വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ മുരളി; പാലക്കാട്ട് ഷാഫിയുടെ വജ്രായുധമായി പിഷാരടി! വിഎസിന്റെ വിശ്വസ്തന്‍ ഇനി കോണ്‍ഗ്രസ് ടിക്കറ്റില്‍; പിണറായിയെ തളയ്ക്കാന്‍ അബ്ദുല്‍ റഷീദ്; റെഡ് സിഗ്നല്‍ കിട്ടിയ എല്‍ദോസിന് ഖാര്‍ഗെ തുണയാകുമോ? പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക; തിരുവനന്തപുരത്ത് മൂന്ന് പേര്‍ മാത്രം; അങ്കത്തട്ടില്‍ പുതുമുഖങ്ങളും പഴയ പടക്കുതിരകളും

പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക

Update: 2026-03-17 13:47 GMT

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കും 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഹൈക്കമാന്‍ഡ് ഏറെ സമയമെടുത്ത് കരുതലോടെ തയ്യാറാക്കിയ ഈ പട്ടികയില്‍ 'സസ്‌പെന്‍സും' 'സര്‍പ്രൈസും' ഒരുപോലെ ഒളിഞ്ഞിരിപ്പുണ്ട്.

എല്‍ദോസിന് 'റെഡ് സിഗ്‌നല്‍'; തീരുമാനം ഖാര്‍ഗെ എടുക്കും

പട്ടികയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമേ സിറ്റിംഗ് എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളിയും ഇടം പിടിച്ചിട്ടില്ല.

എല്‍ദോസിന് എതിരായ ലൈംഗികാതിക്രമ കേസ് മാര്‍ച്ച് 26-ന് കോടതി പരിഗണിക്കുന്നു എന്നതുതന്നെയാണ് പ്രധാന തടസ്സം. തിരഞ്ഞെടുപ്പ് ഗോദയില്‍ ധാര്‍മ്മികമായ തിരിച്ചടി ഭയന്നാണ് എല്‍ദോസിനെ തല്‍ക്കാലം മാറ്റിനിര്‍ത്തിയത്. കേസിന്റെ ഗതി നോക്കി അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

എം.പിമാര്‍ക്ക് 'നോ എന്‍ട്രി'; സുധാകരനും അടൂര്‍ പ്രകാശും വെട്ടിലായോ?

നിയമസഭയിലേക്ക് മത്സരിക്കാന്‍ മോഹം പ്രകടിപ്പിച്ച എം.പിമാര്‍ക്ക് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയില്ല. കെ. സുധാകരന്റെ കണ്ണൂരും അടൂര്‍ പ്രകാശിന്റെ കോന്നിയും ആദ്യ പട്ടികയില്‍ ഇടംപിടിച്ചില്ല എന്നതില്‍ നിന്ന് തന്നെ ഹൈക്കമാന്‍ഡിന്റെ കര്‍ക്കശ നിലപാട് വ്യക്തമാണ്.എങ്കിലും ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് ഇവര്‍ക്ക് ഇപ്പോഴും നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

പിഷാരടിയിലൂടെ 'സ്റ്റാര്‍ പവര്‍'; വട്ടിയൂര്‍ക്കാവില്‍ മുരളി

രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായ പാലക്കാട് മണ്ഡലത്തില്‍ ചലച്ചിത്ര താരം രമേഷ് പിഷാരടിയെ ഇറക്കിയത് മണ്ഡലത്തില്‍ ഗ്ലാമര്‍ പരിവേഷം നല്‍കാനാണ്. ഷാഫി പറമ്പിലിന്റെ നോമിനിയായാണ് പിഷാരടി പാലക്കാട്ട് പോരിനിറങ്ങുന്നത്. ബി.ജെ.പിയുടെ കരുത്തുറ്റ കോട്ടയായ വട്ടിയൂര്‍ക്കാവില്‍ പഴയ പടക്കുതിര കെ. മുരളീധരനെ തന്നെ നിയോഗിച്ചത് സിറ്റിംഗ് സീറ്റ് തിരിച്ചുപിടിക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ഭാഗമാണ്.

തൃശൂരിലെ മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ മണലൂരില്‍ ഇറങ്ങുമ്പോള്‍, രമ്യ ഹരിദാസ് ചിറയന്‍കീഴില്‍ ജനവിധി തേടുന്നു എന്നതും ശ്രദ്ധേയമാണ്.

യൂത്ത് കോണ്‍ഗ്രസ് സാന്നിധ്യവും അപ്രതീക്ഷിത മുഖങ്ങളും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരില്‍ മത്സരിക്കുന്നത് യുവരക്തത്തെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനാണ്.

വി.എസ്. അച്യുതാനന്ദന്റെ പഴയ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എ. സുരേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മലമ്പുഴയില്‍ മത്സരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ്. ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ അബ്ദുല്‍ റഷീദിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒമ്പത് വനിതകളാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ ഐഷ പോറ്റി, മുന്‍ എംപി രമ്യ ഹരിദാസ്, നിലവിലെ എംഎല്‍എ ഉമ തോമസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തുടനീളമുള്ള നിര്‍ണായക മണ്ഡലങ്ങളിലാണ് ഈ വനിതാ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. പ്രമുഖരില്‍:

* വയനാട് ജില്ലയിലെ മാനന്തവാടി (ST) മണ്ഡലത്തില്‍ ഉഷ വിജയന്‍ മത്സരിക്കും.

* കോഴിക്കോട് എലത്തൂരില്‍ വിദ്യ ബാലകൃഷ്ണനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

* പാലക്കാട് കോങ്ങാട് (SC) മണ്ഡലത്തില്‍ കെ.എ. തുളസി ജനവിധി തേടും.

* എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ സിറ്റിംഗ് എംഎല്‍എ ഉമ തോമസ് വീണ്ടും മത്സരിക്കുന്നു.

* ആലപ്പുഴ ജില്ലയില്‍, ശക്തമായ മത്സരം നടക്കുന്ന അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാനും, മാവേലിക്കര (SC) മണ്ഡലത്തില്‍ അഡ്വ. മുത്താര രാജുമാണ് സ്ഥാനാര്‍ത്ഥികള്‍.

* കൊല്ലം ജില്ലയില്‍ രണ്ട് പ്രമുഖ വനിതാ നേതാക്കള്‍ പട്ടികയിലുണ്ട്: കൊട്ടാരക്കരയില്‍ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തില്‍ അഡ്വ. ബിന്ദു കൃഷ്ണയും.

* തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് (SC) മണ്ഡലത്തിലാണ് മുന്‍ എംപിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്.


 






 

അനിശ്ചിതത്വം തുടരുന്ന മണ്ഡലങ്ങള്‍

പത്തനംതിട്ടയില്‍ ഒരു സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ 3 സീറ്റുകള്‍ മാത്രം പ്രഖ്യാപിച്ചതും കണ്ണൂര്‍ ഒഴിച്ചിട്ടതും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനയാണ്.

Tags:    

Similar News