പഴയ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ജനശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍; മയക്കുമരുന്ന് ഉല്പ്പാദനവും അനധികൃത പുകയില ഉല്പാദനവും പ്രധാന മേഖലകള്‍; രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ചെറു കടകള്‍ ഏറ്റെടുത്ത് വ്യാപാരം കൊഴിപ്പിക്കുന്നു; ബ്രിട്ടനെ ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ കീഴടക്കുന്നു

Update: 2026-04-14 05:45 GMT

ലണ്ടന്‍: ഷെഫീല്‍ഡിന്റെ പ്രാന്തപ്രദേശത്തുള്ള, പ്രവര്‍ത്തനം നിര്‍ത്തിയ പള്ളി പക്ഷെ പ്രദര്‍ശിപ്പിക്കുന്നത് ജീര്‍ണ്ണാവസ്ഥയല്ല. തികച്ചും സാധാരണ കെട്ടിടം പോലെ തന്നെ നിലനില്‍ക്കുന്ന അത് പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്നുമില്ല. ഇത്തരം ഇടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് ട്രയാഡ്‌സ് എന്നറിയപ്പെടുന്ന ചൈനീസ് ക്രിമിനല്‍ സംഘങ്ങള്‍ എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്ന ടി എം ഐ എന്ന സംഘടനയുടെ മേധാവി ഡേവിഡ് മെക് കെല്‍വി പറയുന്നത്. സംഘത്തിനായി പ്രവര്‍ത്തിക്കുന്നവരൊക്കെയും സാധാരണ പ്രവൃത്തി സമയങ്ങളില്‍ തന്നെയായിരിക്കും ഇത്തരം കേന്ദ്രങ്ങളില്‍ വന്നു പോവുക എന്നാണ്. അത് പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്നത് തടയാനായിട്ടാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഒമ്പത് മാസം നീണ്ട നിരീക്ഷണത്തിനു ശേഷമായിരുന്നു മെക് കെല്‍വി ആ പള്ളി റെയ്ഡ് ചെയ്തത്. അനധികൃത പുകയില ഉല്‍പ്പാദനകേന്ദ്രമായി മാറിയിരുന്നു അപ്പോഴേക്കും ആ മുന്‍ ദേവാലയം. മെട്രോപോളിറ്റന്‍ പോലീസില്‍ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടറായിരുന്ന മെക് കെല്‍വിക്ക് സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. ഏറെ കുപ്രസിദ്ധമായ ചൈനീസ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ് ആയ ട്രയാഡ്‌സിനെ കുറിച്ചുള്ള അന്വേഷണം നടത്തിയ വ്യക്തിയുമാണ് അദ്ദേഹം. 1940 കളില്‍ ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റം വ്യാപകമായ സമയത്താണ് ഇത്തരം സംഘങ്ങള്‍ ബ്രിട്ടനില്‍ വേരുറപ്പിക്കുന്നത്.

നേരത്തെ ഇത്തരം സംഘങ്ങളുടെ പല പ്രവര്‍ത്തനങ്ങളും തടയുകയും, സംഘത്തലവന്മാരെ പ്രോസിക്യൂഷന് വിധേയമാക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് മെക് കെല്‍വി. എന്നാല്‍, ഇപ്പോള്‍ അവരുടെ സ്വാധീനം നഗരമധ്യത്തില്‍ നിന്നും പ്രാന്തപ്രദേശങ്ങളിലേക്കും ചെറു പട്ടണങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫ്‌ലാറ്റുകള്‍, ടെറസ്ഡ് വീടുകള്‍ തുടങ്ങി, മാന്യമായ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ആരും ഇക്കൂട്ടരെ സംശയിക്കുകയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അവരുടെ സ്വാധീനം ഇന്ന് രാജ്യവ്യാപകമായിട്ടുണ്ട്. എഡിന്‍ബര്‍ഗിലെ വാടകയ്‌ക്കെടുത്ത ഒരു വെയര്‍ഹൗസിലായിരുന്നു അവരുടെ ഏറ്റവും വലിയ മയക്കു മരുന്ന് ഉത്പാദന കേന്രം പ്രവര്‍ത്തിച്ചിരുന്നത്. ചൈനയില്‍ നിന്നും ബ്രിട്ടനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളായിരുന്നു അവിടെ പ്രധാനമായും ജോലി ചെയ്തിരുന്നത്. ബ്രിട്ടനില്‍ ജനിച്ചവരെ ഇത്തരം സംഘങ്ങള്‍ ഒരിക്കലും ജോലിയില്‍ നിയമിക്കില്ല. ഇവിടെയുള്ളവരില്‍ അധികവും ചൈനയിലെ ഫ്യൂജിയന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. കള്ളപ്പണം കടത്തുക, മയക്കു മരുന്ന് പാക്ക് ചെയ്യുക തുടങ്ങിയ ജോലികളാണ് ട്രയാഡിന്റെ സൈനികര്‍ എന്നറിയപ്പെടുന്ന ഇവര്‍ ചെയ്തിരുന്നത്.

മറ്റ് ക്രിമിനല്‍ സംഘങ്ങളേക്കാള്‍ വളരെയധികം സുസംഘടിതമായ ഒരു ഘടനയാണ് ചൈനീസ് സംഘങ്ങള്‍ക്ക് ഉള്ളതെന്ന് മെക് കെല്‍വി പറയുന്നു. ക്യാപ്റ്റന്‍, ലെഫ്റ്റനന്റ്, സാധാരണ സൈനികര്‍ എന്ന രീതിയില്‍ ഒരു സൈന്യത്തെപ്പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കായി കര്‍ശനമായ നിയമങ്ങളുമുണ്ട്. പൊതുജനശ്രദ്ധയാകര്‍ഷിക്കാതെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ പോലീസ് ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ പലപ്പോഴും പോലീസ് നിരീക്ഷണത്തിലുള്ള, കുറ്റകൃത്യങ്ങള്‍ ഏറെ നടക്കുന്ന സ്ഥലങ്ങളെ ഒഴിവാക്കും. ക്ലാസ് സി മയക്കുമരുന്നുകളുടെയും അനധികൃത പുകയിലെ ഉത്പന്നങ്ങളുടെയും വ്യാപാരത്തിലൂടെ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്.

എന്നാല്‍, അടുത്തിടെയായി ഇത്തരം സംഘങ്ങള്‍ ഓപിയോയിദ് ഫെന്റാനില്‍ പോലുള്ള ക്ലാസ് എ മയക്കുമരുന്നുകളുടെ നിര്‍മ്മാണത്തിലേക്കും കടന്നിട്ടുണ്ടത്രെ. അതുകൂടാതെ മനുഷ്യക്കടത്തിലും ഈ സംഘങ്ങള്‍ സജീവമാണ്. അനധികൃത പുകയില ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ചുള്ള അവബോധം ശക്തമായതോടെയാണ് ഇപ്പോള്‍ പോലീസ് ഈ സംഘങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ എടുത്തു തുടങ്ങിയത്. അതിനു പുറമെ സെന്‍ട്രല്‍ ലണ്ടനില്‍ ചൈനയുടെ മെഗാ എമ്പസി പണിയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതും ഈ സംഘങ്ങളെ നിരീക്ഷണത്തിലാക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സുപ്രധാന ഇടത്ത് എംബസി വരുന്നത് ചാരപ്രവര്‍ത്തനത്തെ ശക്തമാക്കുമെന്ന ആരോപണം നിലനില്‍ക്കുന്നതിനാലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തില്‍ ഒരു കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിന്റെ ആസ്ഥാനമായിരുന്നു കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണ്‍സ്റ്റോണ്‍ ഹൈ റോഡിലെ ഒരു ചൈനീസ് റെസ്റ്റോറന്റിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്യൂജിയന്‍ ബിസിനസ്സ് സെന്റര്‍. ഒന്നര വര്‍ഷം മുന്‍പായിരുന്നു അത് അടച്ചുപൂട്ടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ചൈനീസ് സംഘങ്ങളുടെ അനധികൃത പുകയില ശൃംഖല തകര്‍ക്കാനാണ് പോലീസ് ശ്രദ്ധിക്കുന്നത്. നികുതിയുള്‍പ്പടെ 23 പൗണ്ട് വില വരുന്ന നിയമപരമായ പുകയില ഉത്പന്നങ്ങള് അനധികൃതമായി നിര്‍മ്മിച്ച് 3 പൗണ്ടിനാണ് ഇത്തരം സംഘങ്ങള്‍ വില്‍ക്കുന്നത്. ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഇതുവഴി സര്‍ക്കാരിനുണ്ടാകുന്നത്. കോര്‍ണര്‍ ഷോപ്പുകളും മറ്റും ബിനാമി പേരിലെടുത്താണ് ഇവര്‍ പ്രധാനമായും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

വന്‍ ബിസിനസ്സുകാര്‍ക്ക് സംരക്ഷണം ഒരുക്കി അവരില്‍ നിന്നും പ്രൊട്ടക്ഷന്‍ മണി ഈടാക്കുന്നതാണ് ഇത്തരം സംഘങ്ങളുടെ മറ്റൊരു വരുമാന മാര്‍ഗ്ഗം. ആയിരക്കണക്കിന് പൗണ്ടാണ് ഓരോ മാസവും ഇത്തരത്തില്‍ ഇവര്‍ പിടിച്ചു പറിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ചിലയിടങ്ങളില്‍ വീടുകളുടെയും മറ്റും മുന്‍വശങ്ങളില്‍ ചുവപ്പ് പെയിന്റടിച്ച് വികൃതമാക്കിയിരുന്നതും ഇത്തരം സംഘങ്ങളായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. വായ്പ എടുത്ത് അത് തിരികെ അടയ്ക്കാത്തവര്‍ക്ക് ഭീഷണിയായി ഹോങ്കോംഗിലും മറ്റും ക്വട്ടേഷന്‍ സംഘങ്ങള്‍ ചെയ്യുന്ന പദ്ധതിയാണിത്.

Similar News