ആകെ നഴ്സുമാരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുമ്പോള്‍ വിദേശ നഴ്സുമാരുടെ എണ്ണം പാതിയായി കുറഞ്ഞു; മൊത്തം നഴ്സുമാരില്‍ 33 ശതമാനം പേരും കറുത്തവരും ഏഷ്യക്കാരും അടങ്ങിയ എത്തിനിക് മൈനോരിറ്റിയില്‍ പെട്ടവര്‍: യുകെ എന്‍എംസി രജിസ്ട്രി കണക്ക് പുറത്ത്
ആകെ നഴ്സുമാരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുമ്പോള്‍ വിദേശ നഴ്സുമാരുടെ എണ്ണം പാതിയായി കുറഞ്ഞു
ലണ്ടന്‍: വിദേശ ആരോഗ്യ പ്രവര്‍ത്തകരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതികള്‍ വിജയം കണ്ടു തുടങ്ങി എന്ന സൂചനയുമായി നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന്റെ (എന്‍ എം സി) പുതിയ കണക്കുകള്‍ പുറത്ത്. യു കെയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ യോഗ്യതയുള്ള നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണം 8,60,801 ആയി വര്‍ദ്ധിച്ചു. അതേസമയം, തൊഴില്‍ മേഖലയിലുള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല. സെപ്റ്റംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം 7,93,694 നഴ്സുമാരും, 47,481 മിഡ്വൈഫുമാരും, 13,433 നഴ്സിംഗ് അസോസിയേറ്റുമാരുമാണ് റെജിസ്റ്റര്‍ ചെയ്തവരായി ഉള്ളത്.
ഇതിനു പുറമെ നഴ്സ് ആയും മിഡ്വൈഫ് ആയും 6,193 പേര്‍ക്ക് ഇരട്ട റെജിസ്‌ട്രേഷനുംണ്ട്. നഴ്സിംഗിലും മിഡ്വൈഫറിയിലുമായി റെജിസ്റ്റര്‍ ചെയ്തവരില്‍ 96,593 പേര്‍ പുരുഷന്മാരാണ്. ഇത് ഒരു റെക്കോര്‍ദ് ആണ്. ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍, എന്‍ എം സിയില്‍ റെജിസ്റ്റര്‍ ചെയ്യുന്നവരുടീണ്ണത്തില്‍ 0.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതേ 2024 ല്‍ ഇതേ സമയത്ത് റെജിസ്റ്ററിയില്‍ ഉണ്ടായ വര്‍ദ്ധനവ് 1.8 ശതമാനമായിരുന്നു. അതേസമയം, കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, റെജിസ്റ്ററില്‍ പുതുതായി ചേരുന്നവരുടെ എണ്ണത്തില്‍ 25.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റെജിസ്റ്ററില്‍ നിന്നും ഒഴിഞ്ഞു പോകുന്നവരുടെ എണ്ണത്തില്‍ 6.6 ശതമാനത്തിന്റെ വര്‍ദ്ധനവും കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ഇതാദ്യമായി എന്‍ എം സി റെജിസ്റ്ററില്‍ ചേരുന്ന വിദേശ നഴ്സുമാരുടെയും മിഡ്വൈഫുമാരുടെയും എണ്ണത്തില്‍ കുത്തനെ ഇടിവുണ്ടായി എന്നതാണ് മറ്റൊരു അദ്ഭുതപ്പെടുത്തുന്ന വസ്തുത. ഈ സെപ്റ്റംബറില്‍ അവസാനിച്ച ആറ് മാസക്കാലയളവില്‍ 6,321 വിദേശ പ്രൊഫഷണലുകളാണ് റെജിസ്റ്ററില്‍ ചേര്‍ന്നിരിക്കുന്നത്. അതേസമയം 2024 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലുള്ള ആറ് മാസക്കാലയളവില്‍ 12,534 വിദേശ പ്രൊഫഷണലുകള്‍ റെജിസ്റ്ററില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ അര്‍ദ്ധവര്‍ഷക്കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച ആറ് മാസക്കാലയളവിലാണ് ഏറ്റവും കുറവ് വിദേശ പ്രൊഫഷണലുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2021 മുതല്‍ 2024 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലായി റെജിസ്റ്റര്‍ ചെയ്യുന്ന വിദേശ പ്രൊഫഷണലുകളുടെ, തദ്ദേശീയരുമായുള്ള അനുപാതം 45.7 മുതല്‍ 50 ശതമാനം വരെയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 31.1 ശതമാനമായി കുറഞ്ഞു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളില്‍ വന്ന മാറ്റമാകാം ഇതിന് കാരണം എന്നാണ് കരുതുന്നത്. മാത്രമല്ല, എന്‍ എച്ച് എസ്സിന്റെ ദീര്‍ഘകാല വര്‍ക്ക്‌ഫോഴ്സ് പ്ലാനിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ തദ്ദേശീയരെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നുമുണ്ട്.
അതുകൂടാതെ, ഹെല്‍ത്ത് ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതു പോലെ ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ശമ്പളവും ജീവിത സൗകര്യങ്ങളും വാഗ്ദാനം നല്‍കുന്നതിനാല്‍ വിദേശ നഴ്സുമാര്‍ കൂടുതലായി ആ രാജ്യങ്ങളിലേക്ക് കുടിയേറാനാണ് താത്പര്യപ്പെടുന്നത് എന്നതും ഒരു വസ്തുതയാണ്. യുകെയിലേക്ക് ഏറ്റവും അധികം നഴ്സുമാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ്, നൈജീരിയ തുറ്റങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിയമനങ്ങള്‍കുറഞ്ഞെങ്കിലും, എന്‍ എം സിയുടെ റെജിസ്റ്റര്‍ ഇപ്പോഴും വംശീയ വൈവിധ്യം നിറഞ്ഞതു തന്നെയാണ്.
നിലവില്‍, വംശീയ ന്യൂൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്ന 2,86,058 നഴ്സുമാരാണ് എന്‍ എം സി റെജിസ്റ്ററില്‍ ഉള്ളത്. റെജിസ്റ്ററില്‍ ഉള്ളവരുടെ മൂന്നില്‍ ഒന്ന് (33.2 ശതമാനം) വരും ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഇതില്‍ 13.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് 0.7 ശതമാനം മാത്രമാണെന്നും കാണാം.
