്തെ സിനിമ 'ജനനായകൻ' താൻ കണ്ടുവെന്ന അവകാശവാദവുമായി നടി കസ്തൂരി; കൂടെ മറ്റൊരു വെളിപ്പെടുത്തലും
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനായ ചിത്രം 'ജനനായകൻ' റിലീസിന് മുൻപേ ഇന്റർനെറ്റിലും കേബിൾ ടിവിയിലും പ്രചരിച്ച സംഭവത്തിൽ തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സിനിമയുടെ എച്ച്ഡി പതിപ്പ് ചോർന്നതിൽ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ചിത്രത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളുമായി നടിയും ബിജെപി പ്രവർത്തകയുമായ കസ്തൂരി രംഗത്തെത്തിയിരിക്കുന്നത്.
വാട്സാപ്പിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുന്ന സിനിമയുടെ ഭാഗങ്ങൾ താൻ കണ്ടുവെന്ന് കസ്തൂരി അവകാശപ്പെട്ടു. സിനിമയെക്കുറിച്ചുള്ള നടിയുടെ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:
ചിത്രം ഒരു സിനിമ എന്നതിലുപരി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) മൂന്ന് മണിക്കൂർ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ്. സിനിമ കണ്ടു കഴിയുന്നവർ ടിവികെയ്ക്ക് വോട്ട് ചെയ്യാനാണ് സാധ്യതയെന്നും ഇത് ബിജെപിക്കോ ഡിഎംകെയ്ക്കോ ഗുണം ചെയ്യില്ലെന്നും അവർ പറഞ്ഞു.
സെൻസർ ബോർഡിനെയും മന്ത്രാലയത്തെയും വെട്ടിച്ച് ചിത്രം എങ്ങനെ ചോർന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുൻപ് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ വോട്ടർമാരെ സ്വാധീനിക്കാൻ ടിവികെ പ്രവർത്തകർ തന്നെയാകാം ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് കസ്തൂരി സംശയം പ്രകടിപ്പിച്ചു. തമിഴ്നാട് രാഷ്ട്രീയം പച്ചയായി പറയുന്ന ചിത്രം തിയറ്ററുകളിൽ എത്താതിരിക്കാൻ ഡിഎംകെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും നടി ആരോപിച്ചു.
സിനിമയുടെ എച്ച്ഡി പതിപ്പ് ചോർന്ന സംഭവത്തിൽ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ ആറ് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെ ഏപ്രിൽ 11-ന് 'ജനനായകൻ' നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തിരുന്നു. ഈ സംഭവത്തിൽ ചാനലുടമയെ പോലീസ് പിടികൂടി. തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഒരു മുഴുനീള ചിത്രം പ്രാദേശിക ചാനലിലൂടെ പ്രദർശിപ്പിച്ചത് സിനിമാ വ്യവസായത്തെ ഞെട്ടിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ചോർച്ച വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാകുമ്പോഴും, കോടികൾ മുടക്കി നിർമ്മിച്ച ചിത്രം പൈറസിക്ക് ഇരയായതിൽ അണിയറ പ്രവർത്തകർ അതീവ ദുഃഖത്തിലാണ്. സെൻസർ ചെയ്ത കോപ്പി തന്നെയാണോ പുറത്തുവന്നതെന്ന പരിശോധനയും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സിനിമയുടെ റിലീസിന് പലവിധ തടസ്സങ്ങൾ നേരിടുന്നതിനിടയിലാണ് ഇത്തരമൊരു വൻ തിരിച്ചടി കൂടി ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. സിനിമയുടെ പകർപ്പവകാശ ലംഘനത്തിന് പുറമെ ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമായേക്കും.
