സ്വന്തം പാര്‍ട്ടിക്കാരും അനുയായികളും പോലും ചിത്രത്തെ 'ദൈവനിന്ദ' എന്ന് വിശേഷിപ്പിച്ചത് തിരിച്ചടിയായി; താന്‍ തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കണ്ടതെന്നും അത് യേശുവാണെന്ന് കരുതിയിരുന്നില്ലെന്നും ട്രംപിസം; ക്രിസ്തുവായി ചിത്രീകരിച്ച എഐ ചിത്രം; വിവാദത്തില്‍ വിചിത്രവാദവുമായി ട്രംപ്; ഒപ്പം മക്‌ഡൊണാള്‍ഡ്സ് കിറ്റുകളും; മാര്‍പ്പാപ്പാ അധിക്ഷേപം അതിരുവിടുമ്പോള്‍
വാഷിങ്ടണ്‍: തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. താന്‍ തന്നെത്തന്നെ ഒരു ഡോക്ടറായാണ് ചിത്രത്തില്‍ കണ്ടതെന്നും അത് യേശുവാണെന്ന് കരുതിയിരുന്നില്ലെന്നുമാണ് ട്രംപിന്റെ വാദം. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
കൈകളില്‍ നിന്ന് ദിവ്യപ്രകാശം പുറപ്പെടുന്ന രീതിയില്‍, വെള്ള വസ്ത്രവും ചുവന്ന ഷാളും അണിഞ്ഞ് രോഗികളെ സുഖപ്പെടുത്തുന്ന ട്രംപിനെയാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഇത് റെഡ്‌ക്രോസ് പ്രവര്‍ത്തകനായ ഡോക്ടറാണെന്നാണ് താന്‍ കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. 'ഞാന്‍ ആളുകളെ സുഖപ്പെടുത്തുന്ന ഒരു ഡോക്ടറായാണ് ഇതില്‍ വരുന്നത്. ഞാന്‍ ആളുകളെ സുഖപ്പെടുത്താറുണ്ട്,' ട്രംപ് അവകാശപ്പെട്ടു.
ട്രംപിന്റെ സ്വന്തം പാര്‍ട്ടിക്കാരും അനുയായികളും പോലും ചിത്രത്തെ 'ദൈവനിന്ദ' എന്ന് വിശേഷിപ്പിച്ചതോടെ തിങ്കളാഴ്ച രാവിലെ ചിത്രം അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, താന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ട്രംപിന്റെ കൈകളില്‍ മക്‌ഡൊണാള്‍ഡ്സ് ഭക്ഷണപ്പൊതികള്‍ ഉണ്ടായിരുന്നത് ദൃശ്യങ്ങള്‍ക്ക് കൗതുകം പകര്‍ന്നു.
തീവ്ര ട്രംപ് അനുകൂലിയായ കോണ്‍ഗ്രസ് അംഗം മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ പോലും ഈ ചിത്രത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത് വെറും ദൈവനിന്ദയല്ലെന്നും ഇതിന് പിന്നില്‍ 'അന്തിക്രിസ്തുവിന്റെ' സ്വഭാവമാണെന്നുമാണ് ഗ്രീന്‍ പ്രതികരിച്ചത്. മതവിശ്വാസികളെയും വലതുപക്ഷ അനുയായികളെയും ചിത്രം ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധ വലതുപക്ഷ നിരീക്ഷകനായ മൈക്കല്‍ നോള്‍സ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രം ഉടന്‍ നീക്കം ചെയ്യാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയമായും ആത്മീയമായും ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്തിനാണ് ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അല്പം വിനയം ട്രംപിന് നല്ലതാണെന്നും അത്ലറ്റ് റിലി ഗെയ്ന്‍സ് തുറന്നടിച്ചു.
അതേസമയം, വത്തിക്കാനിലെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രംപ് കടുത്ത വാക്‌പോരിലാണ്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ സ്വീകരിച്ച നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നെങ്കില്‍ മാര്‍പ്പാപ്പ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു എന്നുവരെ ട്രംപ് പരിഹസിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലും മാര്‍പ്പാപ്പയോട് ക്ഷമ ചോദിക്കാന്‍ ട്രംപ് തയ്യാറായില്ല. മാര്‍പ്പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൃദുസമീപനം ഉള്ളയാളാണെന്നും വിദേശനയത്തില്‍ പരാജയമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നതിനെ മാര്‍പ്പാപ്പ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കത്തോലിക്കാ വിശ്വാസികളുമായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരെ ട്രംപിന്റെ ഈ നീക്കങ്ങള്‍ വെട്ടിലാക്കിയിരിക്കുകയാണ്. വത്തിക്കാനുമായുള്ള ബന്ധം വഷളാകുന്നത് തടയാന്‍ ഇവര്‍ നേരിട്ട് ഇടപെടണമെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.
ട്രംപ് ഭരണകൂടത്തിലെ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ അംഗമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍, ട്രംപിന്റെ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറഞ്ഞു. മാര്‍പ്പാപ്പയെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം അനാദരവാണെന്നും ട്രംപ് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകൂടത്തിലെ മുതിര്‍ന്ന കത്തോലിക്കാ അംഗങ്ങള്‍ വത്തിക്കാന്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇറാന്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച സൈനിക നീക്കങ്ങളെ മാര്‍പ്പാപ്പ വിമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ആരെയും പേരെടുത്ത് പറയാതെയായിരുന്നു മാര്‍പ്പാപ്പയുടെ വിമര്‍ശനം. എന്നാല്‍ ട്രംപ് ഇതിനെ വ്യക്തിപരമായ ആക്രമണമായി കണ്ട് പ്രതികരിക്കുകയായിരുന്നു. ലോകത്ത് നിരപരാധികള്‍ കൊല്ലപ്പെടുകയാണെന്നും അത് തുറന്നുപറയാന്‍ താന്‍ ഭയപ്പെടുന്നില്ലെന്നും മാര്‍പ്പാപ്പ തിരിച്ചടിച്ചു.
ട്രംപിന്റെ ആത്മീയ കാര്യങ്ങളെക്കുറിച്ചും മുന്‍പ് വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. താന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ എന്ന കാര്യത്തില്‍ തനിക്ക് തന്നെ ഉറപ്പില്ലെന്ന് ട്രംപ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, തന്നെത്തന്നെ യേശുവായി ചിത്രീകരിച്ചത് ഒരു രാഷ്ട്രീയ തന്ത്രമാണോ അതോ അബദ്ധമാണോ എന്ന ചര്‍ച്ച യുഎസ് രാഷ്ട്രീയത്തില്‍ കൊഴുക്കുകയാണ്.
