ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി; പുന:പരിശോധന ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; ഹര്‍ജിയില്‍ തങ്ങളുടെ വാദം പരിഗണിക്കപ്പെട്ടില്ലെന്ന് സര്‍ക്കാര്‍; വിധി പുറപ്പെടുവിച്ച ബഞ്ചിന് മുമ്പാകെ ഹര്‍ജി നല്‍കാന്‍ തയ്യാറെടുപ്പ്; വിധിക്കെതിരെയുള്ള കേരള ഗവര്‍ണറുടെ വിമര്‍ശനവും ചര്‍ച്ചയാകുന്നു

സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

Update: 2025-04-13 05:08 GMT

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഇതാദ്യമായി രാഷ്ട്രപതിക്കും സമയം നിര്‍ദ്ദേശിച്ചിരിക്കുകയാണ് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചുകൊടുത്താല്‍, മൂന്നുമാസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. തീരുമാനം വൈകിയാല്‍ സംസ്ഥാനങ്ങളെ അറിയിക്കാമെന്നും അതല്ലാത്ത പക്ഷം സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ച് വ്യക്തമാക്കിയത്. അതേസമയം, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കാന്‍ സാധ്യത.

രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ചിന് മുന്‍പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.

നിയമസഭ രണ്ടുവട്ടം പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി തടഞ്ഞത് നിയമവിരുദ്ധമാണെന്ന ഏപ്രില്‍ 8ന്റെ വിധിന്യായത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നപ്പോഴാണ് രാഷ്ട്രപതിക്കുള്ള സമയക്രമവും വ്യക്തമായത്. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിയ, പൂഞ്ചി കമ്മിഷനുകളും, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ 2016 ലെ ഓഫീസ് മെമ്മോറാണ്ടവും കൂടി പരിഗണിച്ചാണ് രാഷ്ട്രപതി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ ഒപ്പില്ലാതെ തമിഴ്‌നാട്ടിലെ സര്‍വകലാസാല ഭേദഗതി ബില്ലുകള്‍ നിയമമായി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഭേദഗതി ചെയ്ത 10 നിയമങ്ങള്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യുകയായിരുന്നു.

അതേസമയം, നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും ജുഡീഷ്യറിയുടേത് അതിരുകടന്ന ഇടപെടലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 'ഹിന്ദുസ്ഥാന്‍ ടൈംസി'നു നല്‍കിയ അഭിമുഖത്തിലാണ് അര്‍ലേക്കറുടെ വിമര്‍ശനം.

ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ല. ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒന്നോ, മൂന്നോ മാസമായാലും, അത് ഒരു ഭരണഘടനാ ഭേദഗതിയാകും. കോടതിയാണ് ഭരണഘടന ഭേദഗതി ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും എന്തിനാണെന്നും അര്‍ലേക്കര്‍ ചോദിച്ചു.

ഭേദഗതിക്കുള്ള അധികാരം പാര്‍ലമെന്റിനാണ്. ഭരണഘടന ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. അവിടെയിരുന്നു രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവര്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്നാല്‍, അതു തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണ്. തമിഴ്നാട് ഗവര്‍ണര്‍ക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അവര്‍ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യല്‍ കേസുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഹൈകോടതികളും സുപ്രീംകോടതിയിലും ചില കേസുകള്‍ കെട്ടിക്കിടക്കുന്നു. അതിനു പല കാരണങ്ങളുണ്ടാകും. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കാരണങ്ങളുണ്ടെങ്കില്‍, ഗവര്‍ണര്‍മാര്‍ക്കും കാരണങ്ങളുണ്ടാകും. അത് അംഗീകരിക്കണമെന്നും അര്‍ലേക്കര്‍ പറഞ്ഞു.

Tags:    

Similar News