'സാറേ' സുഖമാണല്ലോ ല്ലേ...! സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ...! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ....! സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ...! ആ 'രക്ഷാപ്രവര്‍ത്തനത്തിന് ' കണക്കുചോദിക്കും; മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കെ.എസ്.യു നേതാവിന്റെ വെല്ലുവിളി; നവകേരള സദസിനിടെയുണ്ടായ മര്‍ദനത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ഗണ്‍മാന് കെഎസ് യു നേതാവിന്റെ ഭീഷണി

Update: 2026-04-13 14:56 GMT

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പരസ്യ വെല്ലുവിളിയുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുഡിഎഫ് ഭരണത്തിലെത്തുമെന്നും അന്ന് ക്രൂരമര്‍ദനത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് 'കൊടുക്കേണ്ടത് കൊടുക്കുമെന്നും' സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

'സാറേ സുഖമാണല്ലോ അല്ലേ... സുഖിക്കാന്‍ പോകുന്നതേയുള്ളൂ!'

മര്‍ദന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അരുണ്‍ രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇതിലെ വരികള്‍ വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്: 'ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ. ഞങ്ങളെല്ലാം മറന്നെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്ന് ഉറപ്പ് വരുത്തണം. ഞങ്ങളുടെ കണക്കുപുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്.'

മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ പൊലീസുകാരനായ സന്ദീപിനെ ലക്ഷ്യം വെച്ചാണ് ഈ പോസ്റ്റ്. 22 ദിവസങ്ങള്‍ക്കപ്പുറം (വോട്ടെണ്ണലിന് ശേഷം) കാര്യങ്ങള്‍ മാറിമറിയുമെന്നാണ് നേതാവിന്റെ ഭീഷണി.

അരുണ്‍ രാജേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'സാറേ' സുഖമാണല്ലോ ല്ലേ...!

സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ...!

22 ദിവസം കൂടെ കഴിഞ്ഞോട്ടെ....!

സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ...!

ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ...!

ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം...!

ഞങ്ങളുടെ കണക്കു പുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്....!

ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ 'സാറേ '

മര്‍ദനവും 'രക്ഷാപ്രവര്‍ത്തന' വിവാദവും

2023 ഡിസംബര്‍ 15-നാണ് കേരളത്തെ പിടിച്ചുലച്ച ആലപ്പുഴയിലെ മര്‍ദന സംഭവം നടക്കുന്നത്. നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.

തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് 'രക്ഷാപ്രവര്‍ത്തനമാണ്' എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലടക്കം നല്‍കിയ വിശദീകരണം. മര്‍ദനത്തിന് തെളിവില്ലെന്ന് കാട്ടി 2024-ല്‍ ക്രൈംബ്രാഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കോടതി തള്ളുകയും മര്‍ദന ദൃശ്യങ്ങള്‍ പരിശോധിച്ച് തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.

അന്വേഷണം നേരിടുന്നതിനിടെ ഗണ്‍മാന്‍ അനില്‍കുമാറിന് കഴിഞ്ഞ മാസം റിസര്‍വ് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Tags:    

Similar News