ഏഴ് മുതല്‍ ഒമ്പത് വരെ സീറ്റുകളില്‍ ജയം ഉറപ്പ്; ബാലഗോപാലും ഗണേഷും അഞ്ചക്ക ഭൂരിപക്ഷത്തിലേക്ക്; ബിന്ദു കൃഷ്ണയെ തളച്ച് കൊല്ലം നിലനിര്‍ത്തും; ചവറയിലും കുന്നത്തൂരിലും ഇഞ്ചോടിഞ്ച് പോരാട്ടം; ചടയമംഗലത്ത് ഭൂരിപക്ഷം ഇടിയും; കൊല്ലം ജില്ലയിലെ സാധ്യതകള്‍ വിലയിരുത്തി സിപിഎം

കൊല്ലം ജില്ലയിലെ സാധ്യതകള്‍ വിലയിരുത്തി സിപിഎം

Update: 2026-04-13 14:30 GMT

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്നോടിയായി കൂട്ടിക്കിഴിക്കലുകളുടെ തിരക്കിലാണ് രാഷ്ട്രീയ കക്ഷികള്‍. കൊല്ലം ജില്ലയില്‍ 11 ല്‍, ഏഴ് മുതല്‍ ഒമ്പത് സീറ്റുകള്‍ നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം.

ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ പ്രകാരം കൊട്ടാരക്കരയും പത്തനാപുരവും കെ.എന്‍. ബാലഗോപാലും ഗണേഷ് കുമാറും വെന്നിക്കൊടി പാറിക്കുമെന്ന് പാര്‍ട്ടി ഉറപ്പിക്കുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും പതിനായിരത്തിന് മുകളില്‍ (അഞ്ചക്ക സംഖ്യ) ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകള്‍.

പുനലൂരില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ വന്‍ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. ജയമോഹനും ബിന്ദു കൃഷ്ണയും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന കൊല്ലം മണ്ഡലത്തില്‍ 3000 മുതല്‍ 5000 വരെ വോട്ടുകള്‍ക്ക് ജയിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ചവറയിലും കുന്നത്തൂരിലും മത്സരം കടുത്തതായിരുന്നു. എങ്കിലും നേരിയ വോട്ടുകള്‍ക്ക് വിജയം ഇടത്തോട്ട് ചായുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ചടയമംഗലത്ത് ജയം ഉറപ്പാണെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുണ്ടറയിലും കരുനാഗപ്പള്ളിയിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

അതേസമയം, സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടയായ കോഴിക്കോട് ജില്ലയിലെ കണക്കുകള്‍ അത്ര ശുഭകരമല്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ബേപ്പൂര്‍, ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍ എന്നീ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് സി.പി.എം വിജയമുറപ്പിക്കുന്നത്. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളില്‍ തോല്‍വി സംഭവിക്കാനിടയുണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമായ രീതിയില്‍ കടുത്ത പോരാട്ടമാണ് നടന്നത്.

പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകളെല്ലാം നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. മന്ത്രി എം.ബി. രാജേഷും വി.ടി. ബല്‍റാമും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തൃത്താലയില്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. പാലക്കാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ യു.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും നേരിയ സംശയമുണ്ട്. എങ്കിലും ജില്ലയിലെ പത്ത് മണ്ഡലങ്ങളിലും ജയിക്കാനുള്ള സാധ്യത നേതൃത്വം തള്ളിക്കളയുന്നില്ല.

Tags:    

Similar News