അന്‍വറിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയത് കുരുക്ക്; ഇനിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കും; അനധികൃത സ്വത്ത് സമ്പാദനത്തില്‍ 'നിലമ്പൂരാനെ' കുടുക്കാന്‍ കേന്ദ്ര ഏജന്‍സി; ഇഡി നോട്ടീസ് മുന്‍ എംഎല്‍എയ്ക്ക്; അതിവേഗ നീക്കങ്ങള്‍ക്ക് അന്വേഷണ സംഘം

Update: 2025-12-06 05:42 GMT

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. പി വി അന്‍വര്‍ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തല്‍. നേരത്തെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി. ചോദ്യം ചെയ്ത ശേഷം അന്‍വറിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

പിവി അന്‍വര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തി എന്നും ഇഡി കണ്ടെത്തി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. അന്‍വറിന് പണം പണം നല്‍കിയവരിലേക്കും അന്വേഷണം നീളും. 11 കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് വിശദീകരണവും ഇഡി നടത്തിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ 17ാം വകുപ്പ് പ്രകാരമാണ് പിവി അന്‍വറുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതെന്നും ഇഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎഫ്സിയില്‍ നിന്ന് എടുത്ത ലോണ്‍ പി.വി ആര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ആണ് ഉപയോഗിച്ചത്. വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. ബിനാമികളുടെതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയതായും ഇഡി അറിയിച്ചിരുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പി.വി. അന്‍വറിന്റെ സ്വത്ത് നാലിരട്ടി വര്‍ദ്ധിച്ചതില്‍ ചോദ്യമുയര്‍ത്തും ഇ ഡി. 14.38 കോടി രൂപയുടെ സ്വത്ത് 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി വിശദീകരിച്ചിരുന്നു. 2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയിലാണ് പി.വി. അന്‍വറിന്റെ സ്വത്തില്‍ 50 കോടിയുടെ കുതിച്ചുചാട്ടം ഉണ്ടായത്. പിവി അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിശദമായ വാര്‍ത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അന്‍വറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ് സി) വഴി തരപ്പെടുത്തിയെന്ന് ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

അന്‍വര്‍ ലോണെടുത്ത തുക വകമാറ്റിയിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. എന്നും ഇ ഡി പറയുന്നു. മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ താനാണെന്ന് അന്‍വര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. കള്ളപ്പണത്തിന്റെ അളവ്, ഫണ്ട് വകമാറ്റല്‍, ബെനാമി സ്വത്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

ബെനാമി പേരുകളില്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയ അന്‍വറിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാനുമാണ് ഇഡി നീക്കം. ചട്ടങ്ങള്‍ ലംഘിച്ച് ലോണുകള്‍ അനുവദിച്ച കെഎഫ്‌സിയിലെ ചീഫ് മാനേജര്‍ അടക്കമുള്ളവരെയും ഇഡി ചോദ്യം ചെയ്യും. ഡ്രൈവര്‍ സിയാദിന്റെ പേരില്‍ മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയാണ് കെഎഫ്‌സിയില്‍ നിന്ന് കോടികള്‍ വായ്പയായി തരപ്പെടുത്തിയത്. സിയാദിന്റെ പേരിലാണ് സ്ഥാപനമെങ്കിലും ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് താനാണെന്ന് അന്‍വര്‍ ഇഡിയോട് സമ്മതിച്ചിരുന്നു. ഇങ്ങനെ ലഭിച്ച പന്ത്രണ്ട് കോടിയിലേറെ രൂപ പിവിആര്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണത്തിനായാണ് വകമാറ്റി ചെലവഴിച്ചത്. വായ്പ തിരിച്ചടയ്ക്കാതെ ഒരേ വസ്തുതന്നെ ഈടുവെച്ച് കൂടുതല്‍ വായ്പയെടുക്കുകയും ചെയ്തു.

അന്‍വറിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്ന് ഡ്രൈവര്‍ സിയാദും മറ്റു ബന്ധുക്കളും മൊഴി നല്‍കിയതും അന്‍വറിന് കുരുക്കായി. ഇനിയുള്ള ചോദ്യം ചെയ്യലിലും അന്‍വറിന് വ്യക്തമായ മറുപടിയില്ലെങ്കില്‍ അറസ്റ്റിലേക്കടക്കം നീങ്ങാന്‍ കാരണമാകും.

Tags:    

Similar News