ഘടകകക്ഷിയായിട്ടും മുന്നണിയെ തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചു; സംസ്ഥാന പ്രസിഡന്റിനെ യുഡിഎഫ് പരിപാടികളില്‍ നിന്ന് ബോധപൂര്‍വം അകറ്റിനിര്‍ത്തി; കൊല്ലം ജില്ലയില്‍ വിവാദത്തില്‍ പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല: ജെ എസ് എസില്‍ രാജന്‍ബാബുവിനെതിരേ രൂക്ഷവിമര്‍ശനവുമായി താമരാക്ഷന്‍

Update: 2025-08-15 07:34 GMT

തിരുവനന്തപുരം: മുന്‍ എംഎല്‍എ രാജന്‍ ബാബുവിനെ ജെ.എസ്.എസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കൂടുതല്‍ വിശദികരണവുമായി സംസ്ഥാന പ്രസിഡന്റ് പ്രഫ എ.വി താമാരാക്ഷന്‍ നേതൃത്വം നല്കുന്ന ഔദ്യോഗിക വിഭാഗം രംഗത്ത്.

ഘടകകക്ഷിയായിട്ടും മുന്നണിയെ തകര്‍ക്കുന്ന നിലപാടാണ് രാജന്‍ ബാബു മൂന്നര വര്‍ഷമായി സ്വീകരിച്ചതെന്നാണ് മുഖ്യ ആരോപണം. മൂന്ന് നിയമ സഭ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചില്ല.

യുഡിഎഫ് നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തില്ല. സംസ്ഥാന കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും മാസങ്ങളായി വിളിച്ചു കൂട്ടാതിരിക്കുകയും സംസ്ഥാന പ്രസിഡന്റിനെ യുഡിഎഫ് പരിപാടികളില്‍ നിന്ന് ബോധപൂര്‍വം അകറ്റിനിര്‍ത്തുകയും ചെയ്തുവെന്ന് ആരോപണം.

വനിതാ സംഘടനാ നേതാവിനോട് അപമര്യാദയായി പെരുമാറി, ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. കൊല്ലം ജില്ലയില്‍ വിവാദത്തില്‍ പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് വനിതാ നേതാവും നിരവധി പ്രവര്‍ത്തകരും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇടുക്കി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വ്യാജ രസീതുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും പണപ്പിരിവ് നടത്തിയ സംഭവത്തിലും നടപടിയില്ല.

കെ.ആര്‍ ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്ത് നെല്‍ സംഭരണ സൊസൈറ്റി രൂപീകരിച്ച് ലക്ഷങ്ങളുടെ തിരിമറി നടത്തിയ നേതാവിനെ സംരക്ഷിക്കാനും ശ്രമിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബര്‍ 29, 30 തീയതികളില്‍ സംസ്ഥാന സമ്മേളനം നടത്തുവാനുമാണ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം.

Similar News