10000 കോടിയിലേറെ വിറ്റു വരവുള്ള ഒരു വ്യവസായി എന്തിനാണ് ഇത്രയും പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിട്ടുകൊണ്ട് നാടിനെ നന്നാക്കാന്‍ ഇറങ്ങുന്നത് എന്ന് എനിക്ക് ആലോചിച്ചിട്ട് പലപ്പോഴും മനസ്സിലാകുന്നില്ല; കിറ്റക്സും സാബുവും; ഒരു കുറിപ്പ് വൈറലാകുമ്പോള്‍

Update: 2024-10-04 08:29 GMT

എല്ലാ വ്യവസായികളും ഗവണ്‍മെന്റിനോട് ചേര്‍ന്നു നിന്നുകൊണ്ട് വല്ലതുമൊക്കെ തരപ്പെടുത്തി സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, തന്നോടൊപ്പം തന്നെപ്പോലെ ജീവിക്കുന്ന തന്റെ നാട്ടുകാര്‍ക്കും നന്മയുണ്ടാകണം എന്നോര്‍ത്ത് നന്മ ചെയ്യുവാന്‍ ഇറങ്ങിയതിന്റെ പ്രതിസന്ധികളും പ്രതിഫലനങ്ങളും ആണ് നാം കണ്ടതും കേട്ടതും. കിറ്റക്‌സ് വ്യവസായ സ്ഥാപനത്തിന്റെ എംഡിയും 20-20 യുടെ സാരഥിയുമായ സാബു എം ജേക്കബിനെ കണ്ടതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ ജോണ്‍ ജി ജോണ്‍ കുറിച്ചു. 10000 കോടിയിലേറെ വിറ്റു വരവുള്ള ഒരു വ്യവസായി എന്തിനാണ് ഇത്രയും പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിട്ടുകൊണ്ട് നാടിനെ നന്നാക്കാന്‍ ഇറങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും നാടിനോടുള്ള അര്‍പ്പണവും അധികാരത്തിനപ്പുറത്ത് ആത്മാര്‍ത്ഥതയില്‍ നിന്ന്, സത്യസന്ധമായ ഒരു മനസ്സില്‍ നിന്ന് ഉണ്ടാവുന്നതാണെന്ന് നമുക്ക് നന്നായി മനസ്സിലാകുന്നു. അത് ഒരു പിതാവിന്റെ സ്വപ്‌നം കൂടിയാകുമ്പോള്‍ ഇരട്ടി മധുരം പോലെയാകുന്നു. അടുത്തറിഞ്ഞപ്പോള്‍ എന്ന കുറിപ്പോടെയാണ് ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കിറ്റക്‌സ് വ്യവസായ സ്ഥാപനത്തിന്റെ എംഡിയും 20-20 യുടെ സാരഥിയുമായ സാബു എം ജേക്കബുമായി കുറച്ചു വര്‍ഷത്തെ പരിചയവും സ്‌നേഹബന്ധവും.. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എങ്കിലും, അനേകം തവണ വിളിക്കുവാനും സംസാരിക്കുവാനും ഒക്കെ സാധിച്ചിട്ടുണ്ട്. മുന്‍പ് ഒരിക്കല്‍ ഹുസ്റ്റണില്‍ ക്രമീകരിക്കപ്പെട്ട ഒരു പ്രോഗ്രാമിന് വരാമെന്ന് ഏല്‍ക്കുകയും, ചില സാങ്കേതിക കാരണങ്ങളാല്‍ പ്രോഗ്രാം നടത്തുവാന്‍ കഴിയാതെ പോവുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ആഴ്ച, ഒരു സുഖചികിത്സ എന്ന അനേക വര്‍ഷത്തെ സഹധര്‍മ്മിണിയുടെ ഒരു ആഗ്രഹം നിവൃത്തികരണത്തിനായി കൊച്ചിയിലുള്ള ആര്യവൈദ്യശാലയില്‍ എത്തപ്പെട്ടു.

ഞാന്‍ ഇവിടെ ഉണ്ട് എന്നും, ഒന്ന് നേരില്‍ കാണുവാന്‍ കഴിയുമോ എന്നും ഒരു മെസ്സേജ് വിട്ടു. അല്പം കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിളി എത്തി...! കുശല സംഭാഷണങ്ങള്‍ക്ക് ശേഷം നാളെ വൈകിട്ട് ഏഴരയ്ക്ക് വീട്ടിലേക്ക് വരുവാന്‍ ക്ഷണം.. അദ്ദേഹം തന്നെ അയച്ചുതന്ന വാഹനത്തില്‍ കിഴക്കമ്പലത്തുള്ള അദ്ദേഹത്തിന്റെ ഭവനത്തിലേക്ക്. 10000 കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഒരു വ്യവസായി.. കുട്ടികള്‍ക്കായുള്ള തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ലോകത്തില്‍ രണ്ടാമത്.. അതീവ സമ്പന്നനാണ് എങ്കിലും തന്റെ നാടും നാട്ടുകാരും നന്മ അനുഭവിക്കണമെന്ന് ഓര്‍ത്ത് ട്വന്റി20 എന്ന പ്രസ്ഥാനവും ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റും മറ്റും നടപ്പിലാക്കി ഭാരതത്തിലെ മാതൃകാ പഞ്ചായത്തായി മാറ്റപ്പെട്ട ട്വന്റി20 യുടെ സാരഥി..

