ഇന്ത്യ ''ഓടിച്ചു വിട്ട'' മലയാളി ഗവേഷകന്‍ യുകെയിലെ രണ്ട് യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ സ്ഥാനത്തേക്ക്; തലയുള്ളവരെ കിട്ടിയാല്‍ ബ്രിട്ടന്‍ ചേര്‍ത്ത് പിടിക്കുമെന്ന് പറയാന്‍ ഒരുദാഹരണം കൂടി; ഗ്ലോസ്റ്ററിലെ ചേര്‍ത്തലക്കാരന്‍ ഡോ. ജയകൃഷ്ണന്‍ വീണ്ടും പ്രചോദനമായി മാറുമ്പോള്‍
ഇന്ത്യ ''ഓടിച്ചു വിട്ട'' മലയാളി ഗവേഷകന്‍ യുകെയിലെ രണ്ട് യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ സ്ഥാനത്തേക്ക്
ലണ്ടന്‍: അഞ്ചു വര്‍ഷം മുന്‍പ് മറുനാടന്‍ മലയാളി വായിച്ചിട്ടുള്ള യുകെ മലയാളികള്‍ ഒരുപക്ഷെ ജയകൃഷ്ണന്‍ ചന്ദ്രപ്പന്‍ എന്ന ഗ്ലോസ്റ്ററിലെ ശാസ്ത്രജ്ഞനെ ഓര്‍മ്മിക്കുമായിരിക്കും. യുകെയിലെത്തിയ പതിനായിരക്കണക്കിന് മലയാളികളെ കുടിയിറക്കിയേക്കും എന്ന വാര്‍ത്തകള്‍ എത്തുന്ന സമയം തന്നെയാണ് തലവര തെളിഞ്ഞു നില്‍ക്കുന്ന ജയകൃഷ്ണനെ പോലെയുള്ളവരെ കിട്ടിയാല്‍ ബ്രിട്ടന്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതും. മികവ് കാട്ടുന്നവരെ കിട്ടിയാല്‍ സ്വാഗതം ചെയ്യുന്ന കുടിയേറ്റ നിയമം തന്നെയാണ് യുകെയുടേത് എന്ന് ചൂണ്ടിക്കാട്ടാനും ജയകൃഷ്ണനെ പോലെ ഉള്ളവരെയാണ് ബ്രിട്ടന്‍ എന്നും ഉയര്‍ത്തിക്കാട്ടുന്നതും.
അഞ്ചു വര്‍ഷം മുന്‍പ് ന്യുപോര്‍ട്ടില്‍ ഗവേഷണ രംഗത്തെ പേരെടുത്ത പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ചപ്പോള്‍ മുന്‍പിന്‍ നോക്കാതെ ജയകൃഷ്ണനെ ആ സ്ഥാപനത്തിന്റെ ചുമതല ഏല്‍പിച്ചത് അദ്ദേഹത്തിന്റെ കഴിവുകളില്‍ ഉള്ള വിശ്വാസം കൊണ്ട് തന്നെയാണ്. ആ വിശ്വാസം ജയകൃഷ്ണന്‍ തെറ്റിച്ചില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ അദ്ദേഹത്തെ തേടി എത്തിയിരിക്കുന്ന രണ്ടു മികച്ച യൂണിവേഴ്‌സിറ്റികളുടെ വിസിറ്റിംഗ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള ക്ഷണം.
രണ്ടു പതിറ്റാണ്ടു മുന്‍പ് മുംബൈയില്‍ നിന്നും സിംഗപ്പൂരിലെ അമേരിക്കന്‍ കമ്പനിയില്‍ എത്തിയ ജയകൃഷ്ണന്‍ തന്റെ ഗവേഷണം തുടരാന്‍ ലീഡ്സ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫും കുതിച്ചുയരുക ആയിരുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ വഴിത്തിരിവായി അഞ്ചു വര്‍ഷം മുന്‍പ് ഗവേഷകരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന സിഎസ്എ ക്യാറ്റപുലറ്റ് എന്ന സ്ഥാപനത്തില്‍ അഡ്വാന്‍സ്ഡ് പാക്കേജിങ് തലവനായി മാറുകയായിരുന്നു ഗ്ലോസ്റ്റര്‍ നിവാസിയായ ഈ മലയാളി.
ഈ ചുമതലയില്‍ അദ്ദേഹം എത്തുമ്പോള്‍ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരന്‍ കൂടിയാണെന്ന വിവരവും അത്ഭുതത്തോടെയാണ് അന്ന് മലയാളികള്‍ കേട്ടിരുന്നത്. ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അടക്കം 75 ജീവനക്കാരുടെ ടീമിനെ നയിച്ച് സ്ഥാപനത്തിന് ബിസിനസ് കണ്ടെത്തുന്നത് അടക്കമുള്ള നിര്‍ണായക ചുമതലകള്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് ഇദ്ദേശത്തെ ഏല്‍പിച്ചത്. ആ തീരുമാനം അക്ഷരം പ്രതിയായി ശരിയാവുന്നതാണ് പിന്നീട് സെമി കണ്ടക്ടര്‍ വ്യവസായ രംഗത്ത് ബ്രിട്ടന്‍ നേടിയ മികവുകള്‍ തെളിയിക്കുന്നതും.
ഇന്ത്യ കൈവിട്ടു കളഞ്ഞ ജയകൃഷ്ണന്‍ പയറ്റി തെളിയുന്നത് യുകെയില്‍
ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയും ഗ്ലാസ്ഗോയിലെ സ്ട്രാത് ക്ളൈഡ് യൂണിവേഴ്സിറ്റിയുമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ നയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സെമി കണ്ടക്ടര്‍ വ്യവസായ രംഗത്തെ ഗവേഷകരില്‍ ബ്രിട്ടനിലെ ഒന്നാം നിരക്കാരില്‍ ഒരാള്‍ ആണെന്നതാണ് അദ്ദേഹത്തിന്റെ സേവനം തേടാന്‍ യൂണിവേഴ്സിറ്റികളെ നിര്‍ബന്ധമാക്കുന്ന ഘടകം.
ഒരിക്കലും ഇന്ത്യ ഉപേക്ഷിക്കരുത് എന്ന ആഗ്രഹത്തോടെ മുംബൈ ഐഐഐടിയില്‍ ഗവേഷകനായി സേവനം ചെയ്യുമ്പോള്‍ ജപ്പാനില്‍ ഉപരിപഠനം നടത്താനുള്ള അവസരം സാങ്കേതികതയുടെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ചാണ് രണ്ടു പതിറ്റാണ്ടു മുന്‍പ് ജയകൃഷ്ണന്‍ ഇന്ത്യ ഉപേക്ഷിക്കുന്നത്. ആ തീരുമാനം ഇപ്പോള്‍ ബ്രിട്ടന്റെ സെമി കണ്ടക്ടര്‍ വ്യവസായ രംഗത്തെ ഗവേഷണങ്ങളില്‍ വലിയ മുതല്‍ക്കൂട്ടായി മാറുകയാണ്.
ഈ രംഗത്ത് ബ്രിട്ടന്‍ കരസ്ഥമാകുന്ന നേട്ടങ്ങളില്‍ ഒരു പങ്കു ജയകൃഷ്ണന് കൂടി അവകാശപ്പെട്ടതാണ്. കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് ഉണ്ടാകണം എന്നതിനാല്‍ കൂടിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സേവനം യൂണിവേഴ്സിറ്റികളിലേക്ക് കൂടി വ്യാപിക്കുന്നത്. സെമി കണ്ടക്ടറുകള്‍ ആധുനിക കാറുകള്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ ഒഴിച്ച് കൂടാനാകാത്ത നിലയിലേക്ക് മാറിയതോടെ തായ്വാനും സൗത്ത് കൊറിയയും ചൈനയും അമേരിക്കയും ഒക്കെ നടത്തുന്ന ഗവേഷണ, വികസന കുതിപ്പില്‍ ബ്രിട്ടനും ജയകൃഷ്ണനിലൂടെ കയ്യൊപ്പു പതിപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഉള്ള കണക്കുകള്‍ പ്രകാരം 627 ബില്യണ്‍ ഡോളര്‍ കച്ചവടം നടക്കുന്ന ഈ കുഞ്ഞന്‍ ഉല്‍പ്പന്നത്തിന്റെ ആഗോള സാന്നിധ്യം കൂടുതല്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഗവേഷണങ്ങളും കൂടുതല്‍ ശ്രദ്ധ നേടുന്നത്.
ബ്രിട്ടന് മുന്നേറാന്‍ ജയകൃഷ്ണന്റെ തലച്ചോര്‍, സെമി കണ്ടക്ടറില്‍ സ്വയം പര്യാപ്തത നേടാന്‍ ശ്രമം
ജയകൃഷ്ണന്റെ സേവനം ഗ്ലാസ്ഗോയിലെ യൂണിവേഴ്സിറ്റിയിലേക്ക് എത്തുമ്പോള്‍ പുതുതായി ആരംഭിച്ച സെമി കണ്ടക്ടര്‍ നിര്‍മാണ ഇന്‍സ്റ്റിട്യൂട്ടിനും അതിന്റെ പ്രയോജനം ലഭിക്കുകയാണ്. അടുത്തിടെ ഒന്‍പതു മില്യണ്‍ പൗണ്ടിന്റെ സഹായത്തോടെ ആരംഭിച്ച കേന്ദ്രം കൂടിയാണിത്. യൂറോപ്പില്‍ തന്നെ ആദ്യമെന്നു വിലയിരുത്തപ്പെടുന്ന ഈ ഉല്‍പാദന കേന്ദ്രം വഴി കൂടുതല്‍ വേഗതയില്‍ ബ്രിട്ടന് ആവശ്യമായ സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കപ്പെടും എന്ന സാധ്യതയാണ് ശ്രദ്ധ നേടുന്നത്. ഇതോടെ മാസങ്ങള്‍ വേണ്ടിവരുന്ന കാത്തിരിപ്പിനു പകരം ദിവസങ്ങള്‍ക്കകം സെമികണ്ടക്ടറുകള്‍ ആവശ്യക്കാരെ തേടി എത്തും എന്ന മികവാണ് യാഥാര്‍ത്ഥ്യമാകുന്നത്.
