ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചതിന് പിന്നില്‍ രാഷ്ട്രീയ കക്ഷികളെങ്കില്‍ കൃത്യം കുറേ കൂടി ഗൗരവതരം; കയ്യൂക്ക് കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ വരുതിക്ക് നിര്‍ത്താമെന്ന് കരുതുന്നത് ആരായാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടിയും പ്രതിഷേധവും ഉണ്ടാകണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു

ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചതിന് പിന്നില്‍ രാഷ്ട്രീയ കക്ഷികളെങ്കില്‍ കൃത്യം കുറേ കൂടി ഗൗരവതരം

Update: 2025-08-30 17:54 GMT

തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരേ നടന്ന വധശ്രമത്തിന് പിന്നില്‍ രാഷ്ട്രീയ കക്ഷികളെങ്കില്‍ കൃത്യം കുറേ കൂടി ഗൗരവതരമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. മറുനാടന്‍ പത്രാധിപരം മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപലപനീയമാണ്. സമൂഹത്തില്‍, പൗരാവകാശങ്ങള്‍ക്ക് വേണ്ടി, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ കക്ഷികളാണ് ഇതുചെയ്തതെങ്കില്‍, പൗരന്മാര്‍ ചെയ്തതിനേക്കാള്‍ ഗൗരവമേറിയ വിഷയമാണെന്നും ജോസഫ് സി മാത്യു പറഞ്ഞു.

മറുനാടന്‍ പത്രാധിപര്‍ ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപലപനീയമാണ്. ഏതെങ്കിലും തരത്തില്‍, വാര്‍ത്തയോട് എതിരഭിപ്രായം ഉണ്ടെങ്കില്‍, അതിന് വ്യവസ്ഥാപിതമായിട്ടുളള മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ നിന്ന് വിഭിന്നമായി കയ്യൂക്ക് കൊണ്ട്, മാധ്യമങ്ങളെ തടയാമെന്നും, മാധ്യമ പ്രവര്‍ത്തകരെ വരുതിക്ക് നിര്‍ത്താമെന്നും കരുതുന്നത് ആരായാലും, ആ ശ്രമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു.

ഇതിനെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണം, പ്രതിഷേധം ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. ഇത് ആരാണ് ചെയ്തതെന്ന് എന്നുള്ളത് കൃത്യമായി അറിയേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിനുപിന്നിലെങ്കില്‍, കൃത്യം കുറെ കൂടി ഗൗരവതരമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം, സമൂഹത്തില്‍, പൗരാവകാശങ്ങള്‍ക്ക് വേണ്ടി, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ കക്ഷികളാണ് ഇതുചെയ്തതെങ്കില്‍, പൗരന്മാര്‍ ചെയ്തതിനേക്കാള്‍ ഗൗരവമേറിയ വിഷയമാണ് എന്നാണ് എന്റെ അഭിപ്രായം.

ഇന്ന് തൊടുപുഴയില്‍ വെച്ചാണ് മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ഉണ്ടായത്. ഡിവൈഎഫ് ഐ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്.

കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്.

ഷാജന്‍ സ്‌കറിയയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്‌ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചനകള്‍.

Tags:    

Similar News