'ക്ലാസിൽ നേരെ പഠിപ്പിക്കാറില്ല, നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു'; അധ്യാപകനല്ല, അയാൾ ഒരു മൃഗമെന്ന് സഹപാഠി; തനിക്ക് ഒന്നും സംഭവിക്കില്ലെന്ന അഹങ്കാരം; ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്തുന്നത് പതിവ്; ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ; നിതിൻ രാജിന്റെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Update: 2026-04-13 16:01 GMT

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി സഹപാഠികൾ രംഗത്ത്. വകുപ്പ് മേധാവി ഡോ. എം.കെ. റാം വിദ്യാർഥികളെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും നിതിനെ ലക്ഷ്യം വെച്ച് ആക്ഷേപിച്ചിരുന്നതായും സഹപാഠി ആർച്ച പറഞ്ഞു. എച്ച് ഒ ഡിയെ പേടിച്ചാണ് പലരും ഒന്നും പറയാത്തതെന്നും അധ്യാപകൻ പഠിപ്പിക്കാൻ യോഗ്യനല്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.

"ക്ലാസിൽ ഇയാൾ നേരെ പഠിപ്പിക്കാറില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്യുകയായിരുന്നു. പുറത്തുപറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് ഭയന്നാണ് പലരും പ്രതികരിക്കാത്തത്. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന അഹങ്കാരമാണ് എച്ച്ഒഡിക്ക്. സർ അല്ല, അയാൾ വെറുമൊരു മൃഗമാണ്. പഠിപ്പിക്കാൻ ഒട്ടും യോഗ്യനല്ല"- ആർച്ച വെളിപ്പെടുത്തി. ലത ടീച്ചർ ഉൾപ്പെടെയുള്ളവർ കുട്ടികൾ നന്നായി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും ആർച്ച കൂട്ടിച്ചേർത്തു.

അതേസമയം, മുൻപും ഡോ. റാമിനെതിരെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് അഞ്ചാം വർഷ വിദ്യാർഥിനി കീർത്തി പറഞ്ഞു. സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കുക, ബോഡി ഷെയ്മിങ് നടത്തുക, ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കുക തുടങ്ങിയ ക്രൂര വിനോദങ്ങൾ ഇയാൾ ക്ലാസിൽ നടത്തിയിരുന്നതായും വിദ്യാർഥികൾ ആരോപിച്ചു. മുൻപ് രണ്ടുതവണ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്നുമാണ് കുടുംബത്തിന്റെ പരാതി.

സംഭവം വിവാദമായതോടെ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളജ് സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്.

വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അവന്‍ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്തതെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് കോളേജ് അധികൃതരെയും കുറ്റാരോപിതനായ അധ്യാപകനെയും സംരക്ഷിക്കാന്‍ ബോധപൂര്‍വ്വം ചമച്ച തിരക്കഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്‌ഐടി വിശദമായി അന്വേഷിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ പി. നിഥിന്‍ രാജ് അറിയിച്ചു. നിതിന്‍രാജിന്റെ മരണത്തില്‍ ആത്മഹത്യാകുറ്റത്തിന് കേസെടുത്ത അദ്ധ്യാപകര്‍ക്കെതിരെഎസ്.സി/എസ്.ടി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. മരിച്ച നിതിന്‍രാജിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട് കണ്ണൂര്‍ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.

Tags:    

Similar News