എട്ടുവര്‍ഷം സേവനം ചെയ്ത അതേ ആശുപത്രിയില്‍ വച്ച് അന്ത്യം; സൗദിയിലെ ജിസാനില്‍ അന്തരിച്ച നഴ്സ് ഷെര്‍ളിക്ക് വിടചൊല്ലാന്‍ റാന്നി ഒരുങ്ങുന്നു; നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്തത് നൂറുകണക്കിന് സുമനസ്സുകള്‍; കണ്ണുനീരോടെ സഹോദരിയുടെ നന്ദിവാക്കുകള്‍; സംസ്‌കാരം നാളെ

ജിസാനില്‍ അന്തരിച്ച മലയാളി നഴ്സ് ഷെര്‍ളി ഡേവിഡിന്റെ സംസ്‌കാരം നാളെ റാന്നിയില്‍

Update: 2026-04-13 13:08 GMT

റാന്നി: സൗദി അറേബ്യയിലെ ജിസാനില്‍ വെച്ച് അന്തരിച്ച മലയാളി നഴ്സ് ഷെര്‍ളി ഡേവിഡിന്റെ (34) സംസ്‌കാര ചടങ്ങുകള്‍ നാളെ (ഏപ്രില്‍ 14, ചൊവ്വ) നടക്കും. പത്തനംതിട്ട റാന്നി നെല്ലിക്കാമണ്‍ കുറിച്ചിപ്പത്തലില്‍ വീട്ടില്‍ ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളാണ് ഷെര്‍ളി. ഭര്‍ത്താവ് ജോബിന്‍. അബഹ ഹയാത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഷൈനി ഡേവിഡ് സഹോദരിയാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി ജിസാനിലെ അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് (മിലിട്ടറി) ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 22-നാണ് ഷേര്‍ളി മരിക്കുന്നത്.

സംസ്‌കാര ചടങ്ങുകള്‍

നാളെ (ഏപ്രില്‍ 14) രാവിലെ 7 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും റാന്നി നെല്ലിക്കാമണ്ണിലുള്ള കുറിച്ചിപ്പത്തലില്‍ വീട്ടില്‍ എത്തിക്കും.

രാവിലെ 7 മണി മുതല്‍ കുറിച്ചിപ്പത്തലില്‍ വീട്ടില്‍ നടക്കും. തുടര്‍ന്ന് ഭര്‍ത്താവ് ജോബിന്റെ വീട്ടില്‍ (അത്യാല്‍) പൊതുദര്‍ശനത്തിന് സൗകര്യമുണ്ടാകും. ഉച്ചയ്ക്ക് 12:30-ന് ഏഴോലി ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

ഷെര്‍ളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ജിസാനിലെ വിവിധ പ്രവാസി സംഘടനകളും സുമനസ്സുകളും വലിയ പിന്തുണയാണ് നല്‍കിയത്. നിയമനടപടികള്‍ വേഗത്തിലാക്കാന്‍ മാധ്യമങ്ങള്‍ നല്‍കിയ സഹായത്തിന് ഷെര്‍ളിയുടെ സഹോദരി ഷൈനി ഡേവിഡ് നന്ദി അറിയിച്ചു. ഷൈനി അബഹ അല്‍ഹയാത്ത് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്.

നാടിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രിയപ്പെട്ടവളായിരുന്ന ഷെര്‍ളിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തെയും റാന്നിയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags:    

Similar News