എന്‍.എം.വിജയന്റെ കത്ത് മരണമൊഴിയായി കണക്കാക്കി മൂന്നുപേര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍; ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്ന് പ്രതിഭാഗം; രണ്ടുദിവസത്തെ വാദത്തിന് ശേഷം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അടക്കം മൂന്നുകോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അടക്കം മൂന്നുകോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കല്‍പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അടക്കം മൂന്നുകോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ ഡിസിസി ട്രഷറര്‍ കെ.കെ.ഗോപിനാഥന്‍ എന്നിവര്‍ക്കാണ് ബാലകൃഷ്ണന് പുറമേ ജാമ്യം കിട്ടിയത്.
കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയകുമാര്‍ ജോണാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.
ഐ.സി.ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് ഈ മാസം 9ന് പൊലീസ് കേസെടുത്തത്. പ്രതിയായതിന് പിന്നാലെ എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേരും ഒളിവിലായിരുന്നു. ഇന്നലെ എംഎല്‍എ നിയമസഭയിലെത്തിയിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന അന്തരിച്ച പി.വി.ബാലചന്ദ്രന്‍ നാലാം പ്രതിയാണ്.
കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തുകള്‍ മരണക്കുറിപ്പായി പരിഗണിക്കണമെന്നും ഡയറിക്കുറിപ്പിലും ഫോണ്‍കോളുകളിലും സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. രണ്ടുദിവസം വാദം കേട്ടശേഷമാണ് കോടതി ജാമ്യം നല്‍കിയത്. എന്‍.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു.
എന്‍.എം.വിജയന്റെ കത്ത് മരണമൊഴിയായി കണക്കാക്കി മൂന്നുപേര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയപ്രമോദ് വാദിച്ചു. ജാമ്യം ലഭിച്ചാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും കോടതിയെ അറിയച്ചു. ആത്മഹത്യയുമായി ബന്ധമില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതാണെന്നും എംഎല്‍എയുടെ അഭിഭാഷകന്‍ ടി.എം.റഷീദ് കോടതിയെ അറിച്ചു.
ഡിസംബര്‍ 24നാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് എന്‍എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇരുവരും മരിച്ചത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും, എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. വിജയന്റെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയില്‍ 2022 വരെയുള്ള ബാദ്ധ്യതകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഐ.സി.ബാലകൃഷ്ണന്‍, എന്‍.ഡി.അപ്പച്ചന്‍, കെ.കെ.ഗോപിനാഥന്‍, പി.വി.ബാലചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. എന്‍.ഡി.അപ്പച്ചന് വേണ്ടി എന്‍.കെ.വര്‍ഗീസും, കെ.കെ. ഗോപിനാഥന് വേണ്ടി സുരേന്ദ്രനും ഹാജരായി.