മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നും ഉണ്ടാകരുത്; പരസ്പര ഭിന്നിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണം; ഉമര്‍ഫൈസി മുക്കം-പാണക്കാട് സാദിഖലി തങ്ങള്‍ വിവാദത്തില്‍ പരോക്ഷ പരാമര്‍ശവുമായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നും ഉണ്ടാകരുത്;
മലപ്പുറം: ഉമര്‍ഫൈസി മുക്കം-പാണക്കാട് സാദിഖലി തങ്ങള്‍ വിവാദത്തില്‍ തൊടാതെ പരോക്ഷ പരാമര്‍ശവുമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പരസ്പര ഭിന്നിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കി ആദര്‍ശ രംഗത്ത് സജീവമാകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നൂറൊഴുകിയ 100 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ മഞ്ചേരി മേഖല സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി മുള്ളമ്പാറയില്‍ സംഘടിപ്പിച്ച ഉലമ, ഉമറ, യുവജന, വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നും ഉണ്ടാകരുത്. ഇസ്ലാമിന്റെ തനതാശയങ്ങളെ വികലമാക്കി ചിത്രീകരിക്കുന്ന പുത്തനാശയക്കാരെ ശക്തമായി എതിര്‍ക്കുകയും വേണം. സമസ്തയും കീഴ്ഘടകങ്ങളും സംഘടിപ്പിക്കുന്ന സംവാദവും ആശയപോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. പുത്തനാശയക്കാരില്‍ നിന്ന് വിശ്വാസികളെ സംരക്ഷിക്കണം. സുന്നത്ത് ജമാഅത്തിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരാണ് മുന്‍ഗാമികള്‍. അവരുടെ പാതയില്‍ നിലകൊള്ളണം. ഭിന്നിപ്പിക്കുന്ന സ്വരങ്ങള്‍ ഉണ്ടാകരുത്.
പ്രവൃത്തിയിലും പ്രസംഗത്തിലും ഇത് ഒഴിവാക്കണം. ഭിന്നിച്ച് നില്‍ക്കുന്ന സമീപനം ശരിയല്ല. മഹല്ല് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപകല്‍പന ചെയ്ത എസ്.എം പ്ലസ് ആപ്ലിക്കേഷന്‍ പോസ്റ്റര്‍ അദ്ദേഹം പ്രകാശനം ചെയ്തു. മേഖലാ പ്രസിഡന്റ് പയ്യനാട് സയ്യിദ് ഹാശിം ബാഅലവീ തങ്ങള്‍ അധ്യക്ഷനായി. സമസ്ത പ്രതിസന്ധികളെ അതിജീവിച്ച മഹത് പ്രസ്ഥാനം, ആദര്‍ശം അമാനത്താണ്, സമസ്ത നിര്‍വഹിച്ച മഹല്ല് ശാക്തീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എസ്.എന്‍.ഇ.സി ഷീ ക്യാമ്പസ് പ്രിന്‍സിപ്പല്‍ ഖുബൈബ് വാഫി ചെമ്മാട് എന്നിവര്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.പി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ഹുസൈന്‍ കുട്ടി മുസ്ലിയാര്‍ പുളിയാട്ടുകുളം, യൂനുസ് ഫൈസി വെട്ടുപാറ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് തങ്ങള്‍ പട്ടര്‍ക്കടവ് സമാപന പ്രാര്‍ഥന നടത്തി. സയ്യിദ് ഹമീദ് തങ്ങള്‍ ദാരിമി അല്‍ ഐദ്രൂസി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ തച്ചുണ്ണി, മുഹമ്മദ് ഫൈസി ആമയൂര്‍ എന്നിവര്‍ മൗലീദ് പാരായണത്തിന് നേതൃത്വം നല്‍കി.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ റഹീം ഫൈസി കാരക്കുന്ന്, ടി.എസ് പൂക്കോയ തങ്ങള്‍ കാരായ, എം.ഉമര്‍ റഹ്മാനി പുല്ലൂര്‍, കെ.ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, സഫറുദ്ദീന്‍ മുസ്ലിയാര്‍ വെട്ടിക്കാട്ടിരി, സയ്യിദ് ഹിഫല്‍ റഹ്മാന്‍ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുറസാഖ് ഫൈസി, അബ്ദുല്‍ അസീസ് ഹാജി, മുഹിയുദ്ദീന്‍ ദാരിമി പിലാക്കല്‍, മജീദ് ദാരിമി വളരാട്, സംബന്ധിച്ചു.
അതേ സമയം സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഉമര്‍ഫൈസി മുക്കത്തെ സംരക്ഷിക്കുന്ന നിലപാടുമായാണു തുടക്കം മുതല്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എടുത്തിരുന്നത്. സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണമെന്നും സമസ്തയോടുള്ള സമീപനത്തിലും അങ്ങനെ പ്രവര്‍ത്തിക്കാമെന്നും ജിഫ്രി തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം ഉമര്‍ ഫൈസി മുക്കം വിഷയത്തില്‍ സമസ്ത മലപ്പുറം ജില്ലാ മുശാവറയുടെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.
ഉമര്‍ ഫൈസി മുക്കത്തിനെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റണമെന്നു പ്രമേയം പാസാക്കിയെന്ന രീതിയില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി വ്യക്തമാക്കിയിരുന്നു. കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്നും പുത്തനഴി മൊയ്തീന്‍ ഫൈസി പറഞ്ഞു. ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും കേന്ദ്ര മുശാവറയുടെ മുന്നിലുള്ള വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് മൊയ്തീന്‍ ഫൈസി പറഞ്ഞു.
ഉമര്‍ ഫൈസി മുക്കത്തെ സമസ്ത ഭാരവാഹിത്വത്തില്‍നിന്നും മാറ്റണമെന്നു മലപ്പുറം മുശാവറ പ്രമേയം പാസ്സാക്കിയെന്നു മുഖ്യധാര മാധ്യമങ്ങളില്‍ഉള്‍പ്പെടെ വാര്‍ത്ത വന്നത്. നിലവില്‍ പൊതുയോഗങ്ങളിലും മറ്റുമായി ഇരുവിഭാഗങ്ങളും വളരെ ശക്തമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചതിനുപിന്നാലെയാണു ഇത്തരത്തിലൊരു പ്രചരണം നടന്നത്. ഇതിനു പിന്നില്‍ സമസ്തയിലെ സാദിഖലി തങ്ങള്‍ അനുകൂലികളും മുസ്ലിംലീഗിലെ ഒരു വിഭാഗവുമാണെന്നാണു വിലയിരുത്തല്‍.
സംഭവത്തില്‍ പരസ്യപ്രസ്താവന വേണ്ടെന്നും സമസ്ത കേന്ദ്ര മുശാവറ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിഭിന്നമായി സമസ്തയുടെ പേരില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ സമസ്ത നേതാക്കള്‍തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചില നേതാക്കള്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം ഇത്തരത്തില്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കു കൈമാറിയതാകാം കാരണമെന്നാണു സമസ്ത നേതാക്കളും സംശയിക്കുന്നത്.