പെരിങ്ങരയിലെ സന്ദീപ് കൊല്ലപ്പെട്ടപ്പോള്‍ രാഷ്ട്രീയ കൊലപാതകമാക്കിയത് കൊടിയേരി; മുഖ്യമന്ത്രി പറഞ്ഞത് മുന്‍വിരോധം മൂലമുളള കൊലപാതകമെന്ന്; പെരുനാട്ടിലെ ജിതിനെ കൊന്നത് ബിജെപി-ആര്‍എസ്എസ് സംഘമെന്ന് പറഞ്ഞത് രാജുഏബ്രഹാമും എം.വി ഗോവിന്ദനും; പ്രതികളില്‍ മിക്കവരും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ബിജെപി
പത്തനംതിട്ട: പെരിങ്ങരയിലെ സന്ദീപ് കൊലക്കേസിന് സമാനമായി പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജിയുടെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം നീക്കം പാളുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികളെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെയും പ്രസ്താവനകളെ പൊളിച്ചടുക്കുകയാണ് പോലീസിന്റെ എഫ്ഐആര്‍. പ്രതികളില്‍ മിക്കവരും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നതിന്റെ തെളിവുമായി ബിജെപി സോഷ്യല്‍ മീഡിയ പേജുകളും രംഗത്തു വന്നതോടെ പെരിങ്ങര പോലെ തന്നെ പെരുനാടും സിപിഎമ്മിന് തിരിച്ചടിയായി.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് എട്ടംഗ സംഘം സിഐടിയു പ്രവര്‍ത്തകന്‍ പെരുനാട് മാമ്പാറ പട്ടാലത്തറയില്‍ ജിതിന്‍ ഷാജിയെ (33) എട്ടംഗ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്. നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്ത്, ഗനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് പ്രതികള്‍. പോലീസിന്റെ എഫ്ഐആര്‍ പ്രകാരം സംഭവം ഇങ്ങനെ:
പെരുനാട് മഠത്തുംമൂഴിയില്‍ വച്ച് ബന്ധുവായ അനന്തു മനോജിനെ പ്രതികള്‍ മര്‍ദിക്കുന്നത് അറിഞ്ഞാണ് ജിതിന്‍ അവിടെ എത്തിയത്. ശരണ്‍, സുമിത്ത് എന്നിവരും അവര്‍ വിളിച്ചു വരുത്തിയ മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരും ചേര്‍ന്നാണ് അനന്തുവിനെ മര്‍ദിച്ചത്. ജിതിന്‍ അവിടെ എത്തിയ സമയം ഒന്നാം പ്രതി നിഖിലേഷ് അവനെ അടിച്ചു കൊല്ലടാ എന്ന് ആക്രോശിച്ചു. രണ്ടു മുതല്‍ എട്ടു വരെ പ്രതികള്‍ ചേര്‍ന്ന് ജിതിനെയും അനന്തുവിനെയും അടിച്ചു. അടി കൊണ്ട ഓടി മാറിയപ്പോള്‍ പ്രതികള്‍ എല്ലാം ചേര്‍ന്ന് ജിതിനെ പിടിച്ചു നിര്‍ത്തുകയും രണ്ടാം പ്രതി വിഷ്ണു കാറില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജിതിന്റെ വയറില്‍ വലതു വശത്തും തുടയിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. അനന്തുവിന് ഒപ്പമുണ്ടായിരുന്ന ടി.എന്‍. വിഷ്ണു, ശരത് ശശി എന്നിവര്‍ക്കും പരുക്കേറ്റു.
ഇന്നലെ രാത്രി തന്നെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രചരിപ്പിച്ചിരുന്നു. ജിതിനെ കുത്തിയ വിഷ്ണു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സിഐടിയു നേതാവ് എസ്. ഹരിദാസ് എന്നിവര്‍ പറഞ്ഞത്. എന്നാല്‍, ഈ പ്രചാരണം പൊളിച്ചടുക്കി ബിജെപി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ രംഗത്തു വന്നു. പ്രതികളായ മിഥുന്‍ മധുവും സുമിത്തും ഡിവൈഎഫ്ഐ ഭാരവാഹികളാണെന്ന് തെളിയിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും അവര്‍ പുറത്തു വിട്ടു. ഒന്നാം പ്രതി നിഖിലേഷ് സിപിഎം പ്രവര്‍ത്തകനാണ്. കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കാന്‍ ജിതിന്റെ പിതാവും തയാറായിട്ടില്ല. പോലീസിന്റെ എഫ്ഐആറിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഇതോടെ സിപിഎം പ്രചാരണം പൊളിയുകയാണ്. പ്രതികള്‍ക്ക് ജിതിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളില്‍ ഒരാളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.
2021 ഡിസംബറിലാണ് പെരിങ്ങരയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയത്. വ്യക്തി വിരോധവും മുന്‍വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍. നിശാന്തിനി പറഞ്ഞിരുന്നു. ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണനും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രംഗത്തു വന്നു. പോലീസിന് ഒടുവില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമെന്ന് എഴുതി ചേര്‍ക്കേണ്ടിയും വന്നു. നിശാന്തിനിക്കെതിരേ സിപിഎം സൈബര്‍ അറ്റാക്കും നടത്തി.
എന്നാല്‍, ഇന്റലിജന്‍സിനെ വിശ്വാസത്തിലെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാന്‍ തയാറായില്ല. സന്ദീപിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഒരിടത്തും രാഷ്ട്രീയ കൊലപാതകമെന്ന പരാമര്‍ശം ഉണ്ടായില്ല. അതേ അവസ്ഥ തന്നെയാണ് പെരുനാട്ടിലും സിപിഎമ്മിന് ഉള്ളത്. പെരുനാട്ടിലെ കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു. രണ്ടാം പ്രതി വിഷ്ണു ബിജെപിക്കാരനല്ല. പ്രതികളില്‍ ഒറ്റ ബിജെപിക്കാരന്‍ പോലുമില്ലെന്നും സൂരജ് പറഞ്ഞു.