സെമി കണ്ടക്ട്ടറുകളുടെ അഭാവം നിമിത്തം കോവിഡിന് ശേഷമുള്ള ഏതാനും മാസങ്ങളില്‍ ലോകമൊട്ടാകെ കാര്‍ വ്യവസായം നേരിട്ട പ്രതിസന്ധി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അമേരിക്കയടക്കം ഉള്ളവര്‍ക്ക് ഒഴുകി പോയത് ശത കോടികളുടെ ബിസിനസാണ്. പ്രധാനമായും ചൈനയുടെ സപ്ലൈ ചെയിനുകള്‍ തകര്‍ന്നതോടെയാണ് ഈ പ്രതിസന്ധി ലോകമെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞത്. അത്തരം സാഹചര്യങ്ങള്‍ ഇനിയുണ്ടാകരുത് എന്ന ചിന്തയിലാണ് ബ്രിട്ടന്‍ ഈ രംഗത്ത് സ്വയം പര്യാപ്തി നേടാന്‍ ശ്രമിക്കുന്നത് എന്നതും ജയകൃഷ്ണന്റെ റോള്‍ വര്‍ധിപ്പിക്കുകയാണ്.
ജയകൃഷ്ണന്റെയും അദ്ദേഹത്തിന്റെ ഗവേഷക സംഘത്തിന്റെയും പിന്‍ബലം സ്‌കോട്ടിഷ് സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വലിയ സംഭാവനയായി മാറും എന്ന വിലയിരുത്തലോടെയാണ് സ്ട്രാത് ക്ളൈഡ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. വിനയവും സൗമ്യതയും മുഖത്ത് എഴുതി വച്ചിരിക്കുന്ന ജയകൃഷ്ണനെ പോലെയുള്ളവര്‍ തങ്ങളുടെ നാട്ടുകാരാണ് എന്ന് ഓരോ യുകെ മലയാളികള്‍ക്കും തൊഴിലിടങ്ങളില്‍ അഭിമാനത്തോടെ പറയാന്‍ കഴിയും വിധമാണ് ഇപ്പോള്‍ ബ്രിട്ടനിലെ ഗവേഷക ലോകം ജയകൃഷ്ണന്റെ പേര് ചര്‍ച്ച ചെയ്യുന്നത്. ഈ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള ആധിപത്യം മുതലാക്കാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായി ഏതാനും വര്‍ഷമായി ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള ഗവേഷക സംഘം ചര്‍ച്ചകളിലാണ്.
ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ കൂടുതല്‍ ഗവേഷകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഉള്ള പഠന സംഘത്തെ നയിക്കാനുള്ള നിയോഗമാകും ജയകൃഷ്ണനെ കാത്തിരിക്കുന്നത്. സെമികണ്ടക്ടര്‍ ഗവേഷണ രംഗത്ത് രാജ്യം നേടുന്ന മികവുകളില്‍ ജയകൃഷ്ണന്റെ പങ്കിന്റെ ഒരംശം ഇനി ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ കൂടിയാകും അറിയപ്പെടുക എന്നാണ് അദ്ദേഹത്തിന് സ്വാഗതമോതി സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയത്. സെമി കണ്ടക്ടര്‍ രംഗത്ത് സജീവമാകുന്ന രണ്ടു സ്റ്റാര്‍ട്ട് അപ്പുകളുടെ സഹ സ്ഥാപകന്‍ കൂടിയാണ് ജയകൃഷ്ണന്‍. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി, താന്‍ പഠിക്കാന്‍ എത്തിയ ലീഡ്സ് യൂണിവേഴ്‌സിറ്റി എന്നിവയുടെ ഉപദേശക റോളിലും ഈ ചേര്‍ത്തലക്കാരനുണ്ട്. കൊച്ചിയിലെ കുസാറ്റിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ് ഡോ. ജയകൃഷ്ണന്‍.
ഐടി രംഗത്തെ അതികായന്മാരായ ഐബിഎമ്മിന്റെ ബ്രിസ്റ്റോള്‍ യൂണിറ്റില്‍ സീനിയര്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന കീര്‍ത്തി ജയകൃഷ്ണനാണ് പത്‌നി. ഗ്ലോസ്റ്റര്‍ ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ശ്രീറാമും സ്വരൂപുമാണ് മക്കള്‍.