ആ ഭവനത്തിലെ അന്തരീക്ഷം എന്തായിരിക്കും എന്ന് ഓര്‍ത്ത് അല്പം ആകാംക്ഷയും ഉണ്ടായിരുന്നു.. അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍, ട്വന്റി20 യുടെ മീറ്റിംഗ് അല്പം വൈകി പോയതിനാല്‍ അദ്ദേഹം എത്തിയിട്ടില്ല. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.. വളരെ ഉപചാരപൂര്‍വ്വം , ഹൃദ്യമായി ഞങ്ങളോട് അവര്‍ ഇടപെട്ടു.. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ബോബി ജേക്കബ്, വന്ന് പരിചയപ്പെടുകയും ഞങ്ങളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു..

ഇത്രയും അളവറ്റ ധനം ഉണ്ടായിട്ടും ആ മനുഷ്യരുടെ മനസ്സിനെ അത് മാറ്റിയിട്ടില്ല. ആ ഭവനത്തിലെ എളിമയും, സൗമ്യതയും ആദിത്യ മര്യാദകളും ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി. ആഹാരം കഴിക്കുവാനിരുന്നപ്പോഴും, ഓരോ വിഭവങ്ങളും അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് എല്ലാവര്‍ക്കും വിളമ്പി തരുന്നത്.. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്നെയും എന്റെ ഭാര്യയെയും നാട്യങ്ങളൊന്നുമില്ലാതെ എത്ര ഹൃദ്യമായാണ് അവര്‍ നമ്മളോട് പെരുമാറിയത്. അവരുടെ സ്‌നേഹ പരിചരണങ്ങള്‍ക്ക് മുന്നില്‍ ഞങള്‍ ,പഞ്ചാര തരികള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ വീണ് സ്വയം അലിഞ്ഞ് ഇല്ലാതെയാകുന്നത് പോലെയായി . പലപ്പോഴും ദൂരെ നിന്ന് നാമിവരെ കാണുമ്പോള്‍, ഇവരുടെ ഹൃദയത്തില്‍ ഇത്രമാത്രം നന്മകള്‍ ഉള്ളവരാണല്ലോ എന്ന് ഒരിക്കലും നാം തിരിച്ചറിഞ്ഞിരുന്നില്ല..

അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ബോബിയും കേരളത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്ള ആള്‍ തന്നെ.. രണ്ടുപേരും പിതാവിന്റെ ആഗ്രഹപ്രകാരം ഒരേ ഭവനത്തില്‍ താമസിക്കുന്നു.. പല വ്യവസായ സഹോദരങ്ങളും തമ്മില്‍ തല്ലി നശിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, ആ സഹോദരന്മാരുടെ സ്‌നേഹവും അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും സന്തോഷവും ഒക്കെ ഞങ്ങളോടും ചേര്‍ന്ന് പങ്കിടുവാന്‍ സാധിച്ചത് ജീവിതത്തിലെ അമൂല്യമായ ഒരു അനുഭവമായിരുന്നു.

ആ ഭവനത്തിന്റെ സ്‌നേഹവും, കരുതലും താല്പര്യങ്ങളും തന്നെയാണ് അദ്ദേഹം ഈ നാടിനോടും ചെയ്യുവാന്‍ ആഗ്രഹിക്കുന്നത്. എല്ലാ വ്യവസായികളും ഗവണ്‍മെന്റിനോട് ചേര്‍ന്നു നിന്നുകൊണ്ട് വല്ലതുമൊക്കെ തരപ്പെടുത്തി സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, തന്നോടൊപ്പം തന്നെപ്പോലെ ജീവിക്കുന്ന തന്റെ നാട്ടുകാര്‍ക്കും നന്മയുണ്ടാകണം എന്നോര്‍ത്ത് നന്മ ചെയ്യുവാന്‍ ഇറങ്ങിയതിന്റെ പ്രതിസന്ധികളും പ്രതിഫലനങ്ങളും ആണ് നാം കണ്ടതും കേട്ടതും ഒക്കെ.

10000 കോടിയിലേറെ വിറ്റു വരവുള്ള ഒരു വ്യവസായി എന്തിനാണ് ഇത്രയും പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിട്ടുകൊണ്ട് നാടിനെ നന്നാക്കാന്‍ ഇറങ്ങുന്നത് എന്ന് എനിക്ക് ആലോചിച്ചിട്ട് പലപ്പോഴും മനസ്സിലാകുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും നാടിനോടുള്ള അര്‍പ്പണവും അധികാരത്തിനപ്പുറത്ത് ആത്മാര്‍ത്ഥതയില്‍ നിന്ന്, സത്യസന്ധമായ ഒരു മനസ്സില്‍ നിന്ന് ഉണ്ടാവുന്നതാണെന്ന് നമുക്ക് നന്നായി മനസ്സിലാകുന്നു. അത് ഒരു പിതാവിന്റെ സ്വപ്‌നം കൂടിയാകുമ്പോള്‍ ഇരട്ടി മധുരം പോലെയാകുന്നു.

തന്റെ നാടിനു വേണ്ടി എന്തൊക്കെ ചെയ്യണം എന്നും, തന്റെ സ്വപ്‌നങ്ങള്‍ ഓരോ പഞ്ചായത്തുകളിലും അധികം സാമ്പത്തിക ക്ലേശം ഉണ്ടാവാതെ ജനങ്ങള്‍ അല്പം കൂടെ ഗുണമേന്മയുള്ള ജീവിതം ക്രമീകരിക്കുവാന്‍ കഴിയുന്ന പദ്ധതികളും അദ്ദേഹം പങ്കുവെച്ചു. ഹൃദ്യമായ, വിഭവസമൃദ്ധമായ, സ്‌നേഹസമൃദ്ധമായ ആദിത്യം കഴിഞ്ഞ് മടങ്ങിപ്പോരുമ്പോള്‍,ഒന്നു ഞാന്‍ മനസ്സിലാക്കുന്നു. വെറും പച്ചയായ സാധാരണ മനുഷ്യര്‍.. ശ്രീ സാബുവും, അദ്ദേഹത്തിന്റെ സഹോദരനും അവരുടെ കുടുംബാംഗങ്ങളും എല്ലാം നമ്മളോട് ഇടപെട്ടതും, അവര്‍ പരസ്പരം ഇടപെട്ടതും എല്ലാം ഒരു മനോഹര അനുഭവമായി എന്നും ജീവിതത്തില്‍ ഉണ്ടാവും.

ആ ഭവനത്തില്‍ കണ്ടത് തന്നെയാണ്, അതിന്റെ പ്രതിഫലനമാണ് 20:20 എന്ന പ്രസ്ഥാനത്തിലൂടെ അദ്ദേഹം നമുക്ക് മുന്നില്‍ വയ്ക്കുന്നത്. നാട്യങ്ങളൊന്നുമില്ലാതെ ഹൃദ്യമായി ജീവിക്കുവാനും പരസ്പരം സ്‌നേഹിക്കുവാനും പരസ്പരം കരുതുവാന്‍ ഉള്ള ആശയത്തിന്റെ ബഹിര്‍സ്പുരണം ആണ് ട്വന്റി20 യിലൂടെ നമ്മളിലേക്ക് എത്തുന്നത്.

കേവല അധികാര രാഷ്ട്രീയത്തിനപ്പുറത്ത് എനിക്കും എന്റെ നാടിനും എന്തു നന്മയെന്നോര്‍ത്ത് ജനങ്ങള്‍ ട്വന്റി20 യുടെ ആശയങ്ങള്‍ സ്വീകരിച്ചാല്‍ സമൂഹത്തില്‍ വലിയ ഒരു മാറ്റം തന്നെയായിരിക്കും ഉണ്ടാവുക എന്നതില്‍ യാതൊരു സംശയവുമില്ല. അല്പം സങ്കടം തോന്നിയ ഒരു വിഷയം കൂടി ഇവിടെ കുറിക്കട്ടെ.. മനോഹരമായ,ടാര്‍ ചെയ്ത കിഴക്കമ്പലം റോഡുകള്‍ ജനങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ട് എങ്കിലും, ശ്രീ സാബു ജേക്കബ് താമസിക്കുന്ന വീടിനു മുന്നിലുള്ള റോഡ് ജണഉ യുടേതാണ്. അവരുടെ മുന്നില്‍ നിന്നും ഒരു 200 മീറ്റര്‍ മാറി, റോഡില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ പറ്റാത്ത തരത്തിലുള്ള വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. വളരെ ദുര്‍ഘടം പിടിച്ച അവസ്ഥയിലാണ്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാന്‍ ശ്രമിച്ചതിന്, അധികാരി വര്‍ഗ്ഗത്തിന്റെ ശ്രീ സാബുവിനുള്ള സമ്മാനമാണ്. അവിടെ ഒരു ബോര്‍ഡില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ' യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ഇത് സിംഗപ്പൂര്‍ മോഡല്‍ റോഡ്..'അതെ സമൂഹത്തിന് നന്മ ചെയ്യുവാന്‍ ശ്രമിച്ചതിന് അദ്ദേഹത്തിന് കിട്ടുന്ന സമ്മാനങ്ങള്‍ ഇതൊക്കെയാണ്..

നാം എന്ന് നന്നാവും.. ??

Tags:    

Similar News