നോര്‍ക്കയുടെ മറവില്‍ പ്രവാസികളെ പിഴിഞ്ഞ് സ്വകാര്യ ഏജന്‍സി; ഇന്‍ഷുറന്‍സ് കമ്മീഷന്‍ ഇനത്തില്‍ തട്ടുന്നത് കോടികള്‍! ഓണ്‍ലൈനില്‍ പോളിസി എടുക്കുന്നവര്‍ നേരെ പോകുന്നത് സ്വകാര്യ ഏജന്‍സിയുടെ സൈറ്റിലേക്ക്; 'സൗജന്യ സേവനമെന്ന്' സിഇഒ; പ്രവാസികള്‍ക്ക് കിട്ടേണ്ട സബ്സിഡി തട്ടുന്നത് കോടീശ്വരന്‍മാരായ ബ്രോക്കര്‍മാര്‍; നോര്‍ക്ക കെയര്‍ പ്ലസിലെ ചീഞ്ഞുനാറുന്ന ഡീലുകള്‍ പുറത്ത്
നോര്‍ക്ക കെയര്‍ പ്ലസിലെ ചീഞ്ഞുനാറുന്ന ഡീലുകള്‍ പുറത്ത്
തിരുവനന്തപുരം: നോര്‍ക്ക പ്രവാസികള്‍ക്കായി അവതരിപ്പിച്ച നോര്‍ക്ക കെയര്‍ പ്ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനം സംശയ നിഴലില്‍. പദ്ധതിയുടെ നിര്‍വഹണം സ്വകാര്യ ഏജന്‍സിക്ക് നല്‍കിയിരിക്കുകയാണ്. നോര്‍ക്കയുടെ സൈറ്റില്‍ കയറി പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ നേരെ പോകുന്നത് സ്വകാര്യ ഏജന്‍സിയുടെ സൈറ്റിലേക്ക്. സ്വകാര്യ ബ്രോക്കിങ് ഏജന്‍സി പൂര്‍ണമായും സൗജന്യമായിട്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നതെന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് നോര്‍ക്ക നേരിട്ടാണ് പണം നല്‍കുന്നതെന്നും സിഇഒ അജിത് കൊളാടി പറയുന്നു. എന്നാല്‍, കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്ന കോടികള്‍ ഏജന്‍സി പോക്കറ്റിലാക്കുന്നത് സംബന്ധിച്ച് ഇവര്‍ക്കൊന്നുമറിയില്ലെന്നാണ് പറയുന്നത്.
സാധുവായ നോര്‍ക്ക പ്രവാസി ഐഡി/സ്റ്റുഡന്റ് ഐഡി/എന്‍ആര്‍ഐ ഐഡി കാര്‍ഡുള്ള 18 നും 70 നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. ആദ്യം 450 രൂപ മുടക്കി നോര്‍ക്ക ഐഡി കാര്‍ഡ് എടുക്കണം. അതിന് ശേഷം ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ നോര്‍ക്ക സൈറ്റില്‍ നിന്ന് norkacareplus.akshayagroup.net.in എന്ന സൈറ്റിലേക്കാണ് റീഡയറക്ട് ചെയ്യുന്നത്. ഈ സൈറ്റ് എഡിഎസ്എല്‍ എന്ന ഒരു കമ്പനിയുടേത് എന്നാണ് കാണിക്കുന്നത്. അതായത് akshayagroup.net.in എന്ന കമ്പനി അവരുടെ അതില്‍ പറയുന്നത് അക്ഷയ ഡൈനാമിക് സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. പക്ഷേ, ഈ പേരില്‍ പോളിസി ബ്രോക്കേജ് സ്ഥാപനം നിലവിലില്ല. ഇനി ഇവരുടെ പേജില്‍ കയറി നോക്കിയാല്‍ കാണാന്‍ കഴിയുന്നത് ബംഗളൂരു അഡ്രസാണ്. ഈ അഡ്രസ് നിലവിലില്ലാത്തതാണ്. About us പേജിലാകട്ടെ ഒരു യുഎസ് അഡ്രസും യുകെ ഫോണ്‍ നമ്പരുമാണ്. ഇതില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡിയും പ്രവര്‍ത്തിക്കാത്തതാണ്.
