മാനേജ്മെന്റിനെ രക്ഷിച്ചെടുക്കാനായി രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് പോലീസ് അന്വേഷണം വഴിമാറ്റുമോ? അഞ്ചരക്കണ്ടിയിലെ നിതിന്റെ മരണം: അന്വേഷണം വഴിതിരിച്ചുവിടാന്‍ 'ലോണ്‍ ആപ്പ്' തന്ത്രം; പിന്നില്‍ കണ്ണൂരിലെ സി.പി.എം. നേതാവെന്ന് ആരോപണം; ബോഡിഷെയിമിംഗും ക്രിമിനല്‍ കുറ്റം; കുട്ടികളുടെ മൊഴി വിനയാകും; തലപുകച്ച് അട്ടിമറിക്കാര്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം സജീവം. കോളേജ് ക്യാമ്പസിനുള്ളിലെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമായ സാഹചര്യത്തിലും, കേസ് 'ലോണ്‍ ആപ്പ്' കെണിയില്‍ ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ കണ്ണൂരിലെ പ്രമുഖനായ ഒരു സി.പി.എം. നേതാവിന്റെ കുതന്ത്രങ്ങളാണെന്ന ആക്ഷേപം ശക്തമാകുകയാണ്.
മാനേജ്മെന്റിനെ രക്ഷിച്ചെടുക്കാനായി രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് പോലീസ് അന്വേഷണം വഴിമാറ്റുന്നുവെന്നാണ് സൂചന. നിതിന്റെ മരണം ലോണ്‍ ആപ്പ് വഴിയുള്ള സാമ്പത്തിക ബാധ്യത മൂലമാണെന്ന് വരുത്തിത്തീര്‍ത്താല്‍ കോളേജ് അധികൃതര്‍ക്കും പ്രതികളായ അധ്യാപകര്‍ക്കും കേസില്‍ നിന്ന് എളുപ്പത്തില്‍ ഊരിപ്പോകാം. ഈ പശ്ചാത്തലത്തിലാണ് പോലീസിന്റെ നീക്കങ്ങളും ലോണ്‍ ആപ്പ് കേന്ദ്രീകരിച്ച് നീങ്ങുന്നത്.
എന്നാല്‍, അന്വേഷണ സംഘത്തിന് മുന്നില്‍ കുട്ടികള്‍ നല്‍കുന്ന മൊഴികള്‍ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും വലിയ തലവേദനയാകുന്നുണ്ട്. കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം വിദ്യാര്‍ഥികളെ നിരന്തരം ബോഡി ഷെയ്മിംഗിന് ഇരയാക്കിയിരുന്നതായും ജാതീയമായി അധിക്ഷേപിച്ചിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 'ബ്ലാക്കി', 'കോക്രോച്ച്' തുടങ്ങിയ ക്രൂരമായ വിളികള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പതിവായിരുന്നുവെന്നും ഇതിനെതിരെ നല്‍കിയ പരാതികള്‍ കോളേജ് ഡീന്‍ പൂഴ്ത്തിയെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
പോലീസ് ഇതിനോടകം ചില വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മകന്‍ നേരിട്ട ജാതി അധിക്ഷേപങ്ങള്‍ മറച്ചുവെക്കാനാണ് ലോണ്‍ ആപ്പ് കഥകള്‍ മെനയുന്നതെന്ന് നിതിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രതികളായ അധ്യാപകര്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ സംരക്ഷിക്കപ്പെടുന്നു എന്നാണ് സൂചന.
സര്‍ക്കാര്‍ നിതിന്റെ കുടുംബത്തിനൊപ്പമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിക്കുമ്പോഴും, കണ്ണൂരിലെ സി.പി.എം. നേതൃത്വത്തിന്റെ ഇടപെടലുകള്‍ നീതി ഉറപ്പാക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് കുടുംബം. വിദ്യാര്‍ഥി യൂണിയനുകള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരരംഗത്തുണ്ടെങ്കിലും, ലോണ്‍ ആപ്പിന്റെ മറവില്‍ സത്യം കുഴിച്ചുമൂടാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുകയാണ്.