രാവിലെ കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനായ എം വി രാഘവന് അനുസ്മരണം; ഉച്ചക്ക് വെടിയേറ്റ് മരിച്ചവരുടെ രക്തസാക്ഷി ദിനാചരണം; വൈകിട്ട് വെടിവച്ച റവാഡയുടെ പോലീസിന് രക്തഹാരം; കൂത്തുപറമ്പ് വെടിവെപ്പിന് 31 വര്‍ഷം തികയുമ്പോള്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റില്‍ പൊങ്കാല; നേതാക്കള്‍ സ്വന്തം മക്കളെ സ്വാശ്രയ കോളേജില്‍ പഠിക്കാന്‍ വിട്ടതിനും പരിഹാസം

കൂത്തുപറമ്പ് വെടിവെപ്പിന് 31 വര്‍ഷം തികയുമ്പോള്‍ മുഖ്യമന്ത്രി ഇട്ട പോസ്റ്റില്‍ പൊങ്കാല

Update: 2025-11-25 05:26 GMT

കൂത്തുപറമ്പ്: പാര്‍ട്ടിയോട് ചേര്‍ന്നുനിന്നാല്‍, സ്‌നേഹിച്ചുകൊല്ലും, ഇടഞ്ഞാല്‍ തീ തീറ്റിച്ച് ഇല്ലാതാക്കും. പാര്‍ട്ടിക്ക് അനഭിമതനായ എം വി രാഘവനും സംഘവും പരിയാരത്ത് സ്വകാര്യ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നുവെന്ന് ആരോപിച്ചാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സമരരംഗത്തിറങ്ങിയത്. 40 ദിവസത്തോളം നീണ്ട സമരം നടത്തിയിട്ടും സര്‍ക്കാറോ എം.വി. രാഘവനോ കീഴടങ്ങിയില്ല. ഇതിനു തുടര്‍ച്ചയായാണ് കൂത്തുപറമ്പ് വെടിവെപ്പു നടക്കുന്നതും പുഷ്പനുള്‍പ്പെടെ വെടിയേല്‍ക്കുന്നതും. കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. ഈ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട പോസ്റ്റില്‍ പറയുന്നത് സ്വജീവനേക്കാള്‍ നാടിന്റെ നന്മയ്ക്ക് വില നല്‍കിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊര്‍ജ്ജമാവും എന്നാണ്. ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നു പതിറ്റാണ്ടു കാലം നീണ്ട സഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് പുതുക്കുടി പുഷ്പന്‍ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വര്‍ഷമാണെന്നും മുഖ്യമന്ത്രി കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.


Full View

അതേസമയം, മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ പരിഹാസത്തില്‍ കലര്‍ന്ന ചോദ്യശരങ്ങളാണ് ഉയരുന്നത്.

ആദ്യം മുഖ്യമന്ത്രിയുടെ പോസ്റ്റ് വായിക്കാം:


കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കൊള്ളക്കെതിരായ പോരാട്ടത്തിനിടെ കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുകയാണ്. 1994 നവംബര്‍ 25 ന് കൂത്തുപറമ്പിലെ ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുതുക്കുടി പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നു പതിറ്റാണ്ടു കാലം നീണ്ട സഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് നമ്മെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. നാടിന്റെ പ്രതീക്ഷകളായിരുന്ന, നാളെയുടെ നേതൃത്വമാവേണ്ടിയിരുന്ന ചെറുപ്പക്കാരാണ് കൂത്തുപറമ്പില്‍ രക്തസാക്ഷികളായത്. സ്വജീവനേക്കാള്‍ നാടിന്റെ നന്മയ്ക്ക് വില നല്‍കിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊര്‍ജ്ജമാവും.

കൂത്തുപറമ്പിലെ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

പോസ്റ്റിന് താഴെയുള്ള ചില കമന്റുകള്‍ ഇങ്ങനെ:

കൂത്തുപറമ്പ് കൂട്ടക്കൊലയ്ക്ക് കാരണക്കാരന്‍ എന്ന് പാര്‍ട്ടി ആരോപിച്ച സ എംവി രാഘവന്റെ ചരമദിനം പാര്‍ട്ടി നവംബര്‍ 9 ന് ഗംഭീരമായി ആചരിച്ചു ,

MV രാഘവന്‍ അനുസ്മരണം ഉദ്ഘാടനം മുഖ്യമന്ത്രി ബഹു: പിണറായി വിജയന്‍

ഏത്... അന്ന് എന്തിന് വേണ്ടിയാണോ സമരം നടത്തിയത്, അതിലാദ്യം വെള്ളം ചേര്‍ത്ത്, പാര്‍ട്ടി അന്തം അണികളെ പറ്റിച്ചു...

അന്ന് ആര്‍ക്കെതിരെയായിരുന്നോ സമരം ചെയ്തത്.. അങ്ങേരെയും മകനേം വരെ കൂടെ കൂട്ടി , പാര്‍ട്ടി അന്തം അണികളെ പറ്റിച്ചു..

എന്തിന്,അന്ന് വെടി വെച്ച പോലീസ് കാരനും വെടി വെക്കാന്‍ ഉത്തരവിട്ട പോലീസ്‌കാരനും വരെ കൈ നിറയെ കൊടുത്ത്. പാര്‍ട്ടി അന്തങ്ങളെ പറ്റിച്ചു കൊണ്ടേയിരുന്നു...

എന്നിട്ട് പറയുന്നു.. കൂത്ത്പറമ്പ് രക്തസാക്ഷികള്‍ ചിന്ദാവാ ന്ന്

രാവിലെ എം വി ആര്‍ അനുസ്മരണം, ഉച്ചക്ക് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വൈകിട്ട് റവാഡയുടെ പോലീസിന് രക്തഹാരം. ഇരകളും വേട്ടക്കാരനും ഒരേപോലെ മഹോന്നതരാകുന്ന അസുലഭ നിമിഷം

എന്നൊരാള്‍ കുറിച്ചപ്പോള്‍, ഇതാണ് സോഷ്യല്‍ എന്‍ജിനീയറിങ് എന്നാണ് മറ്റൊരാളുടെ മറുപടി.

സ്വാശ്രയ കോളേജിന് എതിരായി സമരം ചെയ്യുകയും, സ്വന്തം മക്കളെ സ്വാശ്രയ കോളേജില്‍ പഠിപ്പിക്കുകയും ചെയ്ത സിപിഎം നേതാക്കളെയും ചിലര്‍ ചോദ്യം ചെയ്യുന്നു.

എന്നിട്ട് സ്വന്തം മകളെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്‍ പഠിപ്പിച് വിജ്യന്‍ സര്‍ മാതൃകയായി ??

സ്വന്തം മോളേ ഇതിലൊന്നും വിടാതെ പൊന്നുപോലെ കാത്ത സഖാവിന് അഭിവാദ്യങ്ങള്‍

സ്വന്തം മക്കളെ സ്വാശ്രയ കോളേജില്‍ പഠിക്കാന്‍ വിട്ടിട്ട് കുട്ടി സഖാക്കളെ തോക്കിനു മുന്നിലേക്ക് തള്ളിവിട്ടു കൊലക്ക് കൊടുത്തു ...

ഇന്നത്തെ ഡിജിപി ആരാണെന്ന് ചോദിക്കുന്നു മറ്റുചിലര്‍.

അതോടൊപ്പം , നമ്മുടെ DGP യേയും അഭിവാദ്യം ചെയ്യുന്നു.

അന്ന് വെടിവയ്പിനുത്തരവിട്ട രവാഡ ചന്ദ്രശേഖര്‍ ഇന്ന് DGP

എന്നിട്ട് രക്തസാക്ഷി ആക്കിയ പോലീസിനെ പിടിച്ചു ഡി ജി പി ആക്കി

സംസ്ഥാന പോലീസ് മേധാവിയായി (ഡി.ജി.പി.) റാവഡ എ. ചന്ദ്രശേഖറിനെ നിയമിച്ചതിനെ ചൊല്ലി വിവാദമുണ്ടായിരുന്നു. 1994-ല്‍ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ മരണത്തിന് കാരണമായ കൂത്തുപറമ്പ് വെടിവെപ്പ് കേസുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ചന്ദ്രശേഖര്‍ എന്നതിലാണ് പ്രധാനമായും പ്രതിഷേധം ഉയര്‍ന്നത്, അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സി.പി.എമ്മിന്റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

കൂത്തുപറമ്പ് വെടിവെപ്പിലെ പങ്ക്:

1994 നവംബര്‍ 25-നാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളിലൊന്നായ കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. അന്നത്തെ യു.ഡി.എഫ്. മന്ത്രിയായിരുന്ന എം.വി. രാഘവനെ തടഞ്ഞ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെപ്പില്‍ അഞ്ച് യുവജന പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഈ സംഭവം നടക്കുന്ന സമയത്ത് റാവഡ എ. ചന്ദ്രശേഖര്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി (എ.എസ്.പി.) ചുമതലയേറ്റ് രണ്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂ. കേസില്‍ അദ്ദേഹത്തെയും പ്രതിചേര്‍ത്തിരുന്നുവെങ്കിലും, ജസ്റ്റിസ് കെ. പത്മനാഭന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള കോടതി നടപടികളിലും അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചു. വെടിവെപ്പിന് ഉത്തരവിടുന്നതില്‍ ചന്ദ്രശേഖറിന് നേരിട്ട് പങ്കില്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.

പാര്‍ട്ടി നിലപാട്:

ചന്ദ്രശേഖറിന്റെ നിയമനം വിവാദമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുത്തു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയതെന്നും, ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കി. കൂത്തുപറമ്പ് സംഭവം നടക്കുമ്പോള്‍ അദ്ദേഹം ചുമതലയേറ്റ് ദിവസങ്ങള്‍ മാത്രമായ ജൂനിയര്‍ ഉദ്യോഗസ്ഥനായിരുന്നു എന്ന വസ്തുതയും സി.പി.എം. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നിയമനം മെറിറ്റ് അടിസ്ഥാനത്തിലാണെങ്കിലും സര്‍ക്കാര്‍ തീരുമാനം വിശദീകരിക്കണം എന്ന നിലപാടായിരുന്നു മുതിര്‍ന്ന സി.പി.എം. നേതാവ് പി. ജയരാജന്‍ തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, പിന്നീട് അദ്ദേഹം സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയും, വിവാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് പറയുകയും ചെയ്തു.

എം.വി. രാഘവന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍

കേരള രാഷ്ട്രീയത്തില്‍ ഇന്നും നോവായി അവശേഷിക്കുന്ന കൂത്തുപറമ്പ് വെടിവെപ്പ് സംഭവം വീണ്ടും ചര്‍ച്ചാ വിഷയമാകുമ്പോള്‍, അന്ന് സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്‍ തന്റെ ആത്മകഥയായ 'ഒരു ജന്മത്തില്‍' വെളിപ്പെടുത്തിയത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെക്കുറിച്ചും, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ പങ്കിനെക്കുറിച്ചുമുള്ള സൂചനകളാണ്. വെടിവെപ്പിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും പോലീസിലും ആഭ്യന്തര വകുപ്പിലും (അന്ന് കരുണാകരനാണ് ആഭ്യന്തര മന്ത്രി) ആരോപിക്കുന്ന രീതിയിലാണ് എം.വി.ആര്‍. കാര്യങ്ങള്‍ വിവരിക്കുന്നത്.

സംഭവ ദിവസം നടന്നതെന്ത്?

1994 നവംബര്‍ 25-ന് കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനാണ് എം.വി. രാഘവന്‍ കണ്ണൂരിലെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ ഉപരോധമുണ്ടായിരുന്നുവെന്ന് എം.വി.ആറിന് അറിയാമായിരുന്നു. എന്നാല്‍, തന്നെ കൊല്ലാനാണ് ഡിവൈഎഫ്‌ഐക്ക് പദ്ധതിയുണ്ടായിരുന്നതെന്നും, ഈ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു.