ഇനി ഇതിലെ മുകളില്‍ പറഞ്ഞ ലിങ്കിന്റെ അവസാനമുള്ള .in മാറ്റിയാല്‍ akshayagroup.net എന്നൊരു ലിങ്കിലേക്ക് പോയാല്‍ ഐആര്‍ഡിഎ അംഗീകരിച്ച അക്ഷയ ഇന്‍ഷുറന്‍സ് ബ്രോക്കറേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ശരിക്കുള്ള പോളിസി ബ്രോക്കറുടെ പേജിലെത്തും. രണ്ട് സൈറ്റിലെയും ലോഗോയും പേജ് ലേഔട്ടുകളും ഏകദേശം ഒരു പോലെ ആണ്. നോര്‍ക്കയോടോ ഏജന്‍സിയോടോ ഈ പോളിസിയുടെ ടേംസ് ആന്‍ഡ് കണ്ടിഷന്‍ ചോദിച്ചാല്‍ അത് ലഭ്യമല്ല. മറിച്ച് ഈ പോളിസിയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്ന ഒരു പരസ്യ കട്ടിങ്ങിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു നല്‍കും. ഇന്ത്യക്ക് പുറത്ത് പ്രവാസികള്‍ക്കിടയില്‍ പലരും ഈ പോളിസി എടുപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള മാര്‍ക്കറ്റിങ് പരിപാടികള്‍ നടത്തുന്നുണ്ട്. മിനിമം 25,000 മുതല്‍ 75,000 രൂപ വരെ പ്രീമിയം എന്ന പേരില്‍ പിരിച്ചാണ് പോളിസിയില്‍ ചേര്‍ക്കുന്നത്.
പദ്ധതി തീര്‍ത്തും സംശയകരമായ സാഹചര്യത്തിലായതിനാല്‍ മറുനാടന്‍ നോര്‍ക്ക സിഇഓ അജിത് കോളാശേരിയുമായി ബന്ധപ്പെട്ടു. പദ്ധതി നിര്‍വഹണം ഐആര്‍ഡിഎ അംഗീകരിച്ച ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ പൂര്‍ണമായും സൗജന്യമായിട്ടാണ് പദ്ധതി നടത്തുന്നത്. മത്സരസ്വഭാവമുള്ള ടെണ്ടര്‍ വിളിച്ചാണ് ഈ ഏജന്‍സിക്ക് നിര്‍വഹണ ചുമതല നല്‍കിയത്. പദ്ധതിക്ക് പറയുന്ന മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കപ്പെടുന്നതു കൊണ്ടാണ് അവര്‍ക്ക് തന്നെ നല്‍കിയിരിക്കുന്നത്. കാലാവധി ഒരു വര്‍ഷമാണ്. അതാത് വര്‍ഷം പുതുക്കി നല്‍കും. പോളിസി എടുക്കുന്നയാള്‍ അടയ്ക്കുന്ന പ്രീമിയം തുക നേരെ നോര്‍ക്കയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇവിടെ നിന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് പണം കൈമാറുന്നത്. നിലവില്‍ ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയാണ് നല്‍കുന്നത്. ഏതു കമ്പനിക്ക് പോളിസി നല്‍കണമെന്ന് തെരഞ്ഞെടുക്കുന്നത് ബ്രോക്കിങ് ഏജന്‍സിയാണ്. നടപടി ക്രമങ്ങള്‍ എല്ലാം സുതാര്യമാണെന്നും നോര്‍ക്ക സിഇഓ പറയുന്നു.
ബ്രോക്കിങ് ഏജന്‍സിക്ക് കിട്ടുന്നത് കോടികള്‍; നോര്‍ക്ക നേരിട്ട് പദ്ധതി നടത്തിയാല്‍ പ്രയോജനം പ്രവാസികള്‍ക്ക്
നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ചാല്‍ കമ്മിഷന്‍ ഇനത്തില്‍ കോടികള്‍ സ്വകാര്യ ബ്രോക്കിങ് ഏജന്‍സിയുടെ കൈയിലെത്തുമെന്ന് മനസിലാക്കാം. എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഏജന്‍സി കമ്മിഷന്‍ ഒരു നിശ്ചിത ശതമാനം അതാത് കമ്പനികള്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് മാരുതി നിര്‍മിച്ച് വില്‍ക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ബ്രോക്കിങ് ഏജന്റ് മാരുതി കമ്പനി തന്നെയാണ്. ഇവര്‍ നിരവധി കമ്പനികളുടെ പോളിസി നല്‍കാറുണ്ട്. മാരുതി വാഹനം എടുക്കുന്നവര്‍ അവിടെ നിന്നുമുള്ള ഇന്‍ഷുറന്‍സ് പോളിസി തന്നെയാകും എടുക്കുക. ഇതിന്റെ ഏജന്‍സി കമ്മിഷന്‍ മാരുതിക്ക് തന്നെ കിട്ടും. അങ്ങനെ ആ വരുമാനം കൂടി മാരുതി കമ്പനിക്കാണ് ലഭിക്കുന്നത്.
ഇവിടെ നോര്‍ക്ക കെയര്‍ പദ്ധതി നടത്തിപ്പിനായി ഒരു നിര്‍വഹണ ഏജന്‍സിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പോളിസിയില്‍ നിന്നുമുളള ഏജന്‍സി കമ്മിഷന്‍ ആ കമ്പനിക്കാണ് ലഭിക്കുന്നത്. അതായത് 25000 മുതല്‍ 75,000 വരെയുള്ള പ്രീമിയത്തിന്റെ ഏജന്‍സി കമ്മിഷനായി കമ്പനിക്ക് കോടികള്‍ കിട്ടും. നോര്‍ക്ക സിഇഓ പറയുന്നത് പദ്ധതി നടത്തിപ്പിന് സ്വകാര്യ ഏജന്‍സിക്ക് സര്‍വീസ് ഫീസ് നല്‍കുന്നില്ലെന്നും അവര്‍ തീര്‍ത്തും സൗജന്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നതും എന്നാണ്. അപ്പോള്‍ പോളിസിക്ക് കിട്ടുന്ന കമ്മിഷനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കുന്നില്ല. ഈ ഏജന്‍സിയെ തെരഞ്ഞെടുത്ത മാനദണ്ഡത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല.
പദ്ധതി നോര്‍ക്ക നേരിട്ട് നടത്തുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന ഏജന്‍സി കമ്മിഷന്‍ സബ്സിഡിയായി പോളിസിയില്‍ ചേരുന്നവര്‍ക്ക് മടക്കി നല്‍കാന്‍ സാധിക്കും. അതോടെ ഭീമമായ പോളിസി നിരക്ക് കുറയും. ഇത് പ്രവാസികള്‍ക്ക് വലിയ സഹായമാവുകയും ചെയ്യും.
എന്നാല്‍, ഇവിടെ അതിനൊന്നും ശ്രമിക്കാതെ ഒരു സ്വകാര്യ ഏജന്‍സിക്ക് പദ്ധതി നടത്തിപ്പ് നല്‍കിയിരിക്കുകയാണ്. അവര്‍ പൂര്‍ണമായും സൗജന്യ സേവനം നല്‍കുന്നുവെന്ന് മേനി നടിക്കുന്ന നോര്‍ക്ക മറുവശത്തു കൂടി വന്‍ തുക അവര്‍ കമ്മിഷനായി കൈപ്പറ്റുന്നതിന് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ഈ ഡീലില്‍ വന്‍ അഴിമതി നടന്നുവെന്ന് സംശയിക്കാം. ഈ ഏജന്‍സിക്ക് കിട്ടുന്ന കമ്മിഷന്റെ ഒരു വിഹിതം നോര്‍ക്കയ്ക്ക് നല്‍കിയിരുന്നുവെങ്കില്‍ പദ്ധതി സംശയാതീതമാവുമായിരുന്നു. ഇവിടെ പക്ഷേ, വലിയ ദുരൂഹതയാണുള്ളത്.