മലബാര്‍ എക്‌സ്പ്രസ്സില്‍ കണ്ണൂരിലെത്തിയ എം.വി.ആറിന് പോലീസ് വലിയ സുരക്ഷയൊരുക്കിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ടൗണ്‍ ഹാളിന് 30 മീറ്റര്‍ അകലെവെച്ച് പൈലറ്റ് ജീപ്പ് ഉള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിന്റെ യാത്ര നിലച്ചു. ആയിരക്കണക്കിന് ആളുകള്‍ വഴി തടഞ്ഞെന്നും, നാല് ഭാഗത്തുനിന്നും കല്ലേറുണ്ടായെന്നും അദ്ദേഹം പറയുന്നു. ഡി.വൈ.എസ്.പി. ഹക്കീം ബത്തേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അദ്ദേഹത്തിന്റെ കാറിന് സുരക്ഷാവലയം തീര്‍ത്തു.

വെടിവെപ്പ് അറിയുന്നത് പിന്നീട്: പോലീസ് ലാത്തി വീശിയാണ് തന്നെ ടൗണ്‍ ഹാളിലേക്ക് എത്തിച്ചത്. 'കൊലവിളി നടത്തുന്ന സി.പി.എം.-ഡി.വൈ.എഫ്.ഐ. ഗുണ്ടകള്‍ക്കിടയില്‍ നിന്നാണ് താന്‍ പ്രസംഗിച്ചത്' എന്നും എം.വി.ആര്‍. പറയുന്നു. പ്രസംഗം കഴിഞ്ഞ് സുരക്ഷാ വലയത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് വെടിവെപ്പ് നടന്ന വിവരം താന്‍ അറിയുന്നതെന്നും, അതിനുശേഷം ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുപോകരുതെന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

ആഭ്യന്തര വകുപ്പിനെതിരെ പരോക്ഷ വിമര്‍ശനം:

കൂത്തുപറമ്പില്‍ കുഴപ്പമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചോ, പരിപാടി റദ്ദാക്കണമെന്നോ തിരുവനന്തപുരത്തുനിന്നോ ജില്ലാ കളക്ടറോ പോലീസ് സൂപ്രണ്ടോ തന്നെ അറിയിച്ചില്ല എന്ന് എം.വി.ആര്‍. ആത്മകഥയില്‍ പറയുന്നു. എന്നാല്‍, താന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ വന്ന തൊഴില്‍മന്ത്രി എന്‍. രാമകൃഷ്ണന്‍, പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൂന്നാം പാലം വരെ വന്ന് തിരികെ പോയതായും അദ്ദേഹം സൂചിപ്പിക്കുന്നു. ഈ വെളിപ്പെടുത്തല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും തനിക്ക് വിവരങ്ങള്‍ മറച്ചുവെച്ചു എന്നൊരു സൂചന നല്‍കുന്നുണ്ട്.

കൂടാതെ, 'പോലീസ് വേണ്ടത്ര ജാഗ്രത പാലിച്ചിരുന്നെങ്കില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ നിര്‍ഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നു' എന്നും അദ്ദേഹം പറയുന്നു. അക്രമികളെ അഴിഞ്ഞാടാന്‍ അനുവദിച്ച ജില്ലാ പോലീസ് സൂപ്രണ്ട് കെ. പത്മകുമാര്‍ പോലീസ് സ്റ്റേഷനില്‍ കാഴ്ച്ചക്കാരനെപ്പോലെ നിലകൊള്ളുകയായിരുന്നു എന്നും എം.വി.ആര്‍. വിമര്‍ശിക്കുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന എ.എസ്.പി. രവതാ ചന്ദ്രശേഖറും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ആന്റണിയുമാണ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.പി.യുടെ രാഷ്ട്രീയ പ്രതിസന്ധി:

വെടിവെപ്പിന് ശേഷം എം.വി.ആറിന് സി.പി.എമ്മിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൂത്തുപറമ്പ് സംഭവം വലിയ തടസ്സമായി നിന്നു. സി.എം.പി.ക്ക് യു.ഡി.എഫില്‍ നിന്ന് വിട്ടുപോക്ക് സാധ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യം ബാക്കിയാണെന്നും ആത്മകഥയിